Local News

ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി, താഴ്ന്ന വരുമാനക്കാരായ 40 തൊഴിലാളികളെ ആദരിച്ചു

ദോഹ. ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം ( ഐ.സി.ബി.എഫ്) 40-ാം വാര്‍ഷികത്തോടനുബന്ധിച്ചും, അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ചും സംഘടിപ്പിച്ച ‘രംഗ് തരംഗ് 2024’ ല്‍ വച്ച്, 30 വര്‍ഷത്തിലധികമായി ഖത്തറില്‍ സേവനം ചെയ്യുന്ന ഇന്ത്യക്കാരായ 40 താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ ആദരിച്ചു.


മെയ് 10 വെള്ളിയാഴ്ച ഏഷ്യന്‍ ടൗണില്‍ വച്ച് നടന്ന ആഘോഷ പരിപാടികളില്‍ ഇന്ത്യന്‍ അംബാസ്സഡര്‍ വിപുല്‍ മുഖ്യാതിഥി ആയിരുന്നു. പരിപാടിയില്‍ പങ്കെടുക്കുവാന്‍, ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിംഗ് ഏരിയ നിറഞ്ഞെത്തിയ തൊഴിലാളികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഖത്തറിന്റെ വികസത്തില്‍ അവരുടെ പങ്കിനെ പ്രത്യേകം പരാമര്‍ശിച്ച അദ്ദേഹം, അവരുടെ ഏതൊരാവശ്യത്തിനും ഇന്ത്യന്‍ എംബസ്സിയുമായി നേരിട്ടോ, ഇന്ത്യന്‍ സംഘടനകള്‍ വഴിയോ എപ്പോഴും ബന്ധപ്പെടാവുന്നതാണെന്നും പറഞ്ഞു.
തൊഴിലാളികള്‍ക്കായി വിവിധ ക്ഷേമ പരിപാടികള്‍, തുടര്‍ച്ചയായി സംഘടിപ്പിച്ചു വരുന്ന ഐ.സി.ബി.എഫ് ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുന്ന രീതിയില്‍, കഫാല നിയമത്തിലും വേതന സംരക്ഷണ നിയമത്തിലും കൊണ്ടുവന്ന മാറ്റങ്ങള്‍ക്ക് അദ്ദേഹം ഖത്തര്‍ ഗവണ്‍മെന്റിന് നന്ദി പറഞ്ഞു. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും, ഐ.സി. ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെയും സന്നിഹിതനായിരുന്നു.

ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഐ.സി.ബി. എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിപ്പിക്കുന്ന പരിപാടികളെക്കുറിച്ച് പ്രതിപാദിച്ചു. ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതം ആശംസിച്ചു.

ചടങ്ങില്‍ സംസാരിച്ച മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. ഫൈക്ക അബ്ദുള്ള അഷ്‌കനാനി, വേള്‍ഡ് കപ്പ്, ഏഷ്യന്‍ കപ്പ്, എക്‌സ്‌പോ 2023, തുടങ്ങി ഖത്തറിലെ പ്രധാന പരിപാടികളുടെയെല്ലാം വിജയത്തില്‍ ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്റെ പങ്കിനെ പ്രത്യേകം എടുത്തു പറഞ്ഞു.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രോജക്ട് മേധാവി മാക്‌സ് ടുണോന്‍, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ഡോ. മോഹന്‍ തോമസ്സ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ മന്‍സൂര്‍ അര്‍ജാന്‍ അല്‍ ബുനൈന്‍, മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ മനുഷ്യാവകാശ വിഭാഗത്തിലെ മേജര്‍ മുഹമ്മദ് ഖലീഫ അല്‍ കുവാരി, ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ലെഫ്റ്റനന്റ് അബ്ദുള്ള സാലിഹ് അല്‍ ഷമ്മാരി, കമ്മ്യൂണിറ്റി പോലീസിംഗ് വിഭാഗത്തിലെ വാറന്റ് ഓഫീസര്‍ ഹമദ് മുഹന്ന അല്‍ മൊഹന്നദി, തൊഴില്‍ മന്ത്രാലയ പ്രതിനിധി സലിം ഡാര്‍വിഷ് അല്‍ മൊഹന്നദി, എം.ഒ.പി.എച്ച് ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. മുഹമ്മദ് അല്‍ ഹജ്ജാജ്, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ സാം ബഷീര്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍, ഐ.സി.സി പ്രസിഡന്റ് ഏ.പി. മണികണ്ഠന്‍, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുള്‍ റഹ്‌മാന്‍, ഐ.പി.ബി.സി പ്രസിഡന്റ് ജാഫര്‍ സാദിക്ക് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


ചടങ്ങില്‍ വച്ച്, ഐ.സി.ബി.എഫിന്റെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളെ മാനിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം, ഐ.സി.ബി.എഫിന് മെമന്റോ നല്കി ആദരിച്ചു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി ചടങ്ങിന് നന്ദി പറഞ്ഞു.
ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, ശങ്കര്‍ ഗൗഡ്, സമീര്‍ അഹമ്മദ്, നീലാംബരി സുശാന്ത്, അബ്ദുള്‍ റൗഫ്, കുല്‍വീന്ദര്‍ സിംഗ്, ഉപദേശക സമിതി അംഗങ്ങളായ ജോണ്‍സണ്‍ ആന്റണി, ടി.രാമസെല്‍വം, അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ അപെക്‌സ് ബോഡി ഭാരവാഹികളും, സംഘടനാ പ്രതിനിധികളും, കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.
വിവിധ സംഘടനകള്‍ അവതരിപ്പിച്ച, ഏതാണ്ട് 5 മണിക്കൂറോളം നീണ്ടു നിന്ന വിവിധ കലാപരിപാടികള്‍, തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മികച്ച ദൃശ്യവിരുന്നൊരുക്കി.

Related Articles

Back to top button
error: Content is protected !!