Local News

മാനവികതക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാ മനീഷിയാണ് ശൈഖ് അബുല്‍ ഹസന്‍ അലി നദ് വി : ഡോ. അബ്ദുസ്സമദ് സമദാനി എം.പി

തേഞ്ഞിപ്പലം. മാനവികതക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാമനീഷിയാണ് ശൈഖ് അബുല്‍ ഹസന്‍ അലി നദ് വിയെന്ന് ഡോ. അബ്ദുസ്സമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന്‍ അലി നദ് വിയുടെ സംഭാവനകള്‍ സംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അറബി വകുപ്പും റാബ്വിത്വ അല്‍ അദബ് അല്‍ ഇസ് ലാമി കേരള ചാപ്റ്ററും സംയുക്തമായി അറബി വകുപ്പ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന് ഇന്ത്യ നല്‍കിയ മികച്ച സംഭാവനയാണ് ശൈഖ് അബുല്‍ ഹസന്‍ അലി നദ് വി. ജ്ഞാനത്തിന്റേയും ഐക്യത്തിത്തിന്റേയും പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ രചനകളും ജീവിതവും മാനവികത ഉദ്‌ഘോഷിക്കുന്നതായിരുന്നു. മാനവികതയും സാഹിത്യവും സംസ്‌കാരവും ചരിത്രവും ധൈഷണിക തലത്തില്‍ സമന്വയിപ്പിച്ച ശൈഖ് അബുല്‍ ഹസന്‍ അലി നദ് വിയുടെ ചിന്തകള്‍ ഇന്നും സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നുവെന്നത് ആ ചിന്തകളുടെ കാലിക പ്രസക്തിയാണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യൂണിവേര്‍സിറ്റി അറബി വിഭാഗം വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടി.എ അധ്യക്ഷത വഹിച്ചു. സയ്യിദ് ശു ഐ ബ് ഹുസൈന്‍ നദ് വി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

ഹാഫിസ് അബ്ദുശ്ശുകൂര്‍ അല്‍ ഖാസിമി, ഡോ.ജമാലുദ്ധീന്‍ ഫാറൂഖി, അബ്ദുല്‍ ഹകീം നദ് വി, എം.എം. നദ് വി, സിദ്ദീഖ് നദ് വി , അമാനുല്ല വടക്കാങ്ങര, നാഷിദ് വി , ഡോ. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

ഡോ. ബഹാഉദ്ധീന്‍ കൂരിയാട് നദ് വി, ഡോ. എബി മൊയ്തീന്‍ കുട്ടി, സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ. റഷീദ് അഹ് മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഡോ യൂസുഫ് മുഹമ്മദ് നദ്വി രചിച്ച”സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി ജീവിതവും ദര്‍ശനവും”എന്ന ഗ്രന്ഥം ചെറുവണ്ണൂര്‍ കെ.പി. മുഹമ്മദാലി ഹാജിക്ക് ആദ്യ പ്രതി നല്‍കി സമദാനി പ്രകാശനം ചെയ്തു.

രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിലായി അറുപത്തിമൂന്നിലധികം പ്രബന്ധങ്ങളാണ് ഇന്നലെ അവതരിപ്പിച്ചത്.

റാബ്വിത്വ അല്‍ അദബ് അല്‍ ഇസ് ലാമി കേരള ചാപ്റ്റര്‍ സെക്രട്ടറി യൂസുഫ് നദ് വി സ്വാഗതവും പ്രൊഫസര്‍ അബ്ദുല്‍ മജീദ് ഇ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!