കോഴിക്കോടുമായി അറബ് നാടുകളുടെ ബന്ധം ചരിത്രപരവും സാംസ്‌കാരികവുമായ മാനങ്ങളുള്ളത്: ഡോ. മറിയം അല്‍ ശിനാസി
തേഞ്ഞിപ്പലം. യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ നഗരമായ കോഴിക്കോടുമായി
അറബ് നാടുകളുടെ ബന്ധം ചരിത്രപരവും സാംസ്‌കാരികവുമായ മാനങ്ങളുള്ളതാണെന്നും കച്ചവടമായും സാംസ്‌കാരിക വിനിമയപരിപാടികളായും ചരിത്രാതീതകാലം മുതലേ തുടങ്ങിയ ബന്ധം ഇപ്പോഴും ഊഷ്മളമായി തുടരുകയാണെന്നും
യുഎഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സിഇഒയും ഗ്രന്ഥകാരിയുമായ ഡോ. മറിയം അല്‍ ശിനാസി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പ്, ഫാറൂഖ് കോളേജ് അറബി വകുപ്പ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളവും അറബി ഭാഷയും സംസ്‌കാരവും തമ്മിലുള്ള സജീവമായ ആദാനപ്രദാനങ്ങള്‍ അറബി രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ക്രിയാത്മകമായി നിലനിര്‍ത്തുന്നു. ആധുനിക കാലത്ത് ഭാഷാ പഠനത്തില്‍ ഐടിയുടെ പങ്ക് വളരെ വലുതാണ്. ഭാഷാ പഠനത്തിലും ഐടിയിലും ഒരു പോലെ മികവ് പുലര്‍ത്തുന്ന മലയാളികള്‍ക്ക് ലോകാടിസ്ഥാനത്തില്‍ തന്നെ സാധ്യതയും സ്വീകാര്യതയും ഏറിവരുന്നതായി കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കേരളത്തില്‍ അറബി ഭാഷയുമായി ബന്ധപ്പെട്ട സെമിനാറുകള്‍ സംഘടിപ്പിക്കുന്ന അവര്‍ പറഞ്ഞു.
ഭാഷയും സംസ്‌കാരവും മാനവികതയുടെ പൊതുസ്വത്താണ്. അവയെ ശാസ്ത്രീയായി വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്താണ് സാംസ്‌കാരിക സമന്വയം സാക്ഷാല്‍ക്കരിക്കേണ്ടത്. തുറന്ന ചര്‍ച്ചകളും വിശകലനങ്ങളും അവസരങ്ങളുടെ വളര്‍ച്ചയുടേയും പുതിയ വാതായനങ്ങള്‍ തുറക്കും, അവര്‍ പറഞ്ഞു.
സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേര്‍സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍മാരായ ഡോ. ഖാലിദ് അല്‍ കിന്‍ദി, ഡോ.അബ്ദുറഹിമാന്‍ തുഅ്മ, ഡോ. മുഹമ്മദ് മുസ്തഫ, ടെക്നോളജി ആന്റ് ആപ്ളിക്കേഷന്‍ സയന്‍സ് യൂണിവേര്‍സിറ്റി പ്രൊഫസര്‍ ഡോ. സഈദ് അല്‍ സല്‍ത്തി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.