ഇന്‍കാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഉജ്വല തുടക്കം
ദോഹ. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2022 മുന്‍ എം.എല്‍.എ കെ.എം ഷാജി ഉത്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഡോം ഖത്തര്‍ പ്രസിഡന്റ് മഷൂദ് തിരുത്തിയാട്, സാമൂഹ്യ പ്രവര്‍ത്തകന്‍ റഹൂഫ് കൊണ്ടോട്ടി, കെ.എം.സി.സി പ്രസിഡന്റ് സാം ബഷീര്‍, ഗ്രീന്‍ പ്രിന്റ് എംഡി സോളി, ട്രിയോണ്‍ എന്‍ജിനീറിങ് എം.ഡി ജീസ് ഇടുക്കി, ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല മറ്റ് ഇന്‍കാസ് – ഓ.ഐ.സി.സി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
വകറയിലെ ബീറ്റാ ഡൈനാമിക് സ്‌കൂളില്‍ വെച്ചു നടന്ന ആവേശകരമായ വോളിബോള്‍ മത്സരത്തോടെ തുടക്കം കുറിച്ച ഫെസ്റ്റില്‍ വിവിധ വേദികളിലായി വടം വലി, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ എന്നീ ഗെയിമുകള്‍ അരങ്ങേറി.
ഷുഹൈബ് സ്മാരക ട്രോഫിക്കായുള്ള 8 ജില്ലാ ടീമുകള്‍ പങ്കെടുത്ത വോളിബോള്‍ മത്സരത്തിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ കോഴിക്കോട് ജില്ല ടീം മലപ്പുറം ജില്ല ടീമിനെയും ഇടുക്കി ജില്ല ടീം കണ്ണൂര്‍ ജില്ല ടീമിനേയും പരാജയപെടുത്തി ഫൈനലീലേക്ക് യോഗ്യത നേടി. കരുത്തരായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയ ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ഇടുക്കിയെ പരാജയപ്പെടുത്തി കോഴിക്കോട് ജേതാക്കളായി.
അബുഹമൂറിലെ കേംബ്രിഡ്ജ് സ്‌കൂളില്‍ വെച്ച് നടന്ന ഇന്‍കാസ് സ്ഥാപക നേതാവായിരുന്ന കെ.സി വര്‍ഗീസ് സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു. അത്യന്തം ആവേശവും ആകാംക്ഷയും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ എറണാകുളം ജില്ല ടീം കരുത്തരായ പത്തനംതിട്ട ജില്ല ടീമിനെ കീഴടക്കി ചാമ്പ്യന്മാരായി.
ശരത് ലാല്‍ – കൃപേഷ് സ്മാരക ട്രോഫിക്കും വേണ്ടിയുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ പ്രാഥമിക – സെമി ഫൈനല്‍ മല്‍സരങ്ങള്‍ തുമാമയിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നു. മലപ്പുറവും തൃശൂരും തമ്മിലുള്ള ഫൈനല്‍ മത്സരം ഞായറാഴ്ച രാത്രി 10 മണിക്ക് ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ വെച്ചു നടക്കും.
സി.കെ മേനോന്‍ സ്മാരക ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബാള്‍ മത്സരങ്ങള്‍ അബുഹമൂറിലെ കേംബ്രിഡ്ജ് സ്‌കൂളില്‍ വെച്ച് 25 ന് കാലത്തു 7 മണിക്ക് ആരംഭിക്കും. വെകുന്നേരം ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ സെമി, ഫൈനല്‍ മത്സരങ്ങളും അരങ്ങേറും. ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ എ,ബി,സി,ഡി, ഡബിള്‍സ് ഓപ്പണ്‍, സിംഗിള്‍സ് ഓപ്പണ്‍ എന്നീ ക്യാറ്റഗറിയിലായി ഖത്തറിലെ 150ഓളം പ്രഗല്‍ഭ കളിക്കാര്‍ കൊമ്പുകോര്‍ത്ത മത്സരങ്ങളാണ് അബുഹമൂറിലെ പാലസ്റ്റീന്‍ സ്‌കൂളില്‍ കോര്‍ട്ടില്‍ വെച്ച് നടന്നത്.
ഖത്തര്‍ സ്‌പോര്‍ട്‌സ് ദിനത്തില്‍ നടക്കേണ്ടിയിരുന്ന സ്‌പോര്‍ട്‌സ് മീറ്റ് കോവിഡ് നിയന്ത്രണങ്ങളാല്‍ അധികൃതക്കാരുടെ നിര്‍ദേശ പ്രകാരം മാറ്റിവെച്ചതായിരുന്നു. സമാപന ദിവസമായ 25 ന് നടക്കേണ്ടിയിരുന്ന ഖത്തറിലെ പ്രഗല്‍ഭ മ്യൂസിക്ക് ബ്രാന്‍ഡ് അണിയിച്ചൊരുക്കുന്ന സംഗീതനിശയോട്കുടി നടക്കേണ്ടിയിരുന്ന ക്ലോസിംഗ് സെറിമണി ഐ.സി.സിയുടെ പാസേജ് ടു ഇന്ത്യ നടക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.