ഖത്തറിലേക്ക് തിരിച്ച് വരുന്ന വാക്‌സിനെടുത്ത സ്വദേശികള്‍ക്കും താമസക്കാര്‍ക്കും എയര്‍പോര്‍ട്ടില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് തിരിച്ച് വരുന്ന വാക്‌സിനെടുത്ത സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിര്‍ബന്ധമായും നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇന്ന് ദോഹയില്‍ വന്നിറങ്ങിയ
വാക്‌സിനെടുത്ത യാത്രക്കാരെ ആര്‍.ടി.പി.സി.ആര്‍ നടത്താതെ 36 മണിക്കൂറിനകം പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് പി.സി.ആര്‍ ടെസ്റ്റ് ആവര്‍ത്തിക്കണമെന്ന സ്റ്റിക്കര്‍ പതിപ്പിച്ച് വിടുകയാണ് ചെയ്തത്.
ഈദ് അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന പതിനെട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഉടനടി പരിശോധന ആരംഭിക്കുക. പെരുന്നാള്‍ അവധി കഴിഞ്ഞ് ജൂലൈ 26 മുതല്‍ രാജ്യത്തെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈ പരിശോധന നടത്തും.
യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന സ്വദേശികളുടെയും താമസക്കാരുടെയും പൂര്‍ണ വിവരങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൈമാറും. ദോഹയില്‍ തിരിച്ചെത്തി മുപ്പത്തി ആറ് മണിക്കൂറിനകം പി.സി.ആര്‍ പരിശോധന പൂര്‍ത്തിയാക്കത്തവരുടെ വിവരങ്ങളറിയിക്കണെമെന്നും നിര്‍ദ്ദേശമുണ്ട്. ചെറിയ കുട്ടികളടക്കം എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമായിരിക്കും.
ഈ പരിശോധന സ്വദേശികള്‍ക്ക് സൗജന്യമാണ്. താമസക്കാര്‍ക്ക് 300 റിയാല്‍ ചാര്‍ജ് ഈടാക്കും.