Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഏഷ്യന്‍ ടൗണില്‍ നടന്ന ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലര്‍ ക്യാമ്പിന് മികച്ച പ്രതികരണം


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി ( ഐ.സി.ബി.എഫ്) സഹകരിച്ച്, ഫെബ്രുവരി 9 വെള്ളിയാഴ്ച ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിച്ചു. നേരത്തെ രാവിലെ 9 മണി മുതല്‍ 11 വരെ തീരുമാനിച്ചിരുന്ന ക്യാമ്പില്‍ അത്യഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഏതാണ്ട് 224 ഓളം പേര്‍ വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.

ക്യാമ്പ് ഔദ്യോഗികമായി രാവിലെ 9 മണിക്കാണ് ആരംഭിച്ചതെങ്കിലും, അതിരാവിലെ മുതല്‍ തുടങ്ങിയ തിരക്ക് കണക്കിലെടുത്ത് രാവിലെ 7.30 ന് തന്നെ, ഐ.സി. ബി.എഫ് സ്റ്റാഫും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, കമ്യൂണിറ്റി വോളണ്ടിയേഴ്‌സും അടങ്ങുന്ന ടീം സജ്ജരായിരുന്നു. ഇത് തിരക്ക് ഏറെക്കുറെ പരിധിയിലാക്കാന്‍ സഹായിച്ചു. അവസാനം, തീരുമാനിച്ച 11 മണിക്കപ്പുറം, ഏതാണ്ട് ഉച്ചകഴിഞ്ഞ് 1.30 വരെ ക്യാമ്പ് നീണ്ടപ്പോള്‍ അവസാനത്തെ അപേക്ഷകന് വരെ ആവശ്യമായ സഹായവും മാര്‍ഗനിര്‍ദേശവും ലഭിച്ചുവെന്ന് ഉറപ്പാക്കിയിട്ടാണ്, എംബസ്സി ഉദ്യോഗസ്ഥരും, ഐ.സി. ബി.എഫ് ടീമും ക്യാമ്പ് അവസാനിപ്പിച്ചത്.

നവജാതശിശുക്കള്‍ക്കുള്ള പുതിയ പാസ്പോര്‍ട്ടുകള്‍, നിലവിലെ പാസ്പോര്‍ട്ട് പുതുക്കല്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പി.സി.സി), സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായിരുന്നു. ഏഷ്യന്‍ ടൗണ്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകള്‍ക്കും, ജോലി സമയത്തിലെയും, ഗതാഗത സൗകര്യങ്ങളുടെയും പരിമിതികള്‍ കൊണ്ടും, പ്രവൃത്തി ദിവസങ്ങളില്‍ ദോഹയിലെത്തി എംബസ്സി സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് , വെള്ളിയാഴ്ച ദിവസം നടന്ന ഈ ക്യാമ്പ് വളരെ സഹായകരമായി.

ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, ശങ്കര്‍ ഗൗഡ്, ഉപദേശക സമിതി അംഗം ശശിധര്‍ ഹെബ്ബാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഐ.സി. ബി.എഫ് ടീം ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കി.
അതോടൊപ്പം, ഐ.സി.ബി.എഫ് ജീവനക്കാരും, കമ്മ്യൂണിറ്റി വോളണ്ടിയേഴ്‌സും, ഇമാറ ഹെല്‍ത്ത് കെയര്‍ ജീവനക്കാരും രംഗത്തുണ്ടായിരുന്നു.
കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് പുറമേ, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.

പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ, ഇതേ സ്ഥലത്തു വെച്ച് വിതരണം ചെയ്യുന്നതാണ്. ഒറിജിനല്‍ റെസീപ്റ്റുമായി വന്ന് കൈപ്പറ്റാവുന്നതാണെന്ന് ഐ.സി.ബി. എഫ് അധികൃതര്‍ അറിയിച്ചു. അന്ന് വരാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഐ.സി. ബി.എഫ് ഓഫീസില്‍ ലഭ്യമായിരിക്കും.

Related Articles

Back to top button