‘ലൗ വിസ്പേഴ്സ് ഇന്‍ സൈലന്റ് സ്ട്രീറ്റ്സ് ‘ ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ. പ്രമുഖ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ പ്രൊഫഷണലും, സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ മുഹമ്മദ് അലി പൂനൂരിന്റെ ലൗ വിസ്പേഴ്സ് ഇന്‍ സൈലന്റ് സ്ട്രീറ്റ്സ് എന്ന ചെറുകഥാ സമാഹാരം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ പ്രകാശനം ചെയ്തു.
ദോഹയിലെ സാമൂഹിക സാംസ്കാരിക ഭൂമികയില്‍ നിറ സാന്നിധ്യമായ എസ് എ എം ബഷീര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കവയിത്രിയും വിവര്‍ത്തകയുമായ സുസ്മിത പഠ്നായക്ക് പുസ്തകം ഏറുവാങ്ങി.
‘ഫലസ്തീനും, അഫ്ഗാനിസ്ഥാനും, ഇറ്റലിയും, പഴയ കേരളവുമൊക്കെ പശ്ചാത്തലമാക്കുന്ന പതിമൂന്ന് കഥകള്‍ അടങ്ങുന്ന ഈ സമാഹാരം നല്ലൊരു വായനാനുഭവം നല്കുന്നു.കഥാപാത്രങ്ങളിലൂടെ ദേശത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും അനാവരണം ചെയ്യുന്ന അന്യാദൃശമായ രചനാ കൗശലം കൊണ്ട് ശ്രദ്ധേയമാണ് ഈ സമാഹാരം. നമ്മള് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന സ്നേഹത്തിന്റെ മൃദു മര്‍മ്മരങ്ങള്‍ ഒപ്പിയെടുത്ത കഥകളെ മൂക വീഥികളിലെ സ്നേഹ മന്ത്രണങ്ങള്‍ എന്ന് മൊഴി മാറ്റി വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു’, പുസ്തകം പ്രകാശം ചെയ്തു സംസാരിക്കുകയായിരുന്ന എസ് എ എം ബഷീര്‍ അഭിപ്രായപ്പെട്ടു.
സഞ്ചാര സാഹൃത്യ കൃതികളിലൂടെ ശ്രദ്ധേയനായ യൂനുസ് പി ടി പുസ്തകം പരിചയപ്പെടുത്തി.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഓ ക്കെ പരുമല, ഖത്തറിലെ മുന്‍കാല പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ മുഹമ്മദ് പാറക്കടവ്, ഡോ: ഷഫീഖ് താപ്പി, ഡോ: ഷഫീക്ക് ദാര്‍, ഫോറം സെക്രട്ടറി ഷംനാ ആസ്മി’ എക്സിക്യൂട്ടീവ് അംഗം തന്‍സീം കുറ്റ്യാടി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
ഓരൊ കഥയുടെയും പിറവിയെക്കുറിച്ചും, കഥകളുടെ രചനാ പാശ്ചാത്തലത്തെ കുറിച്ചുമൊക്കെയുള്ള തന്റെ അനുഭവങ്ങള്‍
മുഹമ്മദ് അലി പൂനൂര് സദസ്സുമായി പങ്കുവെച്ചു. കൂടാതെ സദസ്സില്‍ നിന്നുള്ള പൊതു ഇടപെടലുകള്‍ക്കും അദ്ദേഹം മറുപടി നല്കി
ഫോറം പ്രസിഡണ്ട് ഡോ.സാബു. കെ. സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ കടന്നമണ്ണ സ്വാഗത ഭാഷണവും അഷറഫ് മടിയാരി നന്ദിയും പറഞ്ഞു.
ഫോറം ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര പരിപാടി നിയന്ത്രിച്ചു. മജീദ് പുതുപ്പറമ്പ്, ജാബിര്‍ റഹ്മാന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഹുസൈന് വാണിമേല്‍ വായനാനുഭവം പങ്കു വെച്ചു. തന്റെ സ്കോട്ട്ലന്റ് കാരിയായ സ്കൂള്‍ ടീച്ചറുടെ വായനാനുഭവം, പൂനൂരിന്റെ പേരക്കുട്ടി കൂടിയായ മറിയം റാംസി വേദിയില്‍ വായിച്ചു.
വൈസ് പ്രസിഡന്റ് ശ്രീകല ജിനന്, ബാസ്സില്‍ ഹുസൈന് എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ വീഡിയോ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.


