Local News

‘ചേര്‍ത്ത് വെക്കാം തൊഴില്‍ തേടി വന്നവരെ’

ദോഹ: മെയ് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വനിത തൊഴിലാളികള്‍ക്കായി ‘ചേര്‍ത്ത് വെക്കാം തൊഴില്‍ തേടി വന്നവരെ’ എന്ന പരിപാടി വിമന്‍ ഇന്ത്യ ഖത്തര്‍ സംഘടിപ്പിച്ചു .

സി ഐ സി മന്‍സൂറ ഹാളില്‍ നടന്ന പരിപാടിയില്‍ ഖത്തറിലെ വിവിധ മേഖലകളിലെ മുപ്പതോളം വനിതാ തൊഴിലാളികള്‍ പങ്കെടുത്തു. ചടങ്ങില്‍ വിമന്‍ ഇന്ത്യ പ്രസിഡന്റ് നസീമ എം അധ്യക്ഷത വഹിച്ചു സംസാരിച്ചു.

‘ജീവിതലക്ഷ്യം’ എന്ന വിഷയത്തില്‍ സി ഐ സി വൈസ് പ്രസിഡന്റ് ഹബീബു റഹ്‌മാന്‍ കീഴിശ്ശേരി സദസ്സുമായി സംവദിച്ചു. പ്രവാസജീവിതത്തില്‍ യഥാര്‍ത്ഥ ജീവിതലക്ഷ്യം മറക്കാതെ മുന്നേറാന്‍ വേണ്ട ധാര്‍മിക ബോധം എല്ലാവരിലും ഉണ്ടാവേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി അദ്ദേഹം സംസാരിച്ചു. ഉപഹാരങ്ങള്‍ നല്‍കി തൊഴിലാളികളെ ആദരിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്നെ ഖത്തറില്‍ ജോലി അന്വേഷിച്ചു വന്നവരാണ് അധികപേരും. കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം ലക്ഷ്യമാക്കി കടല്‍ കടന്നു വന്നവരായത് കൊണ്ട് തന്നെ സന്തോഷവും സന്താപവും ചേര്‍ന്ന അനുഭവങ്ങള്‍ പങ്ക് വെച്ച് സ്വയം പരിചയപ്പെടുത്തി കൊണ്ട് അതിഥികളായി എത്തിയ വനിതാ തൊഴിലാളികള്‍ വിമന്‍ ഇന്ത്യ പരിപാടിയില്‍ സംസാരിച്ചു.

ബബീന ബഷീറിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ വിമല്‍ ഇന്ത്യ ഖത്തര്‍ ജനറല്‍ സെക്രട്ടറി സജ്‌ന ഇബ്രാഹിം സ്വാഗതം ആശംസിച്ചു. റഫാത്ത് , സുബൈദ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. എക്‌സിക്യൂട്ടീവ് അംഗം സുനില അബ്ദുല്‍ ജബ്ബാര്‍ നന്ദിയും രേഖപ്പെടുത്തി..ഇന്റ്ററാക്റ്റടിവ് സെഷന്‍ വൈസ് പ്രസിഡന്റ് ത്വയ്യിബ അര്‍ഷദ് നിയന്ത്രിച്ചു. നസീമ.എം ,ഇലൈഹി സബീല ,ഷംല സിദ്ദിഖ് , താഹിറ ബീവി , റൈഹാന അസ്ഹര്‍ , അമീന പി. കെ തുടങ്ങിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് തൊഴിലാളി വനിതകള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു .

Related Articles

Back to top button
error: Content is protected !!