IM Special

പാട്ടിന്റെ പാലാഴി തീര്‍ത്ത് ലെത്തീഷ ഫൈസല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിന്റെ വേദികളില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് മുന്നേറുന്ന യുവഗായികയാണ് ലെത്തീഷ ഫൈസല്‍ .ഏത് തരം പാട്ടുകളും തന്മയത്തത്തോടെ അവതരിപ്പിച്ച് ജനമനസുകളില്‍ കൂട് കൂട്ടിയ ഈ പാട്ടുകാരി ഒരു നോക്ക് നോക്കാതെ എന്ന സംഗീത ആല്‍ബത്തില്‍ ചലചിത്ര പിന്നണി ഗായകന്‍ നജീം അര്‍ഷാദിനോടൊപ്പം പാടിത്തകര്‍ത്തത് സംഗീതാസ്വാദകര്‍ ഏറ്റെടുത്തതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

പ്രണയിത്തിന്റെ മാസമായ ഫെബ്രുവരി ആദ്യവാരത്തില്‍ പുറത്തിറങ്ങിയ പ്രണയാര്‍ദ്രമായ ഈ മ്യൂസിക്കല്‍ ആല്‍ബം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് .


പ്രായത്തിനപ്പുറമുള്ള പക്വതയോടെ പതിനഞ്ചുകാരന്‍ ദല്‍ഹത്ത് മാന്തോട്ടം പകര്‍ത്തിയ വരികള്‍ക്ക് അഷറഫ് മഞ്ചേരി നല്‍കിയ ഇമ്പമാര്‍ന്ന സംഗീതത്തിലൂടെ തനതായ ശൈലിയില്‍ നജീം അര്‍ഷാദും പുതുക്കത്തിലും പതക്കം കാത്ത് സൂക്ഷിച്ച് ലെത്തീഷ ഫൈസലും പാടിത്തകര്‍ത്തുവെന്നാണ് ഒരു നോക്ക് നോക്കാതെ എന്ന ആല്‍ബം വിലയിരുത്തപ്പെടുന്നത്.

തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് അബ്ദുല്‍ ലത്തീഫിന്റേയും ഷാജിദയുടേയും മകളായാണ് ലെത്തീഷ ജനിച്ചത്. ചെറുപ്പം മുതലേ പാട്ടുകളോട് കമ്പമുണ്ടായിരുന്നു. ഉപ്പയുടെ ഉമ്മ ചെറുതായി പാടുമായിരുന്നു. അതില്‍ നിന്നാകാം പാട്ടുകളോട് പ്രത്യേക താല്‍പര്യം തോന്നി തുടങ്ങിയത്.

നാലാം ക്‌ളാസ് മുതല്‍ സ്‌കൂളിലെ വിവിധ വേദികളില്‍ പാടാന്‍ തുടങ്ങി. ആദ്യ അവസരത്തില്‍ തന്നെ പാട്ടിന് സമ്മാനം കിട്ടിയത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും മാപ്പിളപ്പാട്ട്, ലളിത ഗാനം, ഒപ്പന തുടങ്ങിയ വിവിധ ഇനങ്ങളില്‍ മാറ്റുരക്കുകയും ചെയ്തു. കോളേജിലും കലാ സാഹിത്യ മല്‍സരങ്ങളിലൊക്കെ സജീവമായിരുന്നു.

ഗുരുവായൂര്‍ ആര്യ ഭട്ട കോളേജില്‍ ഡിഗ്രി ഇക്കണോമിക്‌സിന് പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹം നടന്നത്. അതോടെ പാട്ടും മല്‍സരങ്ങളുമൊക്കെ തല്‍ക്കാലം നിര്‍ത്തിവെച്ചു. എന്നാല്‍ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയപ്പോഴാണ് ഭര്‍ത്താവ് ഫൈസലിന്റെ പ്രോല്‍സാഹനത്താല്‍ വിവിധ വേദികളില്‍ പാടാന്‍ തുടങ്ങിയത്. പാടിയ വേദികളില്‍ നിന്നും ലഭിച്ച പ്രോല്‍സാഹനവും ഖത്തറിലെ സഹൃദയ ലോകത്തിന്റെ നിറഞ്ഞ പിന്തുണയുമാണ് നാണം കുണുങ്ങിയായ ലെത്തീഷയെ ഒരു നല്ല പാട്ടുകാരിയും പെര്‍ഫോമറുമാക്കിയത്.


