ഖത്തറില്‍ ജൂണ്‍ 1 മുതല്‍ സപ്തമ്പര്‍ 15 വരെ തുറന്ന സ്ഥലങ്ങളിലെ ജോലി സമയം ക്രമീകരിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ജൂണ്‍ 1 മുതല്‍ സപ്തമ്പര്‍ 15 വരെ തുറന്ന സ്ഥലങ്ങളിലെ ജോലി സമയം ക്രമീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം.
വേനല്‍ക്കാലത്ത് സൂര്യാഘാതവും അനുബന്ധപ്രശ്നങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തുറന്ന ജോലിസ്ഥലങ്ങളില്‍ പ്രത്യേക ജോലി സമയം ക്രമീകരിക്കുന്നത് സംബന്ധിച്ച 2021 ലെ 17ാം നമ്പര്‍ മന്ത്രാലയ തീരുമാനപ്രകാരമണിത്. ഇത് പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സൂര്യനു കീഴിലോ തുറന്ന ജോലിസ്ഥലങ്ങളിലോ ചെയ്യുന്ന ജോലികള്‍ രാവിലെ 10 നും 3:30 നും ഇടയില്‍ നിര്‍ത്തി വെക്കണം.
ഈ തീരുമാനത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി തൊഴിലുടമ ദൈനംദിന പ്രവൃത്തി സമയം നിര്‍ണ്ണയിക്കാന്‍ ഒരു ഷെഡ്യൂള്‍ നിശ്ചയിക്കണമെന്നും എല്ലാ തൊഴിലാളികള്‍ക്കും പരിശോധന സന്ദര്‍ശനങ്ങളില്‍ ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും കാണാന്‍ സൗകര്യപ്പെടുമാറ് ഈ ഷെഡ്യൂള്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
പുതിയ തീരുമാനം തൊഴിലാളികള്‍ക്ക് ഉണ്ടാകാനിടയുള്ള താപ സമ്മര്‍ദ്ദത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്നും വേനല്‍ക്കാലത്ത് നടപ്പാക്കേണ്ട ആരോഗ്യ സുരക്ഷാ പദ്ധതികളെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
വെറ്റ് ബള്‍ബ് ഗ്ലോബല്‍ ഗേജിന്റെ (ഡബ്ല്യുബിജിടി) താപനില സൂചിക 32.1 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞാല്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി നിര്‍ത്തിവെക്കണം. ചുറ്റുമുള്ള അന്തരീക്ഷ താപനില, ഈര്‍പ്പം, സൗരവികിരണം, കാറ്റിന്റെ വേഗത എന്നിവ പരിഗണിച്ചാണ് വെറ്റ് ബള്‍ബ് ഗ്ലോബല്‍ ഗേജിന്റെ (ഡബ്ല്യുബിജിടി) താപനില സൂചിക നിശ്ചയിക്കുന്നത്..
താപ സമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനും അതിന്റെ ഫലങ്ങള്‍ ലഘൂകരിക്കുന്നതിനും കാലാകാലങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യാവുന്ന രീതിയില്‍ കമ്പനികളുമായും തൊഴിലാളികളുമായും ഒരു സംയുക്ത പദ്ധതി വികസിപ്പിക്കുകയും ഇത് ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് അവലോകനം ചെയ്യുന്നതിനായി മൂല്യനിര്‍ണ്ണയത്തിന്റെ ഒരു പകര്‍പ്പ് ജോലിസ്ഥലത്ത് സൂക്ഷിക്കുകയും ചെയ്യുക,
എല്ലാ വര്‍ഷവും മെയ് മാസത്തോടെ ചൂട് സമ്മര്‍ദ്ദം നേരിടുന്നത് സംബന്ധിച്ച് എല്ലാ തൊഴിലാളികള്‍ക്കും പരിശീലനം നല്‍കുക, ജോലി കാലയളവില്‍ ഉടനീളം എല്ലാ തൊഴിലാളികള്‍ക്കും അനുയോജ്യമായ താപനിലയില്‍ സൗജന്യ കുടിവെള്ളം ലഭ്യമാക്കുക, തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന ഷേഡുള്ള വിശ്രമ പ്രദേശങ്ങള്‍ നല്‍കുക, ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും തൊഴിലാളികള്‍ക്ക് നല്‍കുക, തൊഴിലാളികളുടെ വിട്ടുമാറാത്ത രോഗങ്ങള്‍ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും സൗജന്യമായി വാര്‍ഷിക മെഡിക്കല്‍ പരിശോധന നടത്തുകയും റിപ്പോര്‍ട്ടുകള്‍ സൂക്ഷിക്കുകയും ചെയ്യുക, തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശങ്ങളും പ്രഥമശുശ്രൂഷയും നല്‍കുന്നതിന് ജോലിസ്ഥലത്ത് പാരാമെഡിക്കുകള്‍ക്കും ആരോഗ്യ സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കുക, വെറ്റ് ബള്‍ബ് ഗ്ലോബ് താപനില (ഡബ്ല്യുബിജിടി) അളക്കുന്നത്, സൂര്യപ്രകാശം, ആപേക്ഷിക ആര്‍ദ്രത, വായുവിന്റെ താപനില, കാറ്റിന്റെ വേഗത തുടങ്ങിയ എല്ലാ കാലാവസ്ഥാ മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഈ വിലയിരുത്തലുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക, ജോലിസ്ഥലത്തെ അന്തരീക്ഷോഷ്മാവ് നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക. വെറ്റ് ബള്‍ബ് ഗ്ലോബല്‍ ഗേജിന്റെ (ഡബ്ല്യുബിജിടി) താപനില സൂചിക 32.1 ഡിഗ്രി കവിയുന്ന സ്ഥലങ്ങളില്‍ ജോലി നിര്‍ത്തിവെക്കുക എന്നിവയാണ് മന്ത്രാലയം നല്‍കുന്ന മറ്റു നിര്‍ദേശങ്ങള്‍.