ഫോര്‍ വയനാട്’ മുസ്ലിം ലീഗ് ക്യാമ്പയിന്‍ ഖത്തറില്‍ തുടക്കമായി
ദോഹ: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായ മനുഷ്യര്‍ക്ക് വേണ്ടി മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ‘വയനാടിന്റെ കണ്ണീരൊപ്പാന്‍..’ ധന സമാഹരണ ക്യാമ്പയിന്റെ ഖത്തര്‍ തല ലോഞ്ചിങ് കെ.എം.സി.സി. ഖത്തര്‍ ആസ്ഥാനത്ത് നടന്നു. സംസ്ഥാന ഉപദേശക സമിതി ഭാരവാഹികള്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ സംസ്ഥാന കൗണ്‍സിലര്‍മാര്‍, വിങ് ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് നടന്ന ചടങ്ങില്‍ വയനാടിലെ ദുരിത ബാധിതര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും നടന്നു. മുസ് ലിം ലീഗ് നടപ്പാക്കുന്ന പദ്ധതിയുടെ വിജയത്തിന് വേണ്ടിയുള്ള ഫണ്ട് സമാഹരണം വന്‍ വിജയമാക്കാന്‍ കെ.എം.സി.സി. മുന്‍ സംസ്ഥാന പ്രസിഡന്റും മുസ്ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റുമായ പി.എസ്.എച്ച്. തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഉണര്‍ത്തി.
ക്യാമ്പയിന്റെ ഭാഗമായി ഭാരവാഹികളും നേതാക്കളും ഓഫറുകള്‍ പ്രഖ്യാപിച്ചു. ‘ഫോര്‍ വയനാട്’ ആപ്പ് വഴിയാണ് പണമടക്കേണ്ടത്. കെ.എം.സി.സി. യിലെ മുഴുവന്‍ അംഗങ്ങളെയും ക്യാമ്പയിന്‍ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിര്‍വഹിക്കും.
സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സയ്യിദ് സനാഉല്ല തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി. അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ അതിഥിയായി സംബന്ധിച്ചു. ചെയര്‍മാന്‍ എം.പി ഷാഫി ഹാജി, ഹമദ് മൂസ തിരൂര്‍, ഭാരവാഹികളായ കെ മുഹമ്മദ് ഈസ, സല്‍മാന്‍ എളയിടം, ഇസ്മായില്‍ വയനാട്, ഡോ. ഷഫീഖ് താപ്പി, ജബ്ബാര്‍ ഹാജി എരിയാല്‍ തുടങ്ങിയവര്‍ ഓഫറുകള്‍ സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിച്ചു. ഉപദേശക സമിതി വൈസ് ചെയര്‍മാന്മാരായ എസ്.എ.എം ബഷീര്‍, പി.വി മുഹമ്മദ് മൗലവി, സിവി ഖാലിദ് എന്നിവര്‍ സംസാരിച്ചു.