ഇതിനകം നിരവധി വേദികളില്‍ ലെത്തീഷ പാടിക്കഴിഞ്ഞു. കോവിഡ് കാലത്ത് വേദികള്‍ കുറവായിരുന്നെങ്കിലും ചെറിയ ചെറിയ കൂട്ടായ്മകളിലൊക്കെ പാടാനായി. ആ സമയത്താണ് ശ്രദ്ധേയനായ ചലചിത്ര പിന്നണി ഗായകന്‍ നജീം അര്‍ഷാദിനൊട്ടൊപ്പം ആല്‍ബത്തില്‍ പാടാന്‍ അവസരം ലഭിച്ചത്. കൂടുതല്‍ ആല്‍ബങ്ങളിലും സിനിമയിലുമൊക്കെ പാടാനുള്ള അവസരം കാത്തിരിക്കുകയാണ് ഈ ഗായിക.

എല്ലാ തരം പാട്ടുകളും ലെത്തീഷക്ക് വഴങ്ങുമെങ്കിലും ഗസലുകളോടും മെലഡികളോടുമൊക്കെയാണ് ഈ ഗായികക്ക് ഏറെ പ്രിയം. ക്യൂ മലയാളത്തിന്റേയും മെഹ് ഫില്‍ ദോഹയുടേയും വേദികളില്‍ നടന്ന ഈ ഗായികയുടെ ഗസല്‍ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളം, ഹിന്ദി , തമിഴ് പാട്ടുകളൊക്കെ പാടാറുണ്ട്. ഫാസ്റ്റ് നമ്പറുകളും മെലഡികളുമൊക്കെ വഴങ്ങും. എങ്കിലും പഴയ മെലഡികള്‍ പാടുമ്പോള്‍ ലഭിക്കുന്ന സുഖം മറ്റെവിടെയും ലഭിക്കില്ലെന്നാണ് ലെത്തീഷ കരുതുന്നത്.

പ്രൊഫഷണലായി പാട്ടു പഠിച്ചിട്ടില്ലെങ്കിലും നിരന്തരം കേട്ടു പഠിച്ചാണ് ലെത്തീഷ സ്റ്റേജുകളില്‍ പാട്ടുകള്‍ അവതരിപ്പിക്കാറുള്ളത്. പാട്ടുകള്‍ കേള്‍ക്കുന്നതും പാടുന്നതുമൊക്കെ വല്ലാത്തൊരനുഭൂതിയാണ് . പലപ്പോഴും സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും പാട്ടുകളെയാണ് ആശ്രയിക്കാറുള്ളതെന്ന് ലെത്തീഷ പറഞ്ഞു. സങ്കര്‍ഷഭരിതമായ മനസിലേക്ക് ശാന്തിയുടേയും സമാധാനത്തിന്റേയും കുളിര്‍ക്കാറ്റായെത്തുന്ന പാട്ടുകളെ പ്രണയിച്ചാണ് ജീവിതം മനോഹരമാക്കുന്നത്.

മനുഷ്യ ജീവിതത്തില്‍ പാട്ടുകളുടെ സ്വാധീനം അനിഷേധ്യമാണ് . കേവലം ആസ്വാദനത്തിനുമപ്പുറം ഒട്ടേറെ രചനാത്മകമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരുവാന്‍ പാട്ടുകള്‍ക്ക് കഴിയും. നല്ല പാട്ടുകള്‍ കേള്‍ക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ സര്‍ഗാത്മകമായ പ്രവര്‍ത്തനമാണ് .

ഖത്തറില്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യുന്ന ഫൈസലാണ് പ്രിയതമന്‍. എന്റെ പാട്ടുകള്‍ കൂടുതല്‍ ആസ്വദിക്കുന്നതും ഏറ്റവും വലിയ പ്രോല്‍സാഹനം നല്‍കുന്നതും അദ്ദേഹമാണ് . ആ പിന്തുണയും പ്രചോദനവുമാണ് വേദികളില്‍ നിന്നും വേദികളിലേക്കുള്ള തന്റെ പ്രയാണത്തിന് കരുത്ത് പകരുന്നത്. ദിയ, ജന്ന എന്നിവരാണ് ലെത്തീഷ ഫൈസല്‍ ദമ്പതികളുടെ കണ്‍മണികള്‍.

Related Articles

Back to top button
error: Content is protected !!