Local News

സുംബാ ഡാന്‍സ് വിയോജിപ്പ് പ്രകടിപ്പിച്ച ടി.കെ അഷ്റഫിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം :ക്യു.കെ.ഐ.സി

ദോഹ: യാതൊരുവിധ ചര്‍ച്ചകളും കൂടിയാലോചനകളുമില്ലാതെ, പൊതുവിദ്യാലയങ്ങളിലേക്ക് നിര്‍ബന്ധബുദ്ധിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സൂംബാ ഡാന്‍സ് എന്ന ‘ലഹരി വിരുദ്ധ’ പദ്ധതി തീര്‍ത്തും അശാസ്ത്രീയവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ളതുമാണെന്നും, ഇത്തരം തെറ്റായ നീക്കങ്ങള്‍ക്കെതിരെ പൊതു സമൂഹം ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണെന്നും ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

ധാര്‍മികതയില്‍ ഊന്നിയ നമ്മുടെ സംസ്‌കാരത്തിന് ഒട്ടും യോജിക്കാത്ത ഈ വിഷയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് മാന്യമായ ഒരു വിയോജിപ്പ് ഉന്നയിച്ചപ്പോഴേക്കും ദ്രുതഗതിയില്‍ അദ്ദേഹത്തിനെതിരെ സ്വീകരിച്ച സസ്‌പെന്‍ഷനടക്കമുള്ള വിദ്യാഭ്യാസവകുപ്പിന്റെ നടപടികള്‍ തികഞ്ഞ ഫാഷിസവും പ്രതിഷേധാര്‍ഹവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ്.

ആഘോഷ സംസ്‌കാരം വിദ്യാര്‍ഥിസമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിച്ച്, സര്‍ക്കാരുദ്യോഗസ്ഥരെ അത്തരം ശീലങ്ങളുടെ ബാധ്യസ്ഥരാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് വലിയ അപകടത്തെ വിളിച്ചു വരുത്തലാണ് . എന്റെ കുട്ടി സുംബാ ഡാന്‍സ് കളിക്കില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെത്തന്നെ ഞാന്‍ അതിന്റെ പ്രചാരകനാവില്ലെന്നും ഒരു പൗരന്‍ തീരുമാനിച്ചാല്‍ അതില്‍ ഭരണകൂടം അതിര്‍വരമ്പ് തിരിച്ചറിയണം. അല്ലാതെ ആ അധ്യാപകന് എതിരില്‍ നടപടി സ്വീകരിക്കുകയല്ല ഒരു ജനാധിപത്യ സര്‍ക്കാരിന്റെ രീതി. ഇത് പൊതുവിദ്യാഭ്യാസ മേഖലക്ക് തന്നെ തിരിച്ചടിയാവും.

വരും തലമുറയില്‍ ധാര്‍മ്മിക സംസ്‌കാരവും മൂല്യബോധവും നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന ഓരോരുത്തരും എതിരഭിപ്രായം പറയുന്നവരെ വേട്ടയാടുന്ന ഈ കള്‍ച്ചറല്‍ ഫാസിസത്തിനെതിരെ ശബ്ദിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.

ജന. സെക്രട്ടറി മുജീബ് റഹ്‌മാന്‍ മിശ്കാത്തി ആമുഖ ഭാഷണം നടത്തിയ യോഗത്തില്‍ പ്രസിഡന്റ് കെ.ടി. ഫൈസല്‍ സലഫി അധ്യക്ഷത വഹിച്ചു. സിക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദലി മൂടാടി, ഖാലിദ് കട്ടുപ്പാറ ഷഹാന്‍ വി.കെ, ശബീറലി അത്തോളി എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!