ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നില്ല, ഡോ. അല്‍ ഖാല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണവിധേയമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും കോവിഡിന്റെ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നില്ലെന്നും കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ ടി.വി.യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിദിന കേസുകള്‍, ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലുമുള്ള അഡ്മിഷനുകള്‍ എന്നിവയിലെ കുറവും വാക്‌സിനേഷന്‍ രംഗത്തെ പുരോഗതിയും ഖത്തര്‍ കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകരും സമൂഹവും ഒത്തൊരുമിച്ച് കോവിഡ് മഹാമാരിയെ ക്രിയാത്മകമായി പ്രതിരോധിക്കുമ്പോള്‍ രാജ്യം അതിവേഗം സാധാരണ നിലയിലേക്ക് നീങ്ങുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നാം കോവിഡിനെതിരെയയുള്ള പ്രവര്‍ത്തനങ്ങളില്‍ വിജയപാതയിലാണ് . അതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുകയാണ് . എന്നാല്‍ കോവിഡിനെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതുവരെ ജാഗ്രത വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഖത്തറില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്‌സിനുകളാണ് . കോവിഡിനെ പ്രതിരോധിക്കുവാന്‍ കഴിയുന്നതും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്തവയുമാണെന്ന് തെളിയിക്കപ്പെട്ട വാക്‌സിനുകളാണ് ഖത്തറില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ഇനിയും വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിനെടുത്ത് തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും വളരെ വേഗം പുരോഗമിക്കുന്നുണ്ട്. 12 വയസിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിനെടുക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.