രോഷ്‌നി കൃഷ്ണ- ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സിലെ മിന്നും താരം

ഡോ.അമാനുല്ല വടക്കാങ്ങര
ഖത്തറിലെ വേദികളില്‍, എന്നല്ല മിഡില്‍ ഈസ്റ്റിലെ തന്നെ വേദികളില്‍ ഏറ്റവും കൂടുതല്‍ ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സ് നടത്തിയ ഒരു വനിതയെ ലോക റെക്കോര്‍ഡിന് പരിഗണിക്കുകയാണെങ്കില്‍ അതിന് ഏറ്റവും അനുയോജ്യ , നമ്മുടെ ഖത്തറില്‍, നമ്മളോടൊപ്പം ജീവിക്കുന്ന രോഷ്‌നി കൃഷ്ണ എന്ന ചിത്രകല അധ്യാപികയാകും. പോഡാര്‍ പേള്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപികയായ ഇവര്‍ മോഡലിംഗ് , ആര്‍ട്ട് ഡാന്‍സ് , ലൈവ് ആര്‍ട്ട് പെര്‍ഫോമര്‍ എന്നീ നിലകളില്‍ ഖത്തറിലെ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമാണ്.

ഖത്തറിന്റെ സാംസ്‌കാരിക ഭൂമികയില്‍ ഒരു പതിറ്റാണ്ടോളമായി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്, കലാസാംസ്‌കാരിക രംഗത്ത് തന്റെ നിരന്തര സാന്നിധ്യം കൊണ്ട് സഹൃദയ ലോകത്തിന് സ്ഥിരപരിചിതയായ രോഷ്‌നി കൃഷ്ണ ഉജ്വലമായ ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സിലൂടെ ഏവരേയും വിസ്മയിപ്പിക്കും.

സ്റ്റേജിലെ നൃത്തത്തിനോ പാട്ടിനോ മറ്റേതെങ്കിലും അവതരണത്തിനോ അനുസരിച്ച് അതേ തീമിലുള്ള ചിത്രങ്ങള്‍ കേവലം മിനിറ്റുകള്‍ കൊണ്ട് വരച്ചു ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സിന്റെ അനന്തസാധ്യതകള്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്ന കലയുടെ വ്യത്യസ്ത തലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്ന അസാമാന്യ പ്രതിഭ എന്നുതന്നെ നമുക്ക് അവരെ വിശേഷിപ്പിക്കാം

ചിത്രകലയില്‍ ബിരുദവും മള്‍ട്ടിമീഡിയ ഡിപ്ലോമയും, പരമ്പരാഗതമായ മ്യൂറല്‍ പെയിന്റിംഗ് കോഴ്‌സിന്റെ ഡിപ്ലോമയും കരസ്ഥമാക്കിയ രോഷനി ടീച്ചര്‍ക്ക് 14 വര്‍ഷത്തോളമായി ഈ രംഗത്ത് പരിചയസമ്പത്ത് ഉണ്ട്. സാധാരണ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക എന്നതിലുപരി പ്രത്യേക പരിഗണന വേണ്ടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള രീതിയില്‍ അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചിത്രകലയുടെ എല്ലാതരത്തിലുള്ള സാങ്കേതികവിദ്യകളും ഉപയോഗിച്ച് അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് അവരുടെ പ്രധാന ഉദ്ദേശം. അത്തരം ചിത്രങ്ങളുടെ എക്‌സിബിഷനുകളും മറ്റും നടത്തി അതില്‍ നിന്ന് കിട്ടുന്ന വരുമാനം അത്തരം കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി ചിലവഴിക്കുക എന്ന ഉദ്ദേശത്തോടുകൂടി പല പ്രോഗ്രാമുകളും ടീച്ചര്‍ ആവിഷ്‌കരിച്ചു വരുന്നുണ്ട്

മ്യൂറല്‍ ഗവേഷണങ്ങള്‍, ദോഹയിലെ വേദികളില്‍ 5 മിനിറ്റിനകം തീര്‍ക്കുന്ന ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സ്, കുട്ടികളെ പഠിപ്പിക്കുന്ന ചിത്രകലാ സാങ്കേതിക വിദ്യകള്‍ എന്നിവയിലുപരി, കാലിഗ്രാഫി അറേബ്യന്‍ തീം പെയിന്റിങ്ങുകള്‍ ചിത്രകലയുടെ പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ഇപ്പോഴും ഗവേഷണങ്ങളും പഠനവും നടത്തിക്കൊണ്ടിരിക്കുന്ന ടീച്ചര്‍, ഇപ്പോള്‍ എംബസി ഓഫ് ഇന്ത്യ, ഖത്തര്‍ ഭരണകൂടത്തിന്റെ വിവിധ മന്ത്രി തല വിഭാഗങ്ങള്‍ എന്നിവയുമായി സഹകരിച്ച് അവയര്‍നസ് പ്രോഗ്രാമുകളിലൂടെ ചിത്രകലയും ചിത്രകലയുടെ പ്രാധാന്യവും, ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സിന്റെ സാധ്യതകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോധ്യപ്പെടുത്തി കൊടുക്കുന്നതിനുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ദോഹ ഡിഇസിസിയില്‍ നടന്ന ലോക പുസ്തകമേളയില്‍ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് അവരുടെ ഒരു പുസ്തകത്തിന്റെ കവര്‍പേജ് ലൈവ് ആയി വരയ്ക്കുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. സൂഖ് വാഖിഫും എംബസി ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ ഇന്ത്യന്‍ മാമ്പഴ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ എംബസി യുടെ പവലിയനില്‍ മാമ്പഴ ഫെസ്റ്റിന്റെ തീമിലുള്ള ആക്രിലിക് ക്യാന്‍വാസ് ചിത്രം വരച്ച് ജന ശ്രദ്ധ ആകര്‍ഷിച്ചു.

