രക്തദാനത്തിനും അവയവദാനത്തിനുമായി എച്ച്എംസി റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു
ദോഹ: അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) തുടര്‍ച്ചയായ 11-ാം വര്‍ഷവും സന്നദ്ധ രക്തദാനത്തിനും അവയവദാനത്തിനുമായി റമദാന്‍ ഫീല്‍ഡ് കാമ്പയിന്‍ ആരംഭിച്ചു. ഇത് ഏപ്രില്‍ 9 വരെ തുടരും.
രക്ത ദാനത്തിന്റെയും അവയവദാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും മെഡിക്കല്‍ മേഖലയ്ക്കും രോഗികള്‍ക്കും ഈ സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷ ന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളില്‍ നിന്നും മാനുഷികവും സാമൂഹികവുമായ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ അതിന്റെ സുസ്ഥിരമായ നേതൃത്വപരമായ പങ്കില്‍ നിന്നും ഉടലെടുത്ത ദേശീയ കടമയാണ് ഈ കാമ്പയിന്‍ പ്രതിനിധീകരിക്കുന്നതെന്ന് ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി ഊന്നിപ്പറഞ്ഞു.
2013 മുതല്‍ ഇതുവരെ ആരംഭിച്ച രക്ത-അവയവ ദാന കാമ്പെയ്‌ന്റെ തുടര്‍ച്ച അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷനും എച്ച്എംസിയും തമ്മിലുള്ള വിശിഷ്ട പങ്കാളിത്തത്തിലൂടെയുള്ള കാമ്പെയ്‌ന്റെ വിജയത്തിന്റെ വ്യക്തമായ തെളിവാണെന്ന് അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷന്റെ ജനറല്‍ മാനേജര്‍ അബ്ദുല്‍ ലത്തീഫ് അല്‍ യാഫി പറഞ്ഞു.