വിസിറ്റ് ഖത്തറും ഖത്തര്‍ എയര്‍വേയ്സും ഖത്തറിനെ ഒരു മികച്ച ടൂറിസം ഡെസ്റ്റിനേഷനായി പ്രോത്സാഹിപ്പിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: വിസിറ്റ് ഖത്തറും ഖത്തര്‍ എയര്‍വേയ്സും ഖത്തറിനെ ഒരു മികച്ച ടൂറിസം ഡെസ്റ്റിനേഷനായി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വിസിറ്റ് ഖത്തറും ഖത്തര്‍ എയര്‍വേയ്സും ചേര്‍ന്ന് ദോഹയില്‍ ആകര്‍ഷകമായ സ്റ്റോപ്പ് ഓവര്‍ ഫ്ളൈറ്റ് പാക്കേജുകള്‍ ആരംഭിച്ചതായി അറിയിച്ചു. ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി അല്‍ ഖര്‍ജി, ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ എന്‍ജിനിയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ എന്നിവര്‍ ദോഹയിലെ മുഷൈറബ് ഡൗണ്‍ടൗണില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറിനെ ഒരു പ്രധാന യാത്രാ കേന്ദ്രമായി ഉയര്‍ത്തുന്നതിലും അതിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിലും വിസിറ്റ് ഖത്തര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളുടെ വളര്‍ച്ച ഉറപ്പാക്കുന്നതിന് പങ്കാളിത്തം സുഗമമാക്കുന്നതിനും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സജീവമായി സഹകരിക്കുന്നു. ഖത്തര്‍ ദേശീയ ദര്‍ശനം 2030-നൊപ്പം, വിസിറ്റ് ഖത്തര്‍ രാജ്യത്തിന്റെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
ഖത്തര്‍ ടൂറിസവും ഖത്തര്‍ എയര്‍വേയ്സും തമ്മിലുള്ള സഹകരണത്തിന്റെ തുടര്‍ച്ചയുടെ ആവിഷ്‌കാരമാണ് ‘സ്റ്റോപ്പ് ഓവര്‍ ഇന്‍ ഖത്തര്‍’ ഓഫര്‍. യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രാ മധ്യേ ഖത്തര്‍ സന്ദര്‍ശിക്കാനവസരമൊരുക്കുന്ന സവിശേഷമായ പാക്കേജാണിത്.
ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ 177-ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നു. 2022-നെ അപേക്ഷിച്ച് 2023-ല്‍ ഖത്തറിലെ യാത്രക്കാരുടെ എണ്ണവും സ്റ്റോപ്പ് ഓവറുകള്‍ക്കുള്ള ഹോട്ടല്‍ റൂം നൈറ്റ്സും ഇരട്ടിയായി വര്‍ധിച്ചതായി അധികൃതര്‍ വ്യ്ക്തമാക്കി.
2024 ജനുവരിയില്‍, 700,000 സന്ദര്‍ശകരുമായി മറ്റൊരു ശ്രദ്ധേയമായ നേട്ടമാണ് ഖത്തര്‍ അടയാളപ്പെടുത്തിയത്. 2030 ഓടെ ആറ് ദശലക്ഷം വാര്‍ഷിക സന്ദര്‍ശകരെ സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം മുന്നേറുന്നത്.