കാലിക്കറ്റ് യൂണിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ അറബി ഭാഷയിലും സാഹിത്യത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ : അബ്ദുല്‍ ലത്തീഫ് ആബിദ്
തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ അറബി ഭാഷയിലും സാഹിത്യത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നവരാണെന്നും അറബി ഭാഷ പ്രോല്‍സാഹിപ്പിക്കുന്നതിനായി യൂണിവേര്‍സിറ്റി അറബി വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്നും തുനീഷ്യന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ലത്തീഫ് ആബിദ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭാഷാ ശൈലികളും പ്രയോഗങ്ങളും മികച്ചവയാണ്. വായനയിലൂടെയും വൈവിധ്യമാര്‍ന്ന വൈജ്ഞാനിക പരിപാടികളിലൂടെയും ഇവ കൂടുതല്‍ പരിപോഷിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗവും ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി മാതൃഭാഷ അല്ലാതിരുന്നിട്ടും കേരളീയര്‍ അറബി ഭാഷയോട് കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണ്. ഭാഷ ഗ്രാമങ്ങള്‍ സ്ഥാപിച്ചും ഭാഷയുടെ പ്രത്യേകമായ പരിസരങ്ങളൊരുക്കിയും ഭാഷാപഠനം ആകര്‍ഷകമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ, ഫൗണ്ടര്‍ അബ്ദുല്‍ ഹാഫിസ് അല്‍ ഗാരി, പാരീസിലെ ലിയോണ്‍ സര്‍വകലാശാല ലക്ചറര്‍ ഇശ്‌റാക് ക്രോണ എന്നിവരും വിദ്യാീര്‍ഥികളുടെ പ്രബന്ധങ്ങള്‍ വിശകലനം ചെയ്ത് സംസാരിച്ചു.
മദ്രാസ് യൂണിവേര്‍സിറ്റി അറബിക്, പേര്‍ഷ്യന്‍ ആന്റ് ഉറുദു വകുപ്പ് മേധാവി ഡോ. എ ജാഹിര്‍ ഹുസൈന്‍, സുന്നിയ്യ അറബിക് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.മുജീബ്, പി.എസ്.എം.ഒ കോളേജ് അറബി വകുപ്പിലെ ഡോ. സുബൈര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷത വഹിച്ചു.
അറബി വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടിഎ അതിഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.