കെ മുഹമ്മദ് ഈസ മെമ്മോറിയല്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ സംഘടനയായ ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം ( ഖിഫ് ) ഈയിടെ അന്തരിച്ച പൗരപ്രമുഖനും ദീര്‍ഘ കാലം ഖിഫ് സാരഥിയുമായിരുന്ന കെ മുഹമ്മദ് ഈസയുടെ പേരില്‍ ഈ വര്‍ഷം മുതല്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഖിഫ് സംഘടിപ്പിച്ച മുഹമ്മദ് ഈസയുടെ അനുസ്മരണ പരിപാടിയില്‍ കേരള ബ്ലാസ്റ്റേഴ്സ് മുന്‍ കോച്ച് ഇവാന്‍ വുകോമാനോവിച്ച് ആണ് ഈസ മെമ്മോറിയല്‍ സൂപ്പര്‍ ലീഗിന്റെ പ്രഖ്യാപനം നടത്തിയത്. ഖിഫ് പ്രസിഡന്റ് ഷറഫ് പി ഹമീദിന്റെ അധ്യക്ഷതയില്‍ ഈസക്കയുടെ പ്രിയപ്പെട്ട ഗ്രൗണ്ടായ ദോഹ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന അനുസ്മരണ പരിപാടിയില്‍ ഇവാന്‍, യു എ ഇ യില്‍ നിന്നെത്തിയ ഡോ. പുത്തൂര്‍ റഹ്‌മാന്‍, ദോഹയിലെ കായിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. വികാരനിര്‍ഭരമായ ചടങ്ങില്‍ ഈസക്കയുടെ മരുമകന്‍ ആസാദ് അബ്ദുറഹ്‌മാന്‍, മക്കളായ നൗഫല്‍ ഈസ, നാദിര്‍ ഈസ, നമീര്‍ ഈസ എന്നിവരും സംസാരിച്ചു. ഖിഫി ന്റെ മുഹമ്മദ് ഈസയുമായുള്ള വിഷ്വല്‍ അടങ്ങുന്ന വീഡിയോയും ഡോ. ശശി തരൂരിന്റെതുള്‍പ്പെടെയുള്ള അനുശോചന സന്ദേശ വീഡിയോകളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.