IM Special

സാംസ്‌കാരിക വൈവിധ്യത്തിന്റെ സൗന്ദര്യം അടയാളപ്പെടുത്തിയ പാസേജ് ടു ഇന്ത്യ

അമാനുല്ല വടക്കാങ്ങര

ഖത്തറിലെ ഇസ് ലാമിക് മ്യൂസിയം പാര്‍ക്കില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന മൂന്ന് ദിവസം നീണ്ടുനിന്ന പാസേജ് ടു ഇന്ത്യ സംഘാടകരുടെ തൊപ്പിയില്‍ പുതിയ പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ക്കുന്നതായി. കോവിഡാനന്തര ലോകത്ത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും സന്ദേശങ്ങളോടെ സാംസ്‌കാരിക വിനിമയത്തിന്റെ സൗന്ദര്യം പകര്‍ന്ന പരിപാടിയിലേക്ക് ഓരോ ദിവസവും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

സാംസ്‌കാരിക വൈവിധ്യത്തിന്റെ സൗന്ദര്യം അടയാളപ്പെടുത്തിയ പാസേജ് ടു ഇന്ത്യ സംഘാടകര്‍ക്കും പൊതുജനങ്ങള്‍ക്കും ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ സമ്മാനിക്കുന്നതായി. മിയ പാര്‍ക്കിനെ അക്ഷരാര്‍ഥത്തില്‍ ഉല്‍സവ നഗരിയാക്കി മാറ്റിയ ആഘോഷപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നു.


ഇന്ത്യന്‍ സാംസ്‌കാരിക വിസ്മയമായ താജ്മഹലിന്റെ മാതൃക ഉല്‍സവ നഗരിയുടെ തിലകക്കുറിയായി സഹൃദയ ശ്രദ്ധയാകര്‍ഷിച്ചു.

കലയും സംസ്‌കാരവും സംഗീതവും മനോഹരമായി കോര്‍ത്തിണക്കിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി ആഘോഷമായി മാറിയ പാസേജ് ടു ഇന്ത്യ രുചി മുകുളങ്ങളെ രസിപ്പിക്കുന്ന ഭക്ഷ്യ വിഭവങ്ങളാലും ജനസമൂഹത്തെ പിടിച്ചിരുത്തി. ഇന്ത്യയുടെ വൈവിധ്യത്തിന്റെ സൗന്ദര്യവും നാനത്വത്തിലെ ഏകത്വവും അടയാളപ്പെടുത്തിയ മഹാമേള പങ്കെടുത്തവര്‍ക്കൊക്കെ അവിസ്മരണീയമായ വിരുന്നൊരുക്കിയപ്പോള്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജനും സംഘവും എല്ലാ വിഭാഗമാളുകളേയും ഉള്‍കൊളളിച്ച സവിശേഷമായൊരു സാംസ്‌കാരിക വിരുന്നൊരുക്കാനായതിന്റെ നിര്‍വൃതിയിലായിരുന്നു. പാസേജ് ടു ഇന്ത്യയുടെ പത്താമത് പതിപ്പ് സംഘാടക മികവിലും പരിപാടികളുടെ വൈവിധ്യത്തിലും മികവ് പുലര്‍ത്തിയപ്പോള്‍ ഇന്തോ ഖത്തര്‍ സാംസ്‌കാരിക പാരമ്പര്യവും സ്‌നേഹവും കൂടുതല്‍ ഊഷ്മളമായി അുഭവപ്പെട്ടു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം മൂന്ന് ദിവസത്തെ ആഘോഷപരിപാടികള്‍ അരങ്ങേറി.


ഇന്ത്യന്‍ എംബസി, മിയ പാര്‍ക്ക്, വിദേശ കാര്യ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അസോസിയേറ്റഡ് സംഘടനകള്‍, ഖത്തറിലെ കലാ സാംസ്‌കാകിക കേന്ദ്രങ്ങള്‍ മുതലായവയുടെ അകമഴിഞ്ഞ സഹകരണവും പിന്തുണയുമാണ് പാസേജ് ടു ഇന്ത്യയുടെ വിജയത്തിന് സഹായകമായതെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ പറഞ്ഞു. കേവലം രണ്ടാഴ്ച കൊണ്ട് ഇന്ത്യന്‍ സമൂഹത്തിന് അഭിമാനകരമായ രീതിയില്‍ പാസേജ് ടു ഇന്ത്യ നടത്താനായത് കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. ഐ.സി.സി. മുന്‍ പ്രസിഡണ്ട് എ.പി. മണി കണ്ഠന്റെ നേതൃത്വത്തിലുള്ള മുന്നൂറിലധികം വരുന്ന സന്നദ്ധ പ്രവര്‍ത്തകരും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മാനേജിംഗ് കമ്മറ്റിയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ശ്വേത കോശി, കമല ഥാക്കൂര്‍, സുമ മഹേശ് ഗൗഡ എന്നിവര്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളുടേയും അസോസിയേറ്റഡ് ഓര്‍ഗനൈസേഷനുകളുടേയും മറ്റു സംഘനകളുടേയും പങ്കാളിത്തം ഉറപ്പുവരുത്തിയപ്പോള്‍ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമായ ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷമായ ആഘോഷമായി പാസേജ് ടു ഇന്ത്യ മാറി. വിവിധ എംബസി പ്രതിനിധികളും അംബാസഡര്‍മാരും അവരുടെ കുടുംബങ്ങളുമൊക്കെ മേളക്കെത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സജീവ പങ്കാളിത്തം പാസേജ് ടു ഇന്ത്യയിലെ എടുത്ത് പറയേണ്ട ഒന്നാണ്. ആഭ്യന്തര മന്ത്രാലയം പബ്‌ളിക് റിലേഷന്‍സ് ഡയറക്ടറുള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പിന്തുണയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ഡോഗ് ഷോ കാണികളെ ഏറെ ആകര്‍ഷിച്ചു. മയക്കുമരുന്നുകളുടെ കടത്ത് തടയുന്നതിലും കുറ്റകൃത്യങ്ങളെ പിന്തുടരുന്നതിലും പരിശീലനം സിദ്ധിച്ച നായകളുടെ പ്രദര്‍ശനം കാണികളില്‍ കൗതുകമുണര്‍ത്തി.

