Uncategorized

ഫോക്കസ് ഓണ്‍ ലീഡ്, നേതൃസംഗമം ശ്രദ്ധേയമായി

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച ഫോക്കസ് ഓണ്‍ ലീഡ്, ലീഡര്‍ഷിപ്പ് വര്‍ക്ക് ഷോപ്പ് നേതൃ പങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ സെഷനുകള്‍ കൊണ്ടും ശ്രദ്ധേയമായി. സല്‍വാ റോഡിലെ സൈത്തൂന്‍ റെസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടി ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി ഫ്) പ്രസിഡണ്ടുമായ ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ യുവാക്കളുടെ ഇടപെടല്‍ നിര്‍ണായകമാണ് എന്ന് അദ്ദേഹം ഓര്‍മ്മിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി യുവതലമുറയെ മുന്നിട്ടിറക്കുന്നതില്‍ സംഘടനാ നേതാക്കള്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ലീഡിങ് വിത്ത് എ പര്‍പ്പസ്” എന്ന വിഷയത്തില്‍ കെയര്‍ ആന്റ് ക്യുവര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എച്ച് ആര്‍ മാനേജര്‍ ഫൈസല്‍ അബൂബക്കര്‍ ക്ലാസെടുത്തു. നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍ ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചു. ഒരു നല്ല നേതാവ് എപ്പോഴും തന്റെ വ്യക്തിത്വ വികാസത്തെ കുറിച്ചും അത് തന്റെ കൂടെ ഉള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നും വിലയിരുത്തി കൊണ്ടേയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഒരു യഥാര്‍ത്ഥ നേതാവ് ആട്ടിടയനെ പോലെ ആയിരിക്കണം, മുന്നില്‍ നിന്ന് നയിക്കുന്നതിനേക്കാള്‍ പിന്നില്‍ നടന്ന് വഴിതെളിക്കുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം ഉണര്‍ത്തി.

ഉരീദൂ വര്‍ക് ഫോഴ്‌സ് പ്ലാനിംഗ് സ്‌പെഷ്യലിസ്റ്റും മുന്‍ ഫോക്കസ് സി ഇ ഒ കൂടിയായിരുന്ന അഷ്ഹദ് ഫൈസി ”ടീം സിനെര്‍ജി” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഒരു നല്ല ടീം ഉണ്ടാകുവാന്‍ ഏറ്റവും അനിവാര്യം അതിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. മനസ്സു തുറന്ന സംസാരവും, പരസ്പര സ്‌നേഹവും സുഹൃദ് ബന്ധങ്ങളിലെ അനിവാര്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. സംസാരങ്ങള്‍ക്കിടയില്‍ നാം പങ്കു വെക്കുന്ന നിസ്സാര വിഷയങ്ങള്‍ പോലും വ്യക്തിബന്ധങ്ങള്‍ വളരാന്‍ വലിയ സഹായമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേതാവ്, നേതൃത്വം, ഇസ് ലാമിക കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ ഫോക്കസ് മുന്‍ അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ദീഖ് സംസാരിച്ചു. തനിക്കു ശേഷം മിടുക്കരായ പുതിയ നേതാക്കളെ വാര്‍ത്തെടുക്കുന്നവരാണ് യഥാര്‍ത്ഥ നേതൃത്വം. ചരിത്രത്തിലെ പാഠങ്ങളിലും സമകാലിക വിഷയങ്ങളിലും ആധുനിക കാലത്തെ നേതൃത്വം എന്നും അപ്‌ഡേറ്റഡ് ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ ഫോക്കസ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള റിയാദ പ്രിവിലേജ് കാര്‍ഡ് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ പ്രകാശനം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും റിയാദ മെഡിക്കല്‍ സെന്ററിന്റെ ഹെല്‍ത്ത് കിറ്റ് ഉപഹാരമായി നല്‍കുകയും ചെയ്തു.

ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ ഡെപ്യൂട്ടി സി ഇ ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ച പരിപാടിയില്‍ സി ഒ ഒ അമീര്‍ ഷാജി, ഫാഇസ് എളയോടന്‍, ഫസലുര്‍റഹ്‌മാന്‍ മദനി എന്നിവര്‍ സംസാരിച്ചു. അഡ്മിന്‍ മാനേജര്‍ ഡോ റസീല്‍ മൊയ്ദീന്‍, സെക്രട്ടേറിയേറ്റ് അംഗങ്ങളായ മൊയ്ദീന്‍ ഷാ, ആഷിഖ് ബേപ്പൂര്‍, അമീനുര്‍റഹ്‌മാന്‍ എ എസ്, ഹാഫിസ് ഷബീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!