ഗവേഷണ നേട്ടങ്ങള്‍ നേരിലറിയാം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ശാസ്ത്രയാന്‍
അമാനുല്ല വടക്കാങ്ങര
തേഞ്ഞിപ്പലം. കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക – ഗവേഷണ നേട്ടങ്ങള്‍ നേരിട്ടറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമേകുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനം ജനുവരി 16, 17, 18 തീയതി കളില്‍ നടക്കും. സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പുകളും ലാബുകളും സര്‍വകലാശാലയുടെ ഗവേഷണ പദ്ധതികളുമെല്ലാം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നു നല്‍കുന്ന ശാസ്ത്രയാന്‍ പരിപാടി 16-ന് രാവിലെ 10.30-ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആര്യഭട്ടഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. ജിജു പി. അലക്സ് മുഖ്യാതിഥിയാകും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. പരിപാടിയുടെ ഭാഗമായി ഈ മൂന്ന് ദിവസവും സര്‍വകലാശാലാ പാര്‍ക്കും സസ്യോദ്യാനവും തുറന്ന് നല്‍കും.
സര്‍വകലാശാലാ പഠനവകുപ്പുകളുടേതിന് പുറമെ കേരളവനഗവേഷണ കേന്ദ്രം, മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സി.ഡബ്ല്യു.ആര്‍.ഡി.എം., സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങി ഇരുപതിലേറെ ഗവേഷണ സ്ഥാപനങ്ങളുടെ വിജ്ഞാനപ്രദങ്ങളായ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ട്. സി.ഡബ്ല്യു.ആര്‍.ഡി.എം. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് സാമുവല്‍ പവലിയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് നാല് മണിക്ക് സ്റ്റുഡന്റ് ട്രാപ്പില്‍ ‘ ഡിജിറ്റല്‍ കാലത്തെ ശാസ്ത്രവും സമൂഹവും ‘ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും. രാത്രി ഏഴ് മണിക്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും മറ്റ് കലാപരിപാടികളും അരങ്ങേറും. 17-ന് വൈകീട്ട് നാലര മുതല്‍ അഞ്ചര വരെ സ്റ്റുഡന്റ് ട്രാപ്പില്‍ സയന്‍സ് സ്ലാം പരിപാടിയിലെ ജേതാക്കള്‍ അവതരണം നടത്തും. വൈകീട്ട് ആറിന് സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന ‘ അടിയാള പ്രേതം ‘ നാടകം അരങ്ങേറും. 18-ന് വൈകീട്ട് നാല് മണിക്ക് ആര്യഭട്ട ഹാളിലാണ് സമാപനച്ചടങ്ങ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. എന്‍. എസ്. പ്രദീപ് മുഖ്യാതിഥിയാകും.
പത്രസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, ശാസ്ത്രയാന്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. സി.സി. ഹരിലാല്‍, ഹ്യൂമാനിറ്റിസ് ഡീന്‍ ഡോ. പി. ശിവദാസന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, പി.ആര്‍.ഒ. സി.കെ. ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.