പാചകവും കൃഷിയും പാഷനായി ഒരു ഫാര്‍മസിസ്റ്റ്
അമാനുല്ല വടക്കാങ്ങര
പാചകവും കൃഷിയും യാത്രയും സാമൂഹ്യ പ്രവര്‍ത്തനവും സംരംഭകത്വവുമൊക്കെ പാഷനായി കൊണ്ടുനടക്കുന്ന ഒരു ഫാര്‍മസിസ്റ്റ്.ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായ ഷഹാന ഇല്യാസ് എന്ന മലയാളി താരത്തെ ഒറ്റവാചകത്തില്‍ ഇങ്ങനെ പരിചയപ്പെടുത്താം. ഇടുക്കി ജില്ലയില്‍ തൊടുപുഴക്കടുത്ത് അടിമാലി സ്വദേശിനിയായ ഇവര്‍ മലബാറിന്റെ മരുമകളായി കോഴിക്കോട്ടെത്തുകയും ഗള്‍ഫിലെ ശ്രദ്ധേയ കൂട്ടായ്മയായ മലബാര്‍ അടുക്കള എന്ന പാചക ഗ്രൂപ്പിന്റെ അഡ്മിന്‍ സ്ഥാനത്ത് എത്തുകയും ചെയ്തത് പാചക കലയിലും ബേക്കിംഗ് രംഗത്തുമുള്ള അവരുടെ അടങ്ങാത്ത അഭിനിവേശം കൊണ്ടാണ്.
അടിമാലിയില്‍ ബിസിനസുകാരനായ ഇല്യാസിന്റേയും ഹാജറയുടേയും സീമന്ത പുത്രിയായാണ് ഷഹാന ജനിച്ചത്. കുടുംബത്തിലെ പാചകറാണിയായിരുന്ന ഉമ്മച്ചിയില്‍ നിന്ന് തന്നെയാണ് പാചക വിദ്യകള്‍ പഠിച്ചത്. വൈകുന്നേരങ്ങളിലും വിശേഷാവസരങ്ങളിലുമൊക്കെ പല തരത്തിലുമുള്ള വിഭവങ്ങളും ഉമ്മച്ചി ഉണ്ടാക്കുമായിരുന്നു. അവയൊക്കെ ഭക്ഷിക്കുന്നതോടൊപ്പം അവ ഉണ്ടാക്കുന്നതിനെകുറിച്ചും ഈ കൊച്ചുമിടുക്കി ശ്രദ്ധിച്ചു.
മരുന്നുകളുടെ ലോകം ഷഹാനക്ക് എന്നും കൗതുകമുള്ളതായിരുന്നു. അതുകൊണ്ട് തന്നെ പ്രൊഫഷന്‍ മെഡിക്കല്‍ ഫീല്‍ഡാക്കണമെന്ന് ചെറുപ്പത്തിലേ തീരുമാനിച്ചുറച്ചിരുന്നു. അങ്ങനെയാണ് കോട്ടം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ ബിഫാമിന് ചേര്‍ന്നത്. പഠനം പൂര്‍ത്തിയാക്കി പ്രിയതമനോടൊപ്പം ഗള്‍ഫിലെത്തിയ ഷഹാന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തുകയായിരുന്നു. നിലവില്‍ ഐ.വൈ.സി ഇന്റര്‍നാഷണല്‍ ഖത്തര്‍ ചാപ്റ്ററിന്റെ ചെയര്‍ പേഴ്‌സണും, ചാലിയാര്‍ ദോഹ വനിതാ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയും, ഖത്തര്‍ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് ഫോറത്തിന്റെ വൈസ് പ്രസിഡന്റുമാണ്.
ഷഹനയെ വിവാഹം ചെയ്തിരിക്കുന്നത് കോഴിക്കോട് ചെറുവാടി സ്വദേശി ആയ അബ്ദുല്‍ അസീസ് പുറയില്‍ ആണ്. ഖത്തറിലെ സാമൂഹിക മേഖലളില്‍ സജീവ സാന്നിധ്യം ആണ് ഈ ദമ്പതികള്‍.വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം പ്രവാസ ജീവിതം തുടങ്ങിയപ്പോഴാണ് പാചകത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയത്. ഒഴിവ് സമയങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങി.
പരീക്ഷണങ്ങള്‍ വിജയിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പരമ്പരാഗത കേരള, മലബാര്‍ വിഭവങ്ങളോടൊപ്പം, വിദേശ രുചികളും തന്റെ അടുക്കളയില്‍ വിജയകരമായി ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ പാചകം ശരിക്കും ആസ്വദിക്കാന്‍ തുടങ്ങി.
