എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി; പ്രവാസികളോടുള്ള വെല്ലുവിളി: ഗപാഖ് സര്‍വ്വകക്ഷി യോഗം
ദോഹ. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ വിവിധ സര്‍വീസുകള്‍ മുടങ്ങുന്നത് കാരണവും പല സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ഉള്ള തീരുമാനവും പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയാകുന്നുവെന്നും ഇത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നത് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള പ്രവാസി യാത്രക്കാരെയാണെന്നും ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്) സംഘടിപ്പിച്ച സര്‍വ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു.
ഒമാന്‍ യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനവും കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് 36 വര്‍ഷമായി നടത്തിവരുന്ന സര്‍വീസ് നിര്‍ത്തലാക്കാനുള്ള തീരുമാനവും പ്രവാസികളെ ഏറെ ദോഷകരമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.
ഇന്‍സ്ട്രുമെന്റേഷന്‍ ലാന്‍ഡിങ് സിസ്റ്റം കൃത്യസമയത്ത് അറ്റകുറ്റപ്പണികളും പരിസരങ്ങളിലെ പുല്‍മേടുകള്‍ നീക്കം ചെയ്യാത്തതും കാരണം ഇരുപതോളം വിമാനങ്ങള്‍ ഒരാഴ്ചക്കകം മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടാന്‍ കാരണമായെന്ന വാര്‍ത്തകളും അക്ഷന്തവ്യമായ പോരായ്മകളായും യോഗം വിലയിരുത്തി.
സാധാരണക്കാരായ പ്രവാസികള്‍ക്ക് ജോലി നഷ്ടവും ധനനഷ്ടവും ചികിത്സയില്‍ ഉള്ളവരെ കാണാന്‍ പോലും സാധ്യമാവാത്ത അവസ്ഥയും സംജാതമാകുന്ന സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും അടിയന്തരമായി പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷികമാണെന്നും യോഗം വിലയിരുത്തി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം ഭാര്യക്ക് അവസാന നോക്ക് കാണാനാവാതെ നിര്യാതനായ നമ്പി രാജേഷിനായി മൗന പ്രാര്‍ത്ഥനയോടുകൂടിയാണ് യോഗം ആരംഭിച്ചത്.
യോഗ തീരുമാനപ്രകാരം കേന്ദ്ര കേരള സര്‍ക്കാര്‍, ഡിജിസിഎ , എയര്‍ ഇന്ത്യ മാനേജ്‌മെന്റ , കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി എന്നിവര്‍ക്ക് നിവേദനം നല്‍കാനും വരുന്ന ജൂലൈ മാസത്തില്‍ നാട്ടില്‍ വെച്ച് അനുയോജ്യമായ സമര രീതികള്‍ അവലംബിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് കെ കെ ഉസ്മാന്‍ ആധ്യക്ഷ്യത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയമവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അര്‍ളിയില്‍ അഹ്‌മദ് കുട്ടി ( സംസ്‌കൃതി), അന്‍വര്‍ സാദത്ത് ടി എം സി ( ഒ ഐസിസി ഇന്‍കാസ് ) , മുസ്തഫ എലത്തൂര്‍ ( കെഎംസിസി), അമീന്‍ അന്നാറ (പ്രവാസി വെല്‍ഫെയര്‍).
ഷാനവാസ തവയില്‍ ( യുവ കലാസാഹിതി ) , വിപിന്‍ മേപ്പയൂര്‍(ഒ ഐസിസി ഇന്‍കാസ് കോഴിക്കോട് ജില്ല),
വിപിന്‍ദാസ് ( ഫോക്ക് ഖത്തര്‍) , ഗഫൂര്‍ കോഴിക്കോട് ( കെ പി എ ക്യു ), ദീപക് സി ജെ ( ഇന്‍കാസ് ഖത്തര്‍ ),
സമീല്‍ അബ്ദുല്‍ വാഹിദ് ( ചാലിയാര്‍ ദോഹ ), മഷ്ഹൂദ് തിരുത്തിയാട് ( ഡോം ഖത്തര്‍), കരീം ഹാജി മേമുണ്ട, അജ്മല്‍ കോഴിക്കോട്, ഷാഫി മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു.