എന്‍വിബിഎസ് ഖത്തറിന് ചരിത്ര വിജയം: ബഹ്റൈന്‍ ജൂനിയര്‍ ഇന്റര്‍നാഷണല്‍ സീരീസ് 2024ല്‍ റിയ കുര്യന് സ്വര്‍ണം
ദോഹ. ഖത്തറിലെ ന്യൂ വിഷന്‍ ബാഡ്മിന്റണ്‍ സ്പോര്‍ട്ടില്‍ (എന്‍വിബിഎസ്) നിന്നുള്ള 14 കാരിയായ വളര്‍ന്നുവരുന്ന താരമായ റിയ കുര്യന്‍ ബിഡബ്ല്യുഎഫ് ബഹ്റൈന്‍ ജൂനിയര്‍ ഇന്റര്‍നാഷണല്‍ സീരീസില്‍ അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചു.
2024, സെപ്റ്റംബര്‍ 17 മുതല്‍ 22 വരെ നടന്ന മല്‍സരത്തിന്റെ ആവേശകരമായ ഫൈനലില്‍ യു.എ.ഇ.യില്‍ നിന്നുള്ള വൈദേഹി കാളിദാസനെ 10-21, 22-20, 21-19 എന്ന സ്‌കോറിനാണ് റിയ പരാജയപ്പെടുത്തിയത്. 21-14, 21-13 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആരവി ഗോന്ദലേക്കറിനെ (യുഎഇ) തോല്‍പ്പിച്ചാണ് റിയ ഫൈനലിലെത്തിയത്.
ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിയയുടെ സ്വര്‍ണ്ണ മെഡല്‍ , റിയയുടെ വളര്‍ന്നുവരുന്ന ബാഡ്മിന്റണ്‍ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. കഴിഞ്ഞ വര്‍ഷം ഈ മല്‍സരത്തില്‍ റിയ വെള്ളി മെഡലില്‍ നേടിയിരുന്നു.
അല്‍മാമൂറയിലെ കേംബ്രിഡ്ജ് ബോയ്‌സ് സ്‌കൂള്‍ ബ്രാഞ്ചില്‍ ഹെഡ് കോച്ച് അഫ്‌സല്‍ ഒ കെയുടെ വിദഗ്ധ മാര്‍ഗനിര്‍ദേശപ്രകാരം എന്‍വിബിഎസിലെ പരിശീലനമാണ് റിയയുടെ വിജയത്തിന് വഴിയൊരുക്കിയത്. എന്‍വിബിഎസിന്റെ മുഴുവന്‍ കോച്ചുകളുടേയും മാനേജ്‌മെന്റിന്റേയും പിന്തുണ റിയക്കുണ്ടായിരുന്നു. റിയയുടെ മാതാപിതാക്കളായ ഗതേഷ് കുര്യന്റെയും റിങ്കു മറിയം ജോണിന്റെയും അചഞ്ചലമായ പിന്തുണയും ഈ അന്താരാഷ്ട്ര വിജയത്തിലേക്കുള്ള അവളുടെ യാത്രയില്‍ നിര്‍ണായകമായി.
ജൂലൈ പകുതിയോടെ ചെറിയ കുതികാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച റിയയുടെ സ്ഥിരോത്സാഹം പ്രശംസനീയമാണ്. ടൂര്‍ണമെന്റിന് മുമ്പുള്ള ആഴ്ചകളിലെ തീവ്രപരിശീലനം ഫോം പുനഃസ്ഥാപിക്കാനും അഭിമാനകരമായ കിരീടം നേടാനും സഹായിച്ചതായി പരിശീലകര്‍ പങ്കുവെച്ചു.
ദേശീയതലത്തില്‍ ആദ്യ 100-ല്‍ ഇടംപിടിച്ച കളിക്കാര്‍ക്ക് മാത്രമേ അന്താരാഷ്ട്ര പരമ്പരകളില്‍ പങ്കെടുക്കാനാവുകയുള്ളൂ. റിയ ദേശീയ റാങ്കിംഗില്‍ 21-ാം സ്ഥാനവും ഏഷ്യന്‍ റാങ്കിംഗില്‍ ഏഴാം സ്ഥാനവും നേടിയാണ് മല്‍സരത്തിന് യോഗ്യത നേടിയത്.
റിയ കുര്യന്‍, അഡ്ലിന്‍ മേരി സോജന്‍, അവരുടെ കുടുംബങ്ങള്‍, ചീഫ് കോച്ച് മനോജ് സാഹിബ്ജാന്‍, ഹെഡ് കോച്ച് അഫ്‌സല്‍ ഒ കെ എന്നിവരടങ്ങുന്ന എന്‍വിബിഎസ് ടീം സെപ്തംബര്‍ 16 നാണ് ഖത്തറില്‍ നിന്ന് ബഹ്റൈനിലേക്ക് യാത്ര തിരിച്ചത്.
എന്‍വിബിഎസ് റിയക്കായി വലിയ പ്ലാനുകളാണ് ആസൂത്രണം ചെയ്യുന്നത്. ”അണ്ടര്‍ 15 വിഭാഗത്തിലെ റിയയുടെ അവസാന വര്‍ഷമായതിനാല്‍, ഞങ്ങള്‍ ഇപ്പോള്‍ റിയയെ കൂടുതല്‍ മത്സരാധിഷ്ഠിത അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലേക്ക് തയ്യാറാക്കുകയാണ്, അവിടെ റിയക്ക് പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഭാവിയിലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇടം നേടുന്നതിന്, റിയ തന്റെ ദേശീയ റാങ്കിംഗ് മെച്ചപ്പെടുത്തുന്നത് തുടരണം,” ചീഫ് കോച്ച് മനോജ് സാഹിബ്ജന്‍ പറഞ്ഞു.
ദേശീയ അന്തര്‍ദേശീയ ടൂര്‍ണമെന്റുകളിലെ പങ്കാളിത്തം വിപുലപ്പെടുത്തി, ആഗോള വേദിയില്‍ സുസ്ഥിരമായ വിജയത്തിന് അടിത്തറയിട്ടുകൊണ്ട് റിയയെപ്പോലുള്ള കൂടുതല്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ എന്‍വിബിഎസ് പ്രതിജ്ഞാബദ്ധമാണ്. ദേശീയ റാങ്കിംഗ് ടൂര്‍ണമെന്റുകളില്‍ മത്സരിക്കാന്‍ കൂടുതല്‍ അത്ലറ്റുകളെ പ്രോത്സാഹിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എന്‍വിബിഎസ് സിഇഒ ബേനസീര്‍ മനോജ് പറഞ്ഞു.