175 ഇന്ത്യന്‍ വനിതകള്‍ പരമ്പരാഗത വേഷത്തില്‍ അണി നിരന്ന തിരുവാതിരക്കളിയും ഗാര്‍ബ ഡാന്‍സും ഒപ്പനയും ലൈവ് ഓര്‍ക്കസ്ട്രയും നൃത്തനൃത്യങ്ങളുമൊക്കെ പരിപാടിയെ വര്‍ണാഭമാക്കിയപ്പോള്‍ സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളും ആസ്വാദനത്തിന്റെ കൊടിമുടിയിലായിരുന്നു. അരങ്ങുണര്‍ത്തിയ കലാവിരുന്നുകളും സ്‌നേഹസൗഹൃദങ്ങളുടെ കുളിരൊരുക്കിയ കൂട്ടായ്മകളും ആഘോഷത്തിന്റെ ധന്യമായ മുഹൂര്‍ത്തങ്ങളാണ് ഓരോരുത്തര്‍ക്കും സമ്മാനിച്ചത്. ഹൃദ്യമായ വിഭവങ്ങളോടെ മനോഹരമായ ആഘോഷമൊരുക്കിയ സംഘാടകരെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പ്രത്യേകം അനുമോദിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളായിരുന്നു സാംസ്‌കാരിക മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ഖത്തറിലെ ഒമ്പതോളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 360 ഓളം വിദ്യാര്‍ഥികളാണ് മനോഹരങ്ങളായ കലാപരിപാടികളിലൂടെ സദസ്സിന്റെ കയ്യടി വാങ്ങിയത്.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തതിലെ ദീര്‍ഘകാല പ്രവാസികളെ ആദരിച്ച ചടങ്ങായിരുന്നു പാസേജ് ടു ഇന്ത്യയെ ആകര്‍ഷകമാക്കിയ മറ്റൊരു പ്രധാന ഘടകം. 40 വര്‍ഷത്തിലേറെ കാലം ഖത്തറിന്റെ ഭൂമികയില്‍ ധന്യമായ പ്രവാസ ജീവിതം നയിച്ച 40 പേരെയാണ് ചടങ്ങില്‍ ആദരിച്ചത്. ഏറെ വൈകാരിക തലങ്ങളുള്ള ആദരിക്കല്‍ ചടങ്ങിന് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ വലിയ സ്വാധീനമാണുണ്ടായത്. പലര്‍ക്കും ജീവിതത്തില്‍ ലഭിച്ച ആദ്യത്തെ ആദരവായിരുന്നു ദീര്‍ഘകാല പ്രവാസി പുരസ്‌കാരം.

സമൂഹത്തിലെ എല്ലാ വിഭാഗമാളുകളേയും ഉള്‍കൊള്ളുന്ന മികച്ച സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മഹിത മാതൃകയുമായാണ് ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുന്നോട്ടുപോകുന്നത്. ജനസേവനം മുഖമുദ്രയാക്കിയ പൊതുപ്രവര്‍ത്തനായ പി. എന്‍. ബാബുരാജന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മാനേജ്‌മെന്റ് സെന്ററിനെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രമാക്കുന്നതിനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. ഐ സി സി യിലെത്തുന്ന ഓരോ ഇന്ത്യക്കാരനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ശരിയായ കേന്ദ്രമായി ഉയരാനുമാണ് ഐ.സി.സി. ആഗ്രഹിക്കുന്നതെന്നാണ് പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള പ്രായോഗികമായ മുന്നേറ്റമാണ് പാസേജ് ടു ഇന്ത്യയിലുടനീളം കാണാനായത്.

Related Articles

Back to top button
error: Content is protected !!