ഫിഫ ട്രോഫിക്ക് നാളെ കതാറയില്‍ ഔദ്യോഗിക യാത്രയയപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: 6 ദിവസത്തെ ഖത്തര്‍ പര്യടനം പൂര്‍ത്തിയാക്കി ലോക ടൂറിന് പോകുന്ന ഫിഫ ട്രോഫിക്ക് നാളെ (ചൊവ്വാഴ്ച) കത്താറയില്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കും. കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പിന് 200 ദിവസത്തെ കൗണ്ട്ഡൗണ്‍ പ്രമാണിച്ച് കഴിഞ്ഞ ഒരാഴ്ചയോളമായി കളിയാവേശം ആകാശത്തോളമുയര്‍ന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നത്.
ഖത്തറിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ പര്യടനം നടത്തിയ ഫിഫ ട്രോഫിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഓരോ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കളിയാരാധകര്‍ ഒരുമിച്ച് കൂടിയത് സംഘാടകരേയും ആവേശത്തേരിലേറ്റി. ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പിന് മുന്നോടിയായുള്ള ആവേശം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരക്കണക്കിന് ആരാധകരാണ് ട്രോഫി നേരില്‍ കണ്ടും ഫോട്ടോകളെടുത്തും ആഘോഷത്തിന്റെ ഭാഗമായത്.
നാളെ രാത്രി 7 മണിക്ക്് കതാറയില്‍ നടക്കുന്ന യാത്രയയപ്പ് പരിപാടിയില്‍ രണ്ട് തവണ ഫിഫ ലോകകപ്പ് ജേതാവായ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കഫു പങ്കെടുക്കും.
നിരവധി കലാകാരന്മാര്‍ അണി നിരക്കുന്ന സ്റ്റേജ് ഷോ പരിപാടി വര്‍ണാഭമാക്കും.
ചൊവ്വാഴ്ച കതാറയില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മൗലവി പറഞ്ഞു. കായിക ലോകത്തെ നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങ് പുതമുയുള്ളതും അവിസ്മരണീയവുമാകുമെന്ന് അദ്ദേഹം പറഞ്ഞു.