Breaking News

ഈസക്കാക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അന്ത്യാജ്ഞലി


അമാനുല്ല വടക്കാങ്ങര

ദോഹ. ജനസേവനത്തിന്റെ മഹിത മാതൃക സമ്മാനിച്ച് ഐഹിക ലോകത്തെ തന്റെ നിയോഗം നിറവേറ്റി ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കാക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അന്ത്യാജ്ഞലി. ഖത്തര്‍ കെ.എം.സിസിയുടെ ആഭിമുഖ്യത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈസക്ക അനുസ്മരണവും പ്രാര്‍ഥന സദസ്സും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അരനൂറ്റാണ്ടോളം നീണ്ട പ്രവാസ കാലത്ത് കെ.മുഹമ്മദ് ഈസ സമൂഹത്തിന്് ചെയ്ത സേവനത്തിന്റെ തെളിവാണ് അദ്ദേഹം വിടവാങ്ങിയ ശേഷം അനുശോചിക്കാനെത്തിയ ജനസമുദ്രം സൂചിപ്പിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ വിവിധ തുറകളില്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ച ഈസ മാതൃകാപ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ നല്ല മാതൃക പിന്തുടര്‍ന്നാണ് സമൂഹംഅദ്ദേഹത്തോടുള്ള സ്‌നേഹബഹുമാനങ്ങള്‍ നിലനിര്‍ത്തേണ്ടതെന്ന് അംബാസിഡര്‍ പറഞ്ഞു.

കല കായിക വിദ്യാഭ്യാസ രംഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈസയുടെ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന് വിയോഗം ഇന്ത്യന്‍ സമൂഹത്തിന് വലിയ നഷ്ടമാണ്, അംബാസിഡര്‍ പറഞ്ഞു.

ഇന്തോ ഖത്തര്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിലും ഈസയുടെ കയ്യൊപ്പുണ്ടായിരുന്നുവെന്ന് അംബാസിഡര്‍ പറഞ്ഞു.

വെളിച്ചം പകര്‍ന്ന് വിളക്കണഞ്ഞു എന്ന ശീര്‍ഷകത്തില്‍ നടന്ന അനുശോചന സംഘമത്തിലും പ്രാര്‍ഥന സദസ്സിലും ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഈസക്ക എന്ന ജ്യേഷ്ഠ സഹോദരനെ നഷ്ടപ്പെട്ടതിലെ വൈകാരികത നിറഞ്ഞുനില്‍ക്കുന്നതായിരുന്നു ഡോ.അബ്ദുസ്സമദിന്റെ ഓരോ വാക്കും.


ഈസക്കയുടെ വിയോഗം കെഎംസിസിക്കും പൊതുജനങ്ങള്‍ക്കും വലിയ നഷ്ടമാണെന്ന് മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പറഞ്ഞു. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലൊക്കെ സജീവമായി കളം നിറഞ്ഞുനില്‍ക്കുമ്പോഴാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ജനാസ നമസ്‌കരിക്കാനും അദ്ദേഹത്തിന് അന്ത്യാജ്ഞലി നല്‍കാനും ഒരുമിച്ചുകൂടിയ ആയിരങ്ങള്‍ അദ്ദേഹത്തിന് ജനമനസുകളിലുള്ള സ്ഥാനം അടയാളപ്പെടുത്തുന്നതാണെന്ന് പാറക്കല്‍ പറഞ്ഞു.
ടി.വി.ഇബ്രാഹീം എം.എല്‍.എ, ഐസിസി പ്രസിഡണ്ട് എ പി മണികണ് ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദ്, പി.എന്‍.ബാബുരാജന്‍, എസ്.എ.എം. ബഷീര്‍, ഡോ. എം.പി.ഷാഫി ഹാജി, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ഷമീര്‍ വലിയ വീട്ടില്‍, അബ്ദുന്നാസര്‍ നാച്ചി, യു.ഹുസൈന്‍ മുഹമ്മദ്, ഹൈദര്‍ ചുങ്കത്തറ, ത്വാഹ മുഹമ്മദ്, അഷ്‌റഫ് ചിറക്കല്‍, സലീം നാലകത്ത്, ഹബീഹുറഹ് മാന്‍ കിഴിശ്ശേരി, ആര്‍.ചന്ദ്രമോഹനന്‍, നിഹാദ്, ഹുസൈന്‍ കടന്നമണ്ണ, ഇ.എം.സുധീര്‍, സാബിത്ത് സഹീർ, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സചിന്‍, സവാദ് വെളിയങ്കോട്, ഇസ്മായിൽ ഹുദവി, സലാം പാപ്പിനിശ്ശേരി, ഓമനക്കുട്ടൻ, സമീർ പികെ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!