കുട്ടികളെ മനസിലാക്കിയുള്ള പഠന രീതികള്‍ വികസിപ്പിക്കണം: അജീന ഇ പി

ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ പരിസരങ്ങളും കഴിവുകളും വ്യത്യസ്തമായതിനാല്‍ മികച്ച തലമുറയെ വാര്‍ത്തെടുക്കുന്നതിന് കുട്ടികളെ ശരിക്കും മനസിലാക്കിയുള്ള പഠന രീതികള്‍ വികസിപ്പിക്കണമെന്ന് വിദ്യാഭ്യാസ വിചക്ഷണയും അജീസ് മാത് ഗീക്ക് മാനേജിംഗ് ഡയറക്ടറുമായ ഇ പി അജീന അഭിപ്രായപ്പെട്ടു.

ഇന്റര്‍നാഷണല്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിദ്യാഭ്യാസ രംഗത്തെ സുപ്രധാനമായ വിഷയങ്ങളിലേക്ക് അവര്‍ വിരല്‍ ചൂണ്ടിയത്.
ഓരോ കുട്ടിയും സവിശേഷമായ സ്വഭാവ ഗുണങ്ങളും കഴിവുകളുമുളളവരാണ്. അവരുടെ മാനസികവും ധൈഷണികവുമായ കഴിവുകള്‍ ഒരു പോലെയാകണമെന്നില്ല. അതിനാല്‍ കുട്ടികളെ വിശദമായി വിശകലനം ചെയ്ത് വേണം പാഠ്യ പദ്ധതിയും രീതികളും വികസിപ്പിക്കേണ്ടത്. വി ടീച്ച് ദ വേ യു ലേണ്‍ എന്നതാണ് അജീസ് മാത് ഗീക്കിന്റെ മുദ്രാവാക്യം.
കുട്ടികളുമായി ആരോഗ്യകരമായ ബന്ധമാണ് രക്ഷിതാക്കളും അധ്യാപകരും നിലനിര്‍ത്തേണ്ടത്. കേവലം മാര്‍ക്കുകള്‍ എന്നതില്‍ മാത്രം കേന്ദ്രീകരിക്കാതെ ഓരോ കുട്ടിയുടേയും സവിശേഷമായ കഴിവുകള്‍ കണ്ടെത്തി അവയെ പ്രോല്‍സാഹിപ്പിക്കാനായാല്‍ വലിയ മാറ്റമുണ്ടാകും. പലപ്പോഴും ബിലോ ആവറാജ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല കുട്ടികളേയും വേണ്ട രൂപത്തില്‍ കൈകാര്യം ചെയ്താല്‍ വലിയ പുരോഗതിയുണ്ടാകും. ലേണിംഗ് കര്‍വുകളെ തിരിച്ചറിഞ്ഞ് ഓരോ കുട്ടിക്കും അനുയോജ്യമായ രീതികളാണ് വേണ്ടത്.
പഠിക്കണമെന്നതോടൊപ്പം തന്നെ പ്രധാനമാണ് എങ്ങനെ പഠിക്കണമെന്നതും. ഈ രംഗത്ത് അധ്യാപകര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. പലപ്പോഴും വിഷയം പഠിപ്പിക്കുന്നതിനേക്കാളും പ്രധാനമാണ് എങ്ങനെ പഠിക്കണമെന്നത്.
കോണ്‍സെപ്റ്റുകള്‍ കൃത്യമായി മനസിലാക്കി കൊടുക്കുകയും കുട്ടികളുടെ വൈവിധ്യമാര്‍ന്ന ട്രോമകളെ തിരിച്ചറിഞ്ഞ് അവ തിരുത്തിക്കൊടുക്കുകയും ചെയ്താല്‍ ഏത് കുട്ടിയും പാഠ്യ രംഗത്ത് വലിയ മാറ്റമുണ്ടാക്കാം. കുട്ടികളെ വേണ്ട പോലെ മനസിലാക്കിയാല്‍ ഏത് ട്രോമയും തിരുത്താമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കുട്ടികളുടെ വാസനകളും സ്‌കില്ലുകളും ബോധ്യപ്പെടുത്തുന്ന മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ടെസ്റ്റുകള്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം. ഹോളിസ്റ്റിക് എന്ന സുപ്രധാനമായ ആശയമാണ് വിദ്യാഭ്യാസത്തെ നല്ല മനുഷ്യരെ സൃഷ്ടിക്കുവാന്‍ സഹായകമാക്കുന്നത്. ഐഖ്യൂവിനേക്കാളും ഇഖ്യൂവിന് പ്രാധാന്യം കൊടുക്കുന്ന ഒരു രീതിയാണ് ഏറെ അഭികാമ്യം. എന്‍.എല്‍.പി പോലുള്ള പല രീതികളും പരീക്ഷിക്കാവുന്നതാണ്.
പാരന്റിംഗ് മികച്ചതാകുമ്പോള്‍ കുട്ടിയുടെ മാനസിക പരിസരം കൂടുതല്‍ ക്രിയാത്മകമാകും. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുവാന്‍ അധ്യാപകര്‍ക്ക് എളുപ്പമാകും. നല്ല പാരന്റിംഗും നല്ല അധ്യാപരും കൂടിച്ചേരുമ്പോഴാണ് എല്ലാ തലങ്ങളിലും മികച്ച തലമുറയെ വാര്‍ത്തെടുക്കാനാവുക.

സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും അനുഭവങ്ങളും താരതമ്യേന കുറവുള്ളവരാണ് ഗള്‍ഫിലെ കുട്ടികള്‍. കൂട്ടുകുംബ വ്യവസ്ഥയുടേയും വിശാലായ സൗഹൃദവൃത്തങ്ങളുടേയും അഭാവം ചിലരെയെങ്കിലും മാനസികമായി ബാധിച്ചേക്കാം. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളുടെ നല്ല സുഹൃത്തുക്കളാവാന്‍ കഴിഞ്ഞാല്‍ ഈ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും.
അജീസ് മാത് ഗീക്ക് കുട്ടികളെ അവരുടെ സര്‍ഗസിദ്ധികള്‍ തിരിച്ചറിഞ്ഞ് അതിയായ പാഷനോടെ പഠിക്കാന്‍ സജ്ജമാക്കുന്ന സംവിധാനമാണ് പരീക്ഷിക്കുന്നതെന്നും അനുദിനം ലഭിക്കുന്ന ഫീഡ് ബാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ പറഞ്ഞു.