ഖത്തര്‍ ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ഖത്തര്‍ ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ സമഗ്രമായ പ്രമേഹ പ്രതിരോധ പരിപാടിയുടെ ഭാഗമാണിത്.
ഖത്തര്‍ ഡയബറ്റിസ് പ്രിവന്‍ഷന്‍ പ്രോഗ്രാം, പ്രമേഹം തടയുന്നതിനായി ആവിഷ്‌ക്കരിച്ച മേഖലയിലെ ഏറ്റവും വലിയ, ഗവേഷണ-അടിസ്ഥാന പരിപാടിയാണ്. ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇടയില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് തടയാനോ കാലതാമസം വരുത്താനോ വേണ്ടി രൂപകല്‍പ്പന ചെയ്ത പൊതുമേഖലാ പങ്കാളിത്തമാണിത്. ഖത്തര്‍ റിസര്‍ച്ച് ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലും എച്ച്എംസിയുടെ അക്കാദമിക് ഹെല്‍ത്ത് സിസ്റ്റവും ചേര്‍ന്നാണ് ഈ അഞ്ച് വര്‍ഷത്തെ പ്രോഗ്രാമിന് ധനസഹായം നല്‍കിയിരിക്കുന്നത്.
ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഖത്തര്‍ കംപ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍ എന്നിവ വഴി പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ സര്‍വകലാശാല, വെയില്‍ കോര്‍ണല്‍ മെഡിസിന്‍ – ഖത്തര്‍, ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാല എന്നിവയും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.