ആര്‍ദ്രതയും അനുകമ്പയുമാണ് മലപ്പുറം പെരുമ
അമാനുല്ല വടക്കാങ്ങര
ദോഹ. സ്‌നഹവും സഹവര്‍തിത്വവും ഉദ്‌ഘോഷിക്കുന്ന മലപ്പുറം ആര്‍ദ്രതയും അനുകമ്പയും കൈമുതലാക്കിയാണ് ലോകത്ത് മാതൃക സൃഷ്ടിക്കുന്നതെന്നും ഈ വിശാലമായ സ്‌നേഹ സൗഹൃദം തന്നെയാണ് മലപ്പുറം പെരുമയെന്നും പ്രമുഖ പാര്‍ലമെന്റേറിയന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. റീജന്‍സി ഹാളില്‍ ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച മലപ്പുറം പെരുമ സീസണ്‍ 5 ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര രംഗത്തും ദേശീയ പ്രസ്ഥാനത്തിലുമൊക്കെ മലപ്പുറത്തിന്റെ പങ്കാളിത്തം അനിഷേധ്യമാണ്. മാനവികതയുടേയും സഹവര്‍തിത്വത്തിന്റേയും ഉജ്വല മാതൃകകളാണ് മലപ്പുറം കാഴ്ചവെച്ചത്. സഹജീവി സ്‌നേഹത്തിന്റേയും പാരസ്പര്യത്തിന്റേയും തിളങ്ങുന്ന അധ്യായങ്ങളാണ് മലപ്പുറത്തിന് പറയാനുള്ളത്. ഈ സ്‌നേഹാന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കാതിരിക്കുകയെന്നതാണ് കാലത്തിന് നിറവേറ്റാനുള്ള നിയോഗമെന്ന് അദ്ദേഹം പറഞ്ഞു.