മെഡിസ്‌പോട്ട് -യുണീഖ് ക്രിക്കറ്റ് ലീഗ് സീസണ്‍ 4 ന് ആവേശോജ്വല സമാപനം
ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കായി നടത്തിയ യൂണിഖ് ക്രിക്കറ്റ് ലീഗ് സീസണ്‍ 4 എം. ഐ. സി മിസയിദ് സ്റ്റേഡിയത്തില്‍ സമാപിച്ചു.
ഖത്തറിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നായി 16 ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളില്‍ തുടര്‍ച്ചയായ നാലാം തവണവും ബര്‍വ റോക്കേഴ്‌സ് ചാമ്പ്യന്‍മാരായി, ഹമദ് ബ്ലാസ്റ്റേഴ്സ് ടീമാണ് റണ്ണേഴ്‌സ്.
ടൂര്‍ണമെന്റിലെ മികച്ച താരമായി അബ്ദുല്‍ ശഹീദിനെയും മികച്ച ബാറ്റ്‌സ്മാനായി ഫാസില്‍ റഹ്‌മാനെയും മികച്ച ബൗളര്‍ ആയി സഹദിനെയും തിരഞ്ഞെടുത്തു, ഫെയര്‍ പ്ലേ അവാര്‍ഡിന് ഇന്ത്യന്‍ ഫര്‍മസിസ്റ്റ് സംഘടനയായ ഐപാഖ് അര്‍ഹരായി.
യുണീഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ മുഖ്യ അഥിതി ആയി, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ രാജ, ഇപ്ഹാഖ് പ്രസിഡന്റ് അഷ്റഫ്, യുണീഖ് അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ മിനി സിബി, സ്‌പോര്‍ട്‌സ് ലീഡ് സലാഹ് പട്ടാണി, മറ്റ് യുണീഖ് കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് വിജയികള്‍ക്ക് മെഡലുകളും ട്രോഫിയും, ക്യാഷ് അവാര്‍ഡും കൈമാറി.
ഫിറ്റ്‌നസ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിയ പ്ലാങ്ക് മത്സരത്തില്‍ സനു ഗോപി വിജയിയായി, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി മറ്റ് വിനോദ മത്സരങ്ങളും നടന്നു.
യുണീഖ് സ്‌പോര്‍ട്‌സിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളെയും, യൂണിഖിന്റെ സംഘാടന മികവിനെയും ഇന്ത്യന്‍ എംബസിയുടെ അഭിനന്ദനങ്ങള്‍ ശ്രീ സന്ദീപ് അറിയിച്ചു , തുടര്‍ന്നും ആരോഗ്യ പ്രവര്‍ത്തകരുടെ കായിക മികവിനായി സ്‌പോര്‍ട്‌സ് ഇവന്റുകള്‍ തുടരുമെന്ന് യുണീഖ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ രാജേഷ് അറിയിച്ചു.