അറബി യുവത്വത്തിന്റെ ഭാഷ: സനാഉല്ല നദ് വി

തേഞ്ഞിപ്പലം. അറബി ഭാഷ സെമിറ്റിക് ഭാഷകളിലെ ഏറ്റവും പ്രചാരമുള്ളതും ആകര്‍ഷകവുമായ ഭാഷയാണെന്ന് അലീഗഡ് മുസ് ലിം യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി പ്രൊഫസര്‍ മുഹമ്മദ് സനാഉല്ല നദ് വി അഭിപ്രായപ്പെട്ടു. അറബി യുവത്വത്തിന്റെ ഭാഷയാണ്. അറബി വ്യാകരണശാസ്ത്രത്തിന്റെ ചരിത്രപരിണാമ ഘട്ടങ്ങള്‍ എന്ന പ്രമേയത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗവും ജാമിഅ മദീനതുന്നൂര്‍ അറബിക് ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അറബി വ്യാകരണ ശാസ്ത്രത്തിലെ വിവിധ ഒറിയന്റലിസ്റ്റ് പഠനങ്ങളെ കുറിച്ചും പരാമര്‍ശിച്ച അദ്ദേഹം അറബി ഭാഷയുടെ ദീര്‍ഘകാല ചരിത്രത്തെയും ഭാഷ രൂപാന്തരപ്പെടുന്ന രീതിശാസ്ത്രത്തെയും വിശകലനം ചെയ്തു. സംസ്‌കൃതം, ഗ്രീക്ക്, സുരിയാനി തുടങ്ങിയ വിവിധ ഭാഷകളും അറബി ഭാഷ വ്യാകരണവും തമ്മിലുള്ള കൊള്ളല്‍ കൊടുക്കലുകളെ സൂചിപ്പിക്കുന്നതോടൊപ്പം ഈ വിഷയത്തിലുള്ള പഠനങ്ങളുടെ ആവശ്യകതയെയും അദ്ദേഹം ചൂണ്ടികാട്ടി. വ്യാകരണവും തര്‍ക്കശാസ്ത്രവും തമ്മിലുള്ള ബന്ധത്തിന്റെ അപഗ്രഥനവും സംസാരത്തിന്റെ ഭാഗമായി.
ഇ.എം.എസ് സെമിനാര്‍ ഹാളില്‍ ആരംഭിച്ച സെമിനാറില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം മേധാവി ഡോ. ടി എ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീന്‍ ഓഫ് ലാംഗ്വേജസ് ഡോ. മൊയ്ദീന്‍ കുട്ടി ഏ ബി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വാക്കുകളും പ്രയോഗങ്ങളുമാണ് ആശയവിനിമയം സാധ്യമാക്കുന്നതെന്നും ഓരോ വാക്കിനും സവിശേഷമായ ആശയതലങ്ങള്‍ കല്‍പിക്കുന്നതില്‍ വ്യാകരണത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാഷ പുരോഗമിച്ചതോടൊപ്പം വ്യാകരണവും വളര്‍ന്നു വികസിച്ചതായി അദ്ദേഹം പറഞ്ഞു.
മനുഷ്യരും ഭാഷയും ഒന്നാണെന്ന സാഹോദര്യത്തിന്റെ പാഠം നമ്മെ വിനയാന്വിതരാക്കുമെന്നും ജനാധിപത്യവാദികളാക്കുമെന്നും ചടങ്ങില്‍ സംസാരിച്ച മലയാളം വിഭാഗം മേധാവി ഡോ.ആര്‍.വി.എം ദിവാകരന്‍ പറഞ്ഞു.
താളാത്മകമായ അറബി ഭാഷ അര്‍ഥമറിയാത്തവര്‍ക്കുപോലും ഹൃദ്യമാണെന്ന് ഹിന്ദി വിഭാഗം മേധാവി പ്രൊഫസര്‍ വി.കെ സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

ജാമിഅ മദീനത്തുന്നൂര്‍ അറബി വകുപ്പ് ഉപമേധാവി ഡോ. അബ്ദു റഹീം സഖാഫി പ്രമേയഭാഷണം നടത്തി. ജാമിഅ മദീനത്തുന്നൂര്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി, പ്രൊ റെക്ടര്‍ ആസഫ് നൂറാനി, നൗഫല്‍ നൂറാനി എന്നിവര്‍ പങ്കെടുത്തു. ജാമിഅ മദീനത്തുന്നൂര്‍ അറബി വിഭാഗം മേധാവി ഡോ. മുഹമ്മദ് അസ്ഹരി സ്വാഗതവും ഷഹീദ് അന്‍വര്‍ നൂറാനി നന്ദിയും പറഞ്ഞു.