സ്വപ്‌നങ്ങളെ പിന്തുടര്‍ന്നാല്‍ വിജയം സുനിശ്ചിതം : ഡോ. ലുബ്‌ന ജൗഹര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ജീവിതത്തിന്‍ തീവ്രമായ സ്വപ്‌നങ്ങളുണ്ടാവുകയും അവയെ വിട്ടുവീഴ്ചയില്ലാതെ പിന്തുടരുകയും ചെയ്താല്‍ വിജയം സുനിശ്ചിതമാകുമെന്ന് ഖത്തര്‍ യൂണിവേര്‍സിറ്റിയിലെ കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്നും ഡിസ്റ്റിംഗ്വിഷ്ഡ് റിസര്‍ച്ച് അവാര്‍ഡും ഈ വര്‍ഷത്തെ മികച്ച പിഎച്ച്ഡി ഡെസര്‍ട്ടേഷന്‍ അവാര്‍ഡും നേടിയ ഡോ. ലുബ്‌ന ജൗഹര്‍ .
വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ ബിസിനസ് കാരനായ അബ്ദുല്‍ അസീസിന്റേയും സുഹറയുടേയും ആറ് പെണ്‍മക്കളില്‍ അഞ്ചാമത്തെവളായ ലുബ്‌ന എം.എസ്.സി മൈക്രോ ബയോളജിയില്‍ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ പാസായ ശേഷമാണ് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറിലെത്തിയത്. താമസിയാതെ തന്നെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി കിട്ടി. ഗവേഷണ മേഖലയില്‍ ജോലി തുടങ്ങിയതോടെയാണ് പിഎച്ച്ഡിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. 2019 ല്‍ ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ ചേര്‍ന്നു. ഖത്തര്‍ യൂണിവേര്‍സിറ്റിയിലെ കോളേജ് ഓഫ് ഫാര്‍മസിയില്‍ കാന്‍സര്‍ ബയോളജിയില്‍ ഒവേറിയന്‍ കാന്‍സര്‍ സംബന്ധിച്ച ഗവേഷണം പൂര്‍ത്തിയാക്കി ഫാര്‍മസിക്ക്യൂട്ടിക്കല്‍ സയന്‍സിലാണ് പിഎച്ച്ഡി നേടിയത്.
ഗവേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ സജീവമായ ലുബ്‌ന കോഴ്‌സിലുടനീളം മികവ് പുലര്‍ത്തിയാണ് ഡിസ്റ്റിംഗ്വിഷ്ഡ് റിസര്‍ച്ച് അവാര്‍ഡിന് യോഗ്യത നേടിയത്. പോസ്റ്റര്‍ പ്രസന്റേഷന്‍, പേപ്പര്‍ പ്രസന്റേഷന്‍ തുടങ്ങിയവയിലൊക്കെ സമ്മാനങ്ങള്‍ നേടിയ ലുബ്‌ന ലോകോത്തരങ്ങളായ ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രൊഫഷണല്‍ രംഗത്തെ തന്റെ മികവ് അടയാളപ്പെടുത്തി. തന്റെ വിഷയവുമായി നേരിട്ട് ബന്ധപ്പെട്ട 6 പേപ്പറുകളടക്കം പതിനാറോളം പ്രബന്ധങ്ങളാണ് ലുബ്‌ന പ്രസിദ്ധീകരിച്ചത്. ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും ഡിസ്റ്റിംഗ്വിഷ്ഡ് റിസര്‍ച്ച് അവാര്‍ഡ് നേടിയതിലൂടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും മലയാളി സമൂഹത്തിന് വിശേഷിച്ചും അഭിമാനകരമായ നേട്ടമാണ് ലുബ്‌ന സ്വന്തമാക്കിയത് .
ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കണമെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണവും കഠിനാദ്ധ്വാനവും നിര്‍ബന്ധമാണ്.
രാവിലെ 7 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ ജോലി ചെയ്ത ശേഷമാണ് യൂണിവേര്‍സിറ്റിയിലെ ഗവേഷണം തുടര്‍ന്നത്. ഉന്നത റാങ്കോടെ ഗവേഷണം പൂര്‍ത്തിയാക്കിയ ലുബ്‌ന സമൂഹത്തിന് മാതൃകയാണ്. മനസ് വെച്ചാല്‍ ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകുവാനും മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിക്കുമെന്നാണ് ലുബ്‌ന സമൂഹത്തിന് നല്‍കുന്ന ഏറ്റവും വലിയ സന്ദേശം.
കരിയറില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനും ഉയര്‍ന്നുപോകാനും ഉപകരിക്കുന്ന കോഴ്‌സുകളും ഗവേഷണവുമൊക്കെ നടത്താന്‍ തയ്യാറാവണമെന്നും ലുബ്‌ന സ്വന്തം ജീവിതാനുഭവത്തിലൂടെ അടയാളപ്പെടുത്തുന്നു.
ബിസിനസ് കാരനായ ജൗഹറാണ് ലുബ്‌നയുടെ ഭര്‍ത്താവ് . ബിര്‍ള പബ്‌ളിക് സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനി ആയിഷ അമാല്‍ ഏക മകളാണ് .