പെരുന്നാള്‍ തിരക്ക്, യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ഈദുല്‍ ഫിത്വര്‍ അവധിക്ക് നിരവധി പേര്‍ യാത്രക്കൊരുങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവം നല്‍കാന്‍ നിര്‍ദേശങ്ങളുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ രംഗത്ത്.
എയര്‍പോര്‍ട്ടിലെ തിരക്ക് ലഘൂകരിക്കുന്നതിനും സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനും സാധ്യമാകുന്ന യാത്രക്കാരെല്ലാം ഓണ്‍ലൈനില്‍ ചെക്ക്-ഇന്‍ ചെയ്യാനും അവരുടെ ഫ്‌ലൈറ്റിന് 3 മണിക്കൂര്‍ മുമ്പ് എത്തിച്ചേരാനും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
വിമാനത്താവളത്തിന്റെ സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, ബാഗ്-ഡ്രോപ്പ് സൗകര്യങ്ങളും ലഭ്യമാണ്. ഇത് കൗണ്ടറുകളില്‍ കാത്തുനില്‍ക്കാതെ യാത്രക്കാരെ ചെക്ക്-ഇന്‍ ചെയ്യാനും ബോര്‍ഡിംഗ് പാസുകള്‍ പ്രിന്റ് ചെയ്യാനും ബാഗ് ടാഗുകള്‍ ചെയ്യാനും സഹായിക്കും. ബാഗുകള്‍ ടാഗ് ചെയ്ത് ബാഗ് ഡ്രോപ്പ് കൗണ്ടറുകളില്‍ നല്‍കാം.
18 വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നില്ലെങ്കില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇമിഗ്രേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ ഇ-ഗേറ്റുകള്‍ ഉപയോഗിക്കാനാകും.
പുറപ്പെടുന്നതിന് അറുപത് മിനിറ്റ് മുമ്പ് ചെക്ക്-ഇന്‍ അവസാനിക്കുമെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.
ലഗേജ് അലവന്‍സും ഭാര നിയന്ത്രണങ്ങളും എയര്‍ലൈനുകള്‍ കര്‍ശനമായി പ്രയോഗിക്കും. അതിനാല്‍ അനുവദിച്ചതിലും കൂടുതല്‍ ലഗേജുമായി എയര്‍പോര്‍ട്ടിലെത്തരുത്. അത് തങ്ങള്‍ക്കും മറ്റുള്ള യാത്രക്കാര്‍ക്കും അസൗകര്യമാകും. നിലവാരമില്ലാത്തതോ വലിപ്പക്കൂടുതലോ ഉള്ള ലഗേജുകളുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. യാത്രക്കാര്‍ക്കായി ലഗേജ് വെയിംഗ് മെഷീനുകളുള്ള ഡിപ്പാര്‍ച്ചര്‍ ഹാളില്‍ ഒരു ബാഗേജ് റീപാക്ക് ഏരിയ ലഭ്യമാണ്.
സുരക്ഷ കണക്കിലെടുത്ത്, കര്‍ബ്‌സൈഡില്‍ വാഹനങ്ങള്‍ ശ്രദ്ധിക്കണം. പരമാവധി പാര്‍ക്കിംഗ് സൗകര്യം ഉപയോഗിക്കുക.
അവധിക്കാലമായതിനാല്‍ വളര്‍ത്തുമൃഗങ്ങളുമായുള്ള യാത്ര പരമാവധി കുറയ്ക്കാനും യാത്രക്കാര്‍ക്ക് നിര്‍ദേശമുണ്ട്. ടെര്‍മിനലില്‍ ലഭ്യമായ റാപ്പിംഗ് സൗകര്യങ്ങളില്‍ ബാഗുകള്‍ പൊതിയാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നു.
ടെര്‍മിനലിലെ സൂചനകള്‍ പിന്തുടരുക, അല്ലെങ്കില്‍ യാത്രാ പ്രക്രിയ കൂടുതല്‍ സുഖകരമാക്കാന്‍ ജീവനക്കാരോട് സഹായം ആവശ്യപ്പെടുക.