പാചകത്തില്‍ മിടുക്കി ആയിരുന്ന ഉമ്മച്ചി ആയിരുന്നു ഇതിനുള്ള പ്രചോദനം എന്ന് ഷഹാന പറയുന്നു..’മുമ്പൊക്കെ മാഗസിനുകളി ലും, പത്ര താളുകലിളും ഒക്കെ കാണുന്ന പുതിയ പുതിയ റെസിപി കള്‍ എല്ലാം പരീക്ഷിക്കുന്ന ആള് ആയിരുന്നു ഉമ്മച്ചി. ബേക്കറികളില്‍ നിന്ന് പലഹാരങ്ങള്‍ വാങ്ങാതെ പലതരം വിഭവങ്ങളും സ്വന്തമായി ഉണ്ടാക്കി സൂക്ഷിക്കുമായിരുന്നു. കേക്കുകള്‍ അത്രക്ക് പരിചിതം ആവുന്ന സമയത്തിന് മുന്നേ പല രീതികളില്‍ കേക്കുകള്‍ ഉണ്ടാക്കി വിജയിപ്പിചിട്ടുണ്ട് ഉമ്മച്ചി’..
ഉമ്മച്ചിയില്‍ നിന്ന് തന്നെയാണ് ബേക്കിങ്ങിനോട് ഉള്ള ഇഷ്ടം കിട്ടിയത്. 10 വര്‍ഷത്തോളമായി വ്യത്യസ്തവും മനോഹരവുമായ കേക്കുകള്‍ തയാറാക്കുന്ന ഷഹാന 15 കിലോ തൂക്കം വരെയുള്ള ജയന്റ് കേക്കുകള്‍ വരെ വിവിധ പ്രോഗാമുകള്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ട്.
പാചകത്തോടുള്ള ഇഷ്ടം തന്നെയാണ് ഷഹാനയെ മലബാര്‍ അടുക്കള ഗ്രൂപ്പിലേക്ക് അടുപ്പിച്ചത്. ഷഹാനയുടെ നേതൃത്വത്തില്‍ ഖത്തറില്‍ മലബാര്‍ അടുക്കള ടീം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പാചക മത്സരങ്ങളും, ഫുഡ് ഫെസ്റ്റിവലുകളും തുടങ്ങി, സ്റ്റേജ് ഷോകള്‍ വരെ വിജയകരമായി നടത്താന്‍ മലബാര്‍ അടുക്കയുടെ ഖത്തര്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇ്‌ന് ഖത്തറിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ നിറഞ്ഞ സാന്നിധ്യമാണ് മലബാര്‍ അടുക്കള.
ഷഹാനയുടെ നേതൃത്വത്തില്‍ ബേക്കിംഗ് ക്ലാസുകളും ഖത്തര്‍ മലബാര്‍ അടുക്കള സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാരായ നാനൂറില്‍ പരം ആളുകള്‍ക്ക് ഇവരുടെ ക്ലാസുകളില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രശസ്ത വനിതാ മാഗസിനുകള്‍ക്ക് വേണ്ടിയും, പാചക മാഗസിനുകള്‍ക്ക് വേണ്ടിയും, ദിനപത്രങ്ങള്‍ക്ക് വേണ്ടിയും പാചക കുറിപ്പുകള്‍ ചെയ്യാന്‍ ഷഹാനക്ക് അവസരം ലഭിച്ചിട്ടുണ്ട്. വിവിധ ചാനലുകളില്‍ കുക്കറി ഷോകളും ചെയ്തിട്ടുണ്ട്. ഖത്തറില്‍ നടക്കുന്ന മിക്ക പാചക മത്സരങ്ങളുടെ യും, ബേക്കിംഗ് മത്സരങ്ങളുടെയും ഒരു സ്ഥിരം വിധികര്‍ത്താവായ ഷഹാന മലബാര്‍ അടുക്കള പുറത്തിറക്കുന്ന മാഗസിന്റെ എഡിറ്റര്‍ കൂടിയാണ്
പാചകവും ബേക്കിംഗും കഴിഞ്ഞാല്‍ കൃഷി ആണ് ഷഹാനയുടെ ഇഷ്ട മേഖല. പൂക്കളോടും പച്ചപ്പിനോടും അടങ്ങാത്ത ആവേശമാണ് ഷഹാനക്ക് . അതുകൊണ്ട് തന്നെ പ്രവാസ ലോകത്ത് പച്ചപ്പും പൂക്കളുടെ പരിമളവും പരത്തുവാനാണ് ഷഹാന പരിശ്രമിക്കുന്നത്. ഖത്തറിലെ ഇവരുടെ വീട്ടു മുറ്റത്ത് പൂച്ചെടികളും, പച്ചക്കറികളും ഹരിതാഭ തീര്‍ക്കുന്നു. പലയിനം നാടന്‍ പച്ചക്കറികള്‍ കൂടാതെ, ശൈത്യ കാല പച്ചക്കറി കളും, ശമ്മാം, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങളും ഷഹാന കൃഷി ചെയ്യുന്നുണ്ട്. ഇരുപതിലേറെ വിവിധ ഇനം തക്കാളികളാണ് ഇവരുടെ അടുക്കള തോട്ടത്തിലെ മുഖ്യ ആകര്‍ഷണം. മികച്ച കര്‍ഷകക്ക് ഖത്തറിലെ പല സംഘടനകളും ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഇവരെ തേടി എത്തിയിട്ടുണ്ട്.
