റേഡിയോ മലയാളം 98.6 എഫ് എം ഏഴാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി
ദോഹ: 2017 ഒക്ടോബര്‍ 31ന് പ്രക്ഷേപണം ആരംഭിച്ച ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ സ്റ്റേഷനായ റേഡിയോ മലയാളം 98.6 എഫ്എം ഏഴാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ദോഹ ഹോളിഡേ ഇന്‍ ഹോട്ടലില്‍ ക്യുഎഫ്എം റേഡിയോ നെറ്റ്വര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ സി അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് എയര്‍ കണ്‍ട്രി മാനേജര്‍ മുഹമ്മദ് ഖലീല്‍ അല്‍ നാസര്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സിഇഒ അന്‍വര്‍ ഹുസൈന്‍ ആമുഖ പ്രസംഗവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.
റേഡിയോ ശ്രോതാക്കള്‍ക്ക് 150,000 റിയാലിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് ഇത്തവണയും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് സൗജന്യ ഫാമിലി അപ്പാര്‍ട്ട്മെന്റ്, ഏഴ് ശ്രോതാക്കള്‍ക്ക് സൗജന്യ വിദേശയാത്ര, ഐഫോണ്‍, ഏഴ് എല്‍ഇഡി ടിവികള്‍, ഏഴു പേര്‍ക്ക് 986 വീതം റിയാലിന്റെ ഗ്രോസറി പര്‍ച്ചേസ് എന്നിവയ്ക്കു പുറമെ നിരവധി ശ്രോതാക്കള്‍ക്ക് സാഹസിക യാത്ര, ട്രാവല്‍ ബാഗുകള്‍, ഹാംഗ്ഔട്ടുകള്‍, ഡിന്നര്‍, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങി അനവധി സമ്മാനങ്ങളും പരിപാടി പ്രഖ്യാപിച്ചു. ഒരു മാസത്തെ ഓണ്‍-എയര്‍, ഓണ്‍ലൈന്‍, ഓണ്‍-ഗ്രൗണ്ട് മല്‍സരങ്ങള്‍ വഴി തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും മുതിര്‍ന്ന മാനേജര്‍മാരും സ്‌പോണ്‍സര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.