ഫോര്‍ മൈ ലവ് സീസണ്‍ 5 ഫെബ്രുവരി 18 മുതല്‍, ഇത്തവണ ഖത്തറിലേക്കെത്തുന്നത് 14 ഇണകള്‍
ദോഹ: ഖത്തറിലെ പ്രവാസ സമൂഹത്തിന്റെ മുഴുവന്‍ പ്രശംസ നേടിയ ഫോര്‍ മൈ ലവ് സാമൂഹ്യ സേവന പരിപാടിയുടെ അഞ്ചാമത് എഡിഷന്‍ ഫെബ്രുവരിയില്‍ നടക്കുമെന്ന് മുഖ്യ സംഘാടകരായ റേഡിയോ മലയാളം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സഹകരണത്തോടുകൂടി വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഈ സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായി ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 14 പേരുടെ ഭാര്യമാരാണ് ഇത്തവണ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തുക.
പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കല്‍ പോലും സ്വന്തം ജീവിത പങ്കാളിക്ക് തങ്ങള്‍ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത 14 പ്രവാസികളുടെ ഭാര്യമാരാണ് തികച്ചും സൗജന്യമായി ഒരാഴ്ച ഖത്തര്‍ സന്ദര്‍ശിക്കുക. ഫെബ്രുവരി 18 ന് ദോഹയിലെത്തുന്ന ഇവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍, തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ജീവിതത്തിന്റെ ഏറിയ പങ്കും ചിലവഴിച്ച പ്രവാസ ഭൂമിക നേരിട്ട് കാണുകയും വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. ഫെബ്രുവരി 19 ന് ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്ന കമ്യൂണിറ്റി റിസപ്ഷനില്‍ പൗര പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന 14 ദമ്പതികള്‍ക്ക് പുറമെ ഖത്തറില്‍ തന്നെയുള്ള അര്‍ഹരായ 5 മുതിര്‍ന്ന പ്രവാസികളെ കൂടി ചടങ്ങില്‍ ആദരിക്കും.
2018ല്‍ 10 ഇണകള്‍ക്ക് ഖത്തറിലേക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാരെ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി ആരംഭിച്ച ഫോര്‍ മൈ ലവ് ഓരോ വര്‍ഷവും ഓരോ ദമ്പതിമാരെ വീതം വര്‍ദ്ധിപ്പിച്ച് 2024 ല്‍ പതിനാലു പേര്‍ക്ക് അവസരം നല്‍കുകയാണെന്ന് സംഘാടകരായ റേഡിയോ മലയാളം അറിയിച്ചു. കുടുംബം ഉണ്ടായിരിക്കെ തന്നെ നിരവധി പതിറ്റാണ്ടുകള്‍ പ്രവാസത്തില്‍ ഒറ്റക്ക് ജീവിക്കേണ്ടിവരുന്ന പ്രവാസികള്‍ക്കുള്ള ആദരവും കൂടിയാണ് ഫോര്‍ മൈ ലവ്. മാതൃരാജ്യത്തെ രൂപപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ച ആദ്യകാല പ്രവാസത്തെ പുതിയ തലമുറ അംഗീകരിക്കുകയും അവരുടെ ത്യാഗത്തെ ആദരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ പ്രചോദനമാകുന്നതെന്നും ഈ പരിപാടിയുടെ വിജയത്തില്‍ ഖത്തറിലെ മുഴുവന്‍ പ്രവാസ സമൂഹവും വഹിക്കുന്ന പങ്ക് കൃതജ്ഞതാപൂര്‍വ്വം ഓര്‍മ്മിക്കുകയാണെന്നും സംഘാടകര്‍ പറഞ്ഞു.
ചുരുങ്ങിയത് ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലുമായി ഖത്തറില്‍ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളില്‍ നിന്നും റേഡിയോ ശ്രോതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 14 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുന്നത്.
റേഡിയോ മലയാളം & ക്യുഎഫ് എം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ലോഞ്ചിംഗ് പരിപാടിയില്‍ ഫോര്‍ മൈ ലവ് മായി സഹകരിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത് സംസാരിച്ചു.
വിവരങ്ങള്‍ക്ക്:
രതീഷ്: 50416868 / നൗഫല്‍: 66406856 / അന്‍വര്‍: 66260218