അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ കേരളം വിധിയെഴുതണം – പ്രവാസി വെല്‍ഫെയര്‍

ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ കേരളം വിധിയെഴുതണമെന്ന് ജനപക്ഷ ജനാധിപത്യം എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ ‘ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. കേരളത്തിലും രാജ്യത്തും മതേതര കക്ഷികള്‍ ശക്തിപ്പെടേണ്ട കാലഘട്ടമാണിത്. അതിന് തീവ്രവലതു പാതയില്‍ തോള്‍ ചേര്‍ന്നു ചലിക്കുന്നവര്‍ ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിദ്വേഷ ആശയങ്ങള്‍ക്ക് തെളിച്ചവും കരുത്തുമുള്ള ബദലുണ്ടെന്നും അതിന്റെ വിജയം ജനാധിപത്യം സംരക്ഷിക്കപ്പെടാന്‍ അനിവാര്യമാണെന്നും നാം തിരിച്ചറിയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തിന്റെ പത്തുവര്‍ഷ തുടര്‍ ഭരണത്തില്‍ നാം ഇതുവരെ കാത്തുസൂക്ഷിച്ച സാമൂഹികബന്ധങ്ങളുടെ ഇഴയടുപ്പങ്ങളില്‍ വലിയ വിള്ളലുകള്‍ വെളിപ്പെട്ടിരിക്കുന്നു. അതിലേക്ക് നയിച്ചതാകട്ടെ, അധികാരത്തുടര്‍ച്ചക്കും വിജയങ്ങള്‍ക്കുംവേണ്ടി അവര്‍ സ്വീകരിച്ച ‘സോഷ്യല്‍ എന്‍ജിനീയറിങ്’ പദ്ധതികളും. വലിയ അപകടവും ദീര്‍ഘകാല സാമൂഹികാഘാതവും ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് സമുദായ ധ്രുവീകരണ ശ്രമങ്ങളില്‍ സി.പി.എമ്മും കേരള സര്‍ക്കാരും കക്ഷിചേര്‍ന്നുവെന്നത് ചരിത്രത്തിലെ ദുരന്തമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പൗരാവകാശ പ്രസ്ഥാനങ്ങള്‍ക്കും സിവില്‍ സമൂഹങ്ങള്‍ക്കുമെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ കൈകൊണ്ട ഏകാധിപത്യപരവും സമഗ്രാധിപത്യപരവുമായ സമീപനങ്ങളും വിസ്മരിക്കപ്പെടരുത്. ജനകീയ സമരങ്ങളെ സര്‍ക്കാര്‍ നേരിട്ടത് മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ ഫാസിസ്റ്റ് പ്രവണതകളോടെയാണ്. അധികാരത്തുടര്‍ച്ചുക്കുവേണ്ടി പയറ്റുന്ന സമൂഹ വിഭജന സോഷ്യല്‍ എഞ്ചിനിയറിങ്ങിനെയും തോല്‍പ്പിക്കേണ്ടത് ഇപ്പോള്‍ മതനിരപേക്ഷ കേരളത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. തുടര്‍ഭരണം ന്യുനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍കൃതരുടെയും അവകാശങ്ങല്‍ ഹനിക്കപ്പെടുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് ഇപ്പോഴുള്ള അനുഭവമെന്നും ചര്‍ച്ച സദസ്സ് അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഖത്തര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് നന്നമുക്ക്, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് സിദ്ദീഖ് വാഴക്കാട്, കരുണ ഖത്തര്‍ ജാന്റല്‍ സെക്രട്ടറി ശ്രീജു ബാലന്‍ എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. അനീസ് കൊടിഞ്ഞി, നിജാം കൊല്ലം, സിയാദ് ആലപ്പുഴ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്‌മാന്‍ മാള ചര്‍ച്ച നിയന്ത്രിച്ചു. സെക്രട്ടറി നിഹാസ് എറിയാട് സമാപന പ്രസംഗം നടത്തി.


