ഏഷ്യന്‍ കപ്പിനായി ദോഹ മെട്രോയുടെ 110 ട്രെയിനുകളും സര്‍വീസ് നടത്തും
ദോഹ: 2024 ജനുവരി 12 മുതല്‍ ആരംഭിക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ഒരുങ്ങുമ്പോള്‍ ദോഹ മെട്രോയുടെ 110 ട്രെയിനുകളും സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. 110 ആധുനികവും സൗകര്യപ്രദവും സുരക്ഷിതവുമായ ദോഹ മെട്രോ ട്രെയിനുകളുടെ മുഴുവന്‍ ഫ്ളീറ്റിനെയും പൂര്‍ണ്ണമായും അണിനിരത്തും.
റെഡ് ലൈനില്‍ 6-കാരേജ് ട്രെയിനുകളാണ് വിന്യസിക്കുക, ഒരു ട്രെയിനിന് 1120 യാത്രക്കാര്‍ക്കുള്ള ശേഷി ഇരട്ടിയാക്കുക, മത്സര കാലയളവില്‍ മൂന്ന് ലൈനുകളിലും ട്രെയിനുകള്‍ക്കിടയിലുള്ള ഹെഡ്വേ 3 മിനിറ്റായി കുറയ്ക്കുക എന്നിവയും ഈ മൊബിലൈസേഷനില്‍ ഉള്‍പ്പെടും.
ടൂര്‍ണമെന്റ് കാലയളവില്‍ (ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ), ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകള്‍ സാധാരണ ടൈംടേബിള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും, വെള്ളിയാഴ്ച ഒഴികെ (മത്സരത്തിന്റെ ഉദ്ഘാടന ദിവസം ജനുവരി 12) ഉച്ചയ്ക്ക് 2 മണിക്ക് പകരം ഉച്ചയ്ക്ക് 12 മുതല്‍ സര്‍വീസ് നടത്തും. തുടര്‍ന്നുള്ള മത്സര ദിവസങ്ങളില്‍ വെള്ളിയാഴ്ച (ജനുവരി 19, ഫെബ്രുവരി 2) ഉച്ചയ്ക്ക് 2 മണിക്ക് പകരം രാവിലെ 10 മുതല്‍ സര്‍വീസ് നടത്തും.