ഫുഡ് ഫോട്ടോഗ്രാഫിയാണ് ആണ് മറ്റൊരു ഇഷ്ട മേഖല. സ്വന്തം പാചക കുറിപ്പുകളും, ഫോട്ടോകളും ആയി mytastediary.com എന്ന പേരില്‍ സ്വന്തമായി ഒരു പാചകവെബ് സൈറ്റ് ഷഹാനക്കുണ്ട് .
ഭര്‍ത്താവിനും, സഹോദരനും ഒപ്പം ചാര്‍ലറ്റ് ബേക്കിംഗ് സൊല്യൂഷന്‍സ് എന്ന പേരില്‍ ബേക്കിങ്ങിന് ആവശ്യമായ ചേരുവകളും, ഉപകരണങ്ങളും, മറ്റുമായി ഖത്തറില്‍ ഒരു ഷോപ്പ് തുടങ്ങിയാണ് ഷഹാന സംരംഭകത്വ മേഖലയിലെ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയത്. താമസിയാതെ തന്നെ സ്വന്തമായി ഒരു ഫാര്‍മസി ആരംഭിക്കാനൊരുങ്ങുകയാണ് ഷഹാന.
ഷഹാന, അബ്ദുല്‍ അസീസ് ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് . പത്താം ക്ലാസുകാരി ഇസ്സ സഫ്രീനും, ഏഴാം ക്ലാസുകാരന്‍ ഖലഫ് സമാനും, നാലാം ക്ലാസുകാരന്‍ മിഷാല്‍ റമദാനും. ഇസ്സയും പാചക രംഗത്ത് വരവ് അറിയിച്ചിട്ടുണ്ട്. അഞ്ചാം വയസ്സ് മുതല്‍ സ്വന്തം പേജിലും, യൂട്യൂബിലും പാചക വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയ ഇസ്സക്ക് ടിവി ചാനലിലും അവസരം ലഭിച്ചിട്ടുണ്ട്.
യാത്രകളാണ് ഈ കുടുംബത്തിന്റെ മറ്റൊരു പാഷന്‍..യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഈ കുടുംബം ഇതിനകം പതിനഞ്ചോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു.
യാത്രകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളെ സംഘടിപ്പിച്ച് ഷഹാന രൂപീകരിച്ച ഫ്‌ളൈയിങ്ങ് ഫെതേഴ്‌സ് എന്ന വനിതാ കൂട്ടായ്മ ഇന്ന് ഖത്തറിലെ ചര്‍ച്ചാവിഷയമാണ് . ഇവരുടെ നേതൃത്വത്തില്‍ അടുത്തിടെ ഖത്തറില്‍ നിന്ന് 24 സ്ത്രീകള്‍ മാത്രമായി നടത്തിയ തുര്‍ക്കി യാത്ര അവിസ്മരണീയമായിരുന്നു. സ്ത്രീകള്‍ മാത്രമായി യാത്ര പോകാന്‍ ആഗ്രഹിച്ച് ഒരുപാട് പേര് അന്വേഷിച്ച് വരുന്നത് കൊണ്ട് തന്നെ ധാരാളം ലേഡീസ് ഓണ്‍ലി യാത്രകളുമായി വരും മാസങ്ങളില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് ഫ്‌ളൈയിങ് ഫെതെഴ്‌സ് ടീം.
ജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവും അടയാളപ്പെടുത്തി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമായി പ്രവാസ ലോകത്ത് ചരിത്രം രചിക്കുന്ന ഇത്തരം കുടുംബങ്ങളില്‍ നിന്നും സമൂഹത്തിന് പലതും പഠിക്കാനും പകര്‍ത്താനുമുണ്ട്.