കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വന്യ ജീവി ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുന്നത് – ഹൈദര്‍ ചുങ്കത്തറ
ദോഹ. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വന്യ ജീവി ആക്രമണത്തില്‍ ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഒമ്പത് പേരാണ് കാട്ടാനയുടെ ചവിട്ടേറ്റും കാട്ടു പോത്തിന്റെ കുത്തേറ്റും കൊല്ലപ്പെട്ടത്.
വന്യ ജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും സംസ്ഥാന വനം വകുപ്പ് നിഷ്‌ക്രിയമായിരിക്കുകയാണെന്നും ഹൈദര്‍ ചുങ്കത്തറ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് ഇതിനെതിരെ പ്രതിഷേധിച്ച മുവാറ്റു പുഴ എം എല്‍ എ മാത്യൂ കുഴല്‍ നാടനെയും എറാണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ ഇന്‍കാസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികള്‍ക്ക് സിപിഎം രാഷ്ടീയ സംരക്ഷണം നല്‍കരുതെന്നും കേരളത്തിലെ ജനങ്ങളുടെ സമാധാനപരമായ ജീവിതം കേരള സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും ഹൈദര്‍ ചുങ്കത്തറ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.