‘സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് – 2025’

ദോഹ : സംസ്‌കൃതി ഖത്തര്‍+2 പരീക്ഷയില്‍ സയന്‍സ് , കോമേഴ്സ് , ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കായി സംസ്‌കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തില്‍ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാര സമര്‍പ്പണവും, എസ് എസ് എല്‍.സി, +2 പരീക്ഷകളില്‍ വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കള്‍ക്കായി എല്ലാവര്‍ഷവും നല്‍കിവരുന്ന ആദരവും ‘സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് – 2025’ എന്ന പേരില്‍ ആഗസ്റ്റ് 22 ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അല്‍ അഷ്ബാല്‍ സ്‌കൂളില്‍ വെച്ച് സമ്മാനിക്കും.
കേരളത്തിന്റെ മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീല്‍ ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ മുഖ്യാതിഥിയായിരിക്കും. സയന്‍സ് വിഭാഗത്തില്‍ അനീന മരിയ കുര്യാക്കോസ് , കോമേഴ്സ് വിഭാഗത്തില്‍ മലിഹ മുംതാസ് നജീബ്, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ജിയ മറിയ ജൂഡ് എന്നിവരാണ് പ്രഥമ അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്. മൂന്ന് പേരും ദോഹ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.
ദോഹയില്‍ നടന്ന പത്രസമ്മേളത്തില്‍ സംസ്‌കൃതി മുന്‍ സെക്രട്ടറി ഇ എം സുധീര്‍ മാധ്യമപ്രവര്‍ത്തകരെ സ്വാഗതം ചെയ്തു. സംസ്‌കൃതി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭാവി പരിപാടികളെ കുറിച്ചു സംസ്‌കൃതി ജനറല്‍ സെക്രട്ടറി വിശദീകരിച്ചു. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജലീല്‍ എ കെ, അഹമ്മദ്കുട്ടി അറളയില്‍, സാള്‍ട്‌സ് സാമുവല്‍,ശ്രീനാഥ് ശങ്കരന്‍കുട്ടി, അനിഷ് വി എം എന്നിവര്‍ സന്നിഹിതരായിരുന്നു.