പുണ്യ റമദാനിനെ അനുഭവിച്ചറിയുക

ബഷീര്‍ വടകര
വ്രതാനുഷ്ഠാനം വിശപ്പിന്റെ ഒരു പരിശീലനം മാത്രമല്ല,
അത് ആത്മനിയന്ത്രണത്തിന്റെ മഹാവിപ്ലവമാണ്.
ശരീരം വിശപ്പറിയുമ്പോള്‍
മനസ് വിനയമറിയുന്നു.
മനസ് വിനയപ്പെടുമ്പോള്
ആത്മാവ് ദൈവസാന്നിധ്യം കൂടുതല്‍ തീവ്രമായി അനുഭവിക്കുന്നു.
വ്രതം എന്നത് ഭക്ഷണം ഒഴിവാക്കല്‍ മാത്രമല്ല ”ഞാന്‍” എന്ന ഭാവവും അഹങ്കാരവും മനസ്സില്‍ നിന്ന് നീക്കലാണ്,
വാക്കുകളെ ശുദ്ധീകരിച്ചും
കണ്ണുകളെ നിയന്ത്രിച്ചും
ഹൃദയത്തെ മൃദുവാക്കി വിശപ്പിന്റെ നിശ്ശബ്ദ വാതായനങ്ങളില്‍
മറ്റുള്ളവരുടെ വേദന കേള്‍ക്കാന്‍ പഠിക്കുന്ന ആത്മപരിശീലനമത്രെയത്.
വ്രതങ്ങളിലൂടെ
നമ്മുടെ ശരീരം ശുദ്ധമാകട്ടെ,
മനസ് പ്രകാശമാകട്ടെ,
ആത്മാവ് കരുണയാല്‍ നിറയട്ടെ.
തിരിച്ചറിവിനും സ്വയം ശുദ്ധീകരണത്തിനും
അവസരങ്ങള്‍ നല്കുന്ന ദൈവത്തിന്റെ കാരുണ്യത്തിന് സ്തോത്രങ്ങള്‍.
വ്രതത്തിന്റെ മഹാത്മ്യവും അതിന്റെ അന്തര്‍നിഹിതമായ ശുദ്ധതയും
ഉള്‍ക്കൊള്ളാനുള്ള ബോധവും ബോധ്യവും
നമുക്കെല്ലാം ലഭിക്കുമാറാകട്ടെ, ആമീന്‍


