IM Special

ജീവിതം . അര്‍പ്പിതമായ കര്‍മ്മങ്ങളുടെ സഫലീകൃതമാകണം

പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് , ചെയര്‍മാന്‍ , എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ

അര്‍ത്ഥത്തിലും വ്യാപ്തിയിലും അനശ്വരമാകുന്ന ഒരു ജീവിതത്തിന്റെ ഉടമയാണ് നമ്മെ വിട്ടു പിരിഞ്ഞ കെ.വി. റാബിയ. രാജ്യത്തിന്റെ പത്മശ്രീ പുരസ്‌ക്കാരം റാബിയെ തേടിയെത്തിയത് അഗ്‌നി ചിറകുകളായി അക്ഷരങ്ങളുടെ കൂടെ നടത്തിയ പ്രയാണത്തിനാണ്.

ശാരീരിക വൈകല്യങ്ങള്‍ മനസിനെ തളര്‍ത്തിയെങ്കിലും റാബിയ തന്റെ ജീവിതം സമൂഹത്തിന് നല്‍കാന്‍ തയ്യാറായി.
മുസ് ലീം സമുദായത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ക്ക് അധിഷ്ഠിതമായ ഇസ് ലാം അനുശാസിക്കുന്ന തത്വസംഹിതകളില്‍ ഏറെ പ്രാമുഖ്യം നല്‍കുന്ന അക്ഷരജ്ഞാനം പകര്‍ന്നു കൊടുക്കുക എന്ന മഹിമയാര്‍ന്ന ദൗത്യത്തിലേക്ക് ശ്രദ്ധ തിരിച്ചു.
സമ്പൂര്‍ണ്ണ സാക്ഷര കേരളത്തിന്റെ വിജയത്തിന് റാബിയ നല്‍കിയ നിസ്വാര്‍ത്ഥമായ സേവന സമര്‍പ്പണം ചരിത്രരേഖയാണ്.
വീല്‍ചെയറിലും പരസഹായത്തോടെ വാഹനങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിലും സഞ്ചരിച്ച് വയോജന
വിദ്യാഭ്യാസത്തിന്റെ നവോത്ഥാന പാത വെട്ടി തെളിച്ച റാബിയ ഒരിക്കലും നിരാശപ്പെട്ടില്ല.

പ്രവാസി സമൂഹത്തിന്റെ ഒട്ടേറെ ആദരവുകള്‍ക്ക് ആ മഹതി അര്‍ഹയായി. ഒരു പതിറ്റാണ്ടിന് മുമ്പ് കോഴിക്കോട്ടെ ഒരു വേദി ഞാനും റാബിയ എന്ന അക്ഷര ചക്രവര്‍ത്തിനിയുമായി പങ്കിട്ടു.
അന്നു , അവര്‍ സംസാരിച്ച ഒരു വാക്യം എന്റെ മനസില്‍ സ്ഥിര പ്രതിഷ്ഠയായിമാറി.
…. കാലം കടന്നുപോയി. ഞാനറിഞ്ഞില്ല. ഞാനറിഞ്ഞത് ശാരീരിക വെല്ലുവിളികളെ നേരിട്ട സന്ദര്‍ഭങ്ങളിലാണ്.
ആര് ആരെ സംരക്ഷിക്കുമെന്നതിന് നിര്‍വചനം ഞാന്‍ കണ്ടെത്തി.
മനസിന്റെ താപനില ക്രമപ്പെടുത്താന്‍ എനിക്കു കഴിഞ്ഞു.
ഇന്നു – ഇവിടെ ഞാന്‍ എത്തിയില്ലേ….?
വാക്കുകള്‍ ക്കൊണ്ടു ശ്വാസം മുട്ടിച്ച റാബിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഞാന്‍ ചിന്തകളുടെ
ആഴങ്ങളിലേക്ക് കടന്നുപോയി.
വിസ്മരിക്കാന്‍ കഴിയാത്ത റാബിയുടെ ചിന്താസരണികളും പ്രവര്‍ത്തന വൈഭവങ്ങളും സമൂഹത്തിന് ഏറെ ഗുണപ്രദമായിട്ടുണ്ട്.
അനുസ്യൂതം വൈജ്ഞാനിക അറിവ് അറിയാന്‍ വെമ്പല്‍ക്കൊണ്ടിരുന്ന റാബിയയെ പരിചയപ്പെട്ടവര്‍ക്കൊന്നും ആ ചിന്താശക്തിയെ മറക്കാന്‍ കഴിയില്ല.
നിതാന്തമായി നമുക്കു കാണാനും അനുഭവിക്കാനും സ്വീകരിക്കാനും റാബിയ ഒന്നു നല്‍കി..
മലയാളത്തിന്റെ സര്‍ഗ്ഗാത്മക നിറഞ്ഞ അക്ഷരശ്രീ .
സര്‍വ്വലോകത്തിനും
മാതൃകയാക്കിയ
സാക്ഷരതയുടെ മഹത്വം.
വയോജന വിദ്യാഭ്യാസത്തിന്റെ
പ്രഭാപ്രസൂനം
ധന്യാത്മാവിന്റെ പാവനസ്മരണയ്ക്ക് മുന്നില്‍ ബാഷ്പാജ്ഞലികള്‍ അര്‍പ്പിക്കട്ടെ!