
ഖത്തര്‍ ഫൗണ്ടേഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തര്‍ എയര്‍വേയ്സില്‍ ജോലി ലഭിക്കുവാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിവിധ സര്‍വ്വകലാശാലകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തര്‍ എയര്‍വേയ്സില്‍ ജോലി ലഭിക്കുവാന്‍ സാധ്യത . ഈയിടെ നടന്ന ക്യുഎഫിന്റെ ആദ്യ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ ഇത് സംബന്ധിച്ച് ഖത്തര്‍ ഫൗണ്ടേഷനും ഖത്തര്‍ എയര്‍വേയ്സും ധാരണാപത്രം ഒപ്പിട്ടു.
ക്യുഎഫും ഖത്തര്‍ എയര്‍വേയ്സും തമ്മിലുള്ള ദീര്‍ഘകാല സഹകരണം, ക്യുഎഫിന്റെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ നിന്ന് പഠിച്ചിറങ്ങുന്ന യോഗ്യരായ ബിരുദധാരികള്‍ക്ക് ഖത്തര്‍ എയര്‍വേയ്സില്‍ മുഴുവന്‍ സമയ റോളുകളും ഇന്റേണ്‍ഷിപ്പുമടക്കം അവസരങ്ങളുടെ ഒരു നിര സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
ക്യുഎഫിന്റെ പൂര്‍വവിദ്യാര്‍ത്ഥികളുടെ കഴിവുകളും ഊര്‍ജവും രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനുളള ശ്രമങ്ങളുടെ ഭാഗമാണ് ഖത്തര്‍ എയര്‍വേയ്‌സുമായുള്ള ധാരണ പത്രമെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി പറഞ്ഞു.
കഴിവും യോഗ്യതയുമുള്ള മികച്ച ജീവനക്കാരെ കണ്ടെത്തുന്നതിനാണ് ഖത്തര്‍ എയര്‍വേയ്‌സ് പരിശ്രമിക്കുന്നതെന്നും ഖത്തര്‍ ഫൗണ്ടേഷനുമായുള്ള ധാരണാപത്രം ഈ രംഗത്ത് ഏറെ ഫലപ്രദമാകുമെന്നുമാണ് കരുതുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന നിലയില്‍, ഖത്തറിലെ ക്യുഎഫ് പൂര്‍വ്വ വിദ്യാര്‍ത്ഥി സമൂഹത്തിന് അവസരങ്ങള്‍ വിപുലീകരിക്കാനും കഠിനാധ്വാനികളും പ്രഗത്ഭരുമായ വ്യക്തികളെ ഖത്തര്‍ എയര്‍വേയ്സ് ടീമില്‍ ചേരാന്‍ സ്വാഗതം ചെയ്യാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
വ്യോമയാന സേവന രംഗത്ത് ആവശ്യമായ പ്രത്യേക പരിശീലന പരിപാടികളിലൂടെ ഖത്തര്‍ ഫൗണ്ടേഷനിലെ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളെ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിവിധ വകുപ്പുകളിലേക്ക് യോഗ്യരാക്കും.