കള്‍ച്ചറല്‍ ഫോറം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
ദോഹ. ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറം ജില്ലാക്കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടു പോകാന്‍ സാധിക്കുന്നത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളാണെന്ന് വിവിധ പരിപാടികളില്‍ സംബന്ധിച്ച പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങളെ ഒറ്റപ്പെടുത്തി രാജ്യത്തിന് മുന്നോട്ട് പോകാന്‍ സാധ്യമല്ല എന്നും അത്തരം ശ്രമങ്ങളെ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിരോധിക്കണമെന്നും പ്രഭാഷകര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
തൃശൂര്‍ ജില്ലാകമ്മറ്റി പ്രതീക്ഷയോടെ ഇന്ത്യ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ പ്രസിഡണ്ട് താജുദീന്‍, ഇന്‍കാസ് തൃശൂര്‍ ജനറല്‍ സെക്രട്ടറി ഉല്ലാസ് വേലു, ഉദയം പഠന വേദി പ്രസിഡന്റ് അബ്ദുല്‍ അസീസ് മഞ്ഞിയില്‍, ടി.ഡി.ഐ.എ പ്രസിഡന്റ് മുഹമ്മദ് റഷീദ്, കള്‍ച്ചറല്‍ ഫോറം ജില്ലാ സെക്രട്ടറി സിമി അക്ബര്‍, ജില്ലാക്കമറ്റിയംഗം നിഹാസ് എറിയാട് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ വാഹദ് അദ്ധ്യക്ഷതയും സെക്രട്ടറി സലീം എന്‍.പി സ്വാഗത ഭാഷണവും നിര്‍വഹിച്ചു. ലതീഫ് ഗുരുവായൂരിന്റെ മോണോലോഗ്, മെഹ്ദിയ മന്‍സൂര്‍, ബഷീര്‍ പി.ബി എന്നിവരുടെ ഗാനങ്ങളും അരങ്ങേറി.
മലപ്പുറം ജില്ലാകമ്മറ്റി റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും വെല്‍നസ്സ് ഹാര്‍മണി മീറ്റും കള്‍ച്ചറല്‍ഫോറം പ്രസിഡന്റ് ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് അമീന്‍ അന്നാര പരിപാടി നിയന്ത്രിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദലി, സംസ്ഥാന സെക്രട്ടറി ശറഫുദ്ധീന്‍, സംസ്ഥാന സമിതിയംഗം മുനീഷ് എ.സി, കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ഷമീര്‍ വി കെ, വൈസ് പ്രസിഡന്റുമാരായ ഷാനവാസ് വേങ്ങര, സൈഫുദ്ധീന്‍ വളാഞ്ചേരി, അഹമ്മദ് കബീര്‍, സെക്രട്ടറിമാരായ ഇസ്മായില്‍ വെങ്ങശ്ശേരി, ഫഹദ് മലപ്പുറം, ഇസ്മായില്‍ പൊന്മുണ്ടം, ട്രഷറര്‍ അസ്ഹറലി പി തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഫിറ്റ്‌നസ്സ് ട്രൈനിംഗ് സെഷനും നടന്നു.
കോഴിക്കോട് ജില്ലാകമ്മറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന വനിതാ സംഗമം കള്‍ച്ചറല്‍ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ല നജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ ലത കൃഷ്ണ, സക്കീന അബ്ദുല്ല, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഫൗസിയ ജൗഹര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിന പ്രതിജ്ഞ പുതുക്കല്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് മൗന പ്രാര്‍ത്ഥന, ദേശ ഭക്തിഗാനം തുടങ്ങിയവ അരങ്ങേറി.
എറണാകുളം ജില്ലാകമ്മറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും ചര്‍ച്ചാ സദസ്സും കൊച്ചിന്‍ അക്കാദമി ഡയറക്ടര്‍ ഷറഫുദ്ദീന്‍ എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം ഫൈസല്‍ ടി.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ശറഫുദ്ധീന്‍ എം.എസ് അദ്ധ്യക്ഷത വഹിച്ചു. ഫൈസല്‍ ടി.എ, ശുഐബ് കൊച്ചി, ഉവൈസ് ആലുവ, ലത്തീഫ് കൊച്ചി, മുഹ്‌സിന ജാസിദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വൈസ് പ്രസിഡണ്ട് സലീം എടനക്കാട് സ്വാഗതവും ശുഐബ് ചുള്ളിക്കല്‍ സമാപന പ്രസംഗവും നടത്തി.
പാലക്കാട് ജില്ലാകമ്മറ്റി ‘വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടില്‍ ഐ.സി.സി യില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സദസ്സില്‍ ജില്ലാ പ്രസിഡന്റ് മുഹ്‌സിന്‍ വി.കെ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഷാജുദ്ധീന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ലബീബ എ റഹീം ഭരണ ഘടനാ ആമുഖം വായിക്കുകയും സദസ്സ് പ്രതിജ്ഞ പുതുക്കുകയും ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അബൂസ് പട്ടാമ്പി സ്വാഗതവും ജില്ലാ കമ്മറ്റി അംഗം യാസര്‍ അറഫാത്ത് സമാപനവും നിര്‍വഹിച്ചു.