സംസ്‌കൃതി ഖത്തര്‍ സംഘടിപ്പിച്ച ആര്‍ട്ട് എക്‌സിബിഷനില്‍ അറേബ്യന്‍ തീമിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി
സാന്‍ഡ് ആര്‍ട്ട് ക്യാന്‍വാസ് സാങ്കേതികവിദ്യയില്‍ മോഹന്‍ലാലിന്റെയും ഗോപിനാഥ് മുതുകാടിന്റെയും മറ്റു പ്രശസ്ത വ്യക്തികളുടെയും ചിത്രങ്ങള്‍ അഞ്ചു മിനിറ്റ് കൊണ്ട് വരച്ച്, പുതിയ രീതികള്‍ വിദ്യാര്‍ത്ഥികള്‍ക്കും ചിത്രകല പ്രേമികള്‍ക്കും മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. തന്റെ ചിത്ര യാത്രകളിലൂടെ നിരന്തരം നവീകരിച്ചുകൊണ്ട് യാത്ര ചെയ്യുകയും പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സമയം കണ്ടെത്തുകയും ചെയ്യുന്ന രോഷ്‌നി ടീച്ചറുടെ ചിത്ര യാത്രകള്‍ ഏവരേയും ആകര്‍ഷിക്കുന്നതാണ്.

വര വരമായി ലഭിച്ച റോഷ്‌നി ടീച്ചര്‍ നാട്ടിലും ഖത്തറിലുമായി ചുമര്‍ ചിത്രങ്ങള്‍, കാര്‍ട്ടൂണ്‍, പെന്‍സില്‍ ഡ്രോയിംഗ്, ഫാബ്രിക് പെയിന്റിംഗ്, ബോട്ടില്‍ ആര്‍ട്‌സ് തുടങ്ങിയ വ്യത്യസ്ത ചിത്രരചന രംഗങ്ങളില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ഇന്ത്യന്‍ അംബാസിഡര്‍, ഋഷിരാജ് സിംഗ് ഐപിഎസ് ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ വരച്ച് ഏറെ പ്രശംസ നേടിയിട്ടുണ്ട്.

തന്റെ ചിത്രരചനയിലൂടെ ലഭിക്കുന്ന പാരിതോഷികങ്ങള്‍ രോഗികള്‍ക്കും മറ്റു അവശത അനുഭവിക്കുന്നവര്‍ക്കും നല്‍കിവരികയാണ് ഈ മനുഷ്യസ്‌നേഹിയായ കലാകാരി.
ധാരാളം മത്സരങ്ങള്‍ക്ക് വിധി കര്‍ത്താവായി പോകാറുമുണ്ട്. സര്‍ഗസഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെ മുന്നേറുമ്പോഴും
മനുഷ്യ നന്മക്കായി കലയെ പ്രോത്സാഹിപ്പിക്കുന്നവെന്നതാണ് രോഷ്‌നി എന്ന കലാകാരിയെ സവിശേഷയാക്കുന്നത്. പഠിക്കുന്ന കാലത്ത് തന്നെ വിവിധ മാധ്യമങ്ങളില്‍ ചിത്രകലയില്‍ മികവ് പുലര്‍ത്താനും ഉയരാനും കഴിയുന്നത് രോഷ്‌നിയുടെ അഭിനിവേഷവും സമര്‍പ്പണവും കൊണ്ടാണെന്നാണ് രോഷ്‌നി ചിത്രകല അഭ്യസിച്ച കൊളാഷ് ഫൈന്‍ ആര്‍ട്‌സ് പ്രിന്‍സിപ്പല്‍ സുരേഷ് അഭിപ്രായപ്പെട്ടത്.
മുഖ്യമായും അഞ്ച് നിറങ്ങളിലാണ് രോഷ്‌നി ചിത്രങ്ങള്‍ വരക്കുന്നത്. കേവലം കലാനിര്‍വഹണം എന്നതിലുപരി മനസും ശരീരവും ചിന്തയും ഭാവനയുമൊക്കെ സമന്വയിക്കുന്ന സമഗ്രമായ സര്‍ഗപ്രവര്‍ത്തനമായാണ് രോഷ്‌നി കലയെസമീപിക്കുന്നത്.
തിരുവനന്തപുരത്ത് രാധാകൃഷ്ണന്റേയും തങ്കമണിയുടേയും മകളായ രോഷ്‌നി തനിക്ക് ലഭിച്ച വരദാനമായ കലയെ മനുഷ്യ സ്‌നേഹത്തിനും സൗഹാര്‍ദ്ധത്തിനും വേണ്ടിയാണ് വിനിയോഗിക്കുന്നത്. സ്വന്തം അഭിനിവേശമാണ് വരകളിലൂടെ ഈ കലാകാരി പ്രകടിപ്പിക്കുന്നത്. കരിയറിലും ജീവിതത്തിലും അച്ഛനാണ് രോഷ്‌നിയുടെ മുഖ്യ മാര്‍ഗ ദര്‍ശി. സാമൂഹ്യ പ്രവര്‍ത്തകയായ അമ്മയും രോഷ്‌നി എന്ന കലാകാരിയെ വളര്‍ത്തുന്നതില്‍ വഹിച്ച പങ്ക് നിസ്സാരമല്ല.
ദേവാനന്ദ, ദേവി നന്ദ എന്നിവര്‍ രോഷ്‌നിയുടെ മക്കളാണ്.