ജി.ആര്‍.സി.സി. ‘തിരുവോണനിലാവ് നാളെ

ദോഹ: പ്രവാസികളുടെ ഗൃഹാതുര ഹൃദയങ്ങളില്‍ ഓണാഘോഷത്തിന്റെ സാംസ്‌ക്കാരിക ലയവിന്യാസങ്ങളൊരുക്കി ജി.ആര്‍.സി.സി. യുടെ ‘തിരുവോണനിലാവ് 2025’ ഓണാഘോഷം സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച അബൂ ഹമൂറിലെ സഫാരി മാളില്‍ നടക്കും.
‘തിരുവോണനിലാവ് 2025’ എന്ന പേരില്‍ ഒരുക്കുന്ന ഓണാഘോഷം വൈകിട്ട് 5.00 മുതല്‍ രാത്രി 10.30 വരെ വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക, സംഗീത, നൃത്ത വിന്യാസങ്ങളുടെ അപൂര്‍വ്വ അനുഭവമായിരിക്കും പ്രവാസസമൂഹത്തിന് കാഴ്ചവെയ്ക്കുകയെന്ന് ഫൗണ്ടര്‍ പ്രസിഡന്റ് രോഷ്‌നി കൃഷ്ണനും സംഘവും അറിയിച്ചു.
മലയാളിയുടെ ഓര്‍മ്മകളില്‍ ഓണസ്മരണകള്‍ നിറയ്ക്കുന്ന എല്ലാ നിറപ്പകിട്ടും തിരുവോണനിലാവ് 2025 അണിയറയില്‍ തയ്യാറാക്കുന്നുണ്ട് .
അത്തപ്പൂക്കളം അലങ്കരിച്ചുകൊണ്ടാണ് ആഘോഷത്തിന്റെ തുടക്കം കുറിക്കുന്നത്.
ജി. ആര്‍. സി.സി. യിലെ പ്രഗല്ഭ കലാകാരികള്‍ അണിയിച്ചൊരുക്കുന്ന തിരുവാതിരയും ഡാന്‍സ് ഫെസ്റ്റും, കേരളീയ കലാരൂപങ്ങളും, കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ട്രഡിഷണല്‍ ഓണം ഫാഷന്‍ ഷോയും ആഘോഷത്തെ വര്‍ണശബളമാക്കും.
ഖത്തറിലെ പ്രമുഖ ഗായകര്‍ അവതരിപ്പിക്കുന്ന ഓണപ്പാട്ടുകളും, ഓണം സ്‌കിറ്റുകളും,
മാവേലി & ബെസ്റ്റ് മെലഡി അവതരിപ്പിക്കുന്ന സംഗീതനിശയും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടും, ചെണ്ടമേളവും മാവേലിയും ഓണാഘോഷങ്ങളുടെ കേരളീയ മായികതയിലേക്ക് പ്രവാസത്തിന്റെ ഊഷരതയെ കുളിരണിയിപ്പിക്കും
വെറും ആഘോഷം മാത്രമല്ല, എല്ലാവരും തുല്യരായ കള്ളവും ചതിയുമില്ലാത്ത ഐശ്വര്യസമൃദ്ധമായ കേരളീയ പ്രതാപത്തിന്റെ പൗരാണിക സ്മരണകളെ പ്രവാസജീവിതത്തിലും സംരക്ഷിച്ച് പങ്കുവെയ്ക്കുന്ന ഓര്‍മ്മപുതുക്കല്‍ കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍ എന്ന് സംഘാടകര്‍ വ്യക്തമാക്കി.
