മലപ്പുറം പെരുമക്ക് പ്രൗഢ ഗംഭീര സമാപനം
അമാനുല്ല വടക്കാങ്ങര
ദോഹ : ബഹുസ്വരതയുടെ എല്ലാ അടയാളങ്ങളെയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച് അഭിമാനത്തോടെ ലോകത്തിന്റെ മുമ്പില്‍ എഴുന്നേറ്റ് നിന്ന പാരമ്പര്യമാണ് മലപ്പുറത്തിനുള്ളതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഐഡിയല്‍ ഇന്ത്യല്‍ സ്കൂളില്‍ കെ.എം.സി.സി.മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച മലപ്പുറം പെരുമ സീസണ് 4 സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങള്‍ സുരക്ഷിതരായിരിക്കുമ്പോഴാണ് ജനാധിപത്യം അര്ത്ഥപൂര്ണമാകുന്നതന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ പ്രഭാഷകന്‍ പിഎംഎ ഗഫൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വെറുപ്പ് ഉത്പാദിപ്പിക്കുന്ന സകലമാന വേദികളോടും വിട പറയാനുള്ള സന്ദേശമാണ് മലപ്പുറത്തിന്റെ ഇന്നലെകള്‍ പകര്‍ന്ന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന്റെ ഇന്നലെകളില്‍ അവശേഷിക്കപ്പെട്ട നന്മയുടെയും സ്നേഹ സൗഹൃദത്തിന്റെയും അടരുകള്‍ പുനരാവിഷ്ക്കരിക്കാന്‍ സാധിക്കുന്നതിലൂടെ ഇന്നിന്റെ പ്രതിസന്ധികളെ ആത്മവിശ്വാസത്തിലൂടെ അതിജീവിക്കാന്‍ കഴിയും.
ചരിത്രമെന്നത് ഒരടഞ്ഞ പുസ്തകമല്ലെന്നും വീണ്ടും വീണ്ടും വായിക്കാനും ആവര്ത്തിക്കാനുമുള്ളതാണെന്ന് തിരിച്ചറിയണം. ഒരടി പിന്നിലേക്ക് പോയി ഇന്നലെകളില്‍ നിലനിന്ന സഹവര്‍ത്തിത്വത്തിന്റെ ഒരായിരം പുതിയ വകഭേദങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാവണം. അത്തരമൊരു ആലോചന പോലും മുന്നോട്ടുള്ള ഗമനത്തിന് ഊര്‍ജജവും കരുത്തും പകരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
മലപ്പുറം പെരുമയില്‍ ഓവറോള്ചാമ്പ്യന്മാരായ മണ്ഡലങ്ങള്‍ക്ക് ചടങ്ങില്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഏറനാട് മണ്ഡലം ഒന്നാം സ്ഥാനവും, തിരൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ രണ്ടാം സ്ഥാനവും, കൊണ്ടോട്ടി, മങ്കട മണ്ഡലങ്ങള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രസിഡണ്ട് കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. സംസ്ഥന പ്രസിഡണ്ട് എസ് എ എം ബഷീര്‍ ആശംസ അര്‍പ്പിച്ചു. സീനിയര്‍ കെഎംസിസി അംഗം അഹ്മദ് മൂസയെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി,സൈനുല്‍ ആബിദ് സഫാരി, അബ്ദുല്‍ നാസര്‍ നാച്ചി,തുടങ്ങിയവര്‍ സംസാരിച്ചു സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരി സ്വാഗതവും ട്രഷറര്‍ അലി മൊറയൂര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, സലാം വണ്ടൂര്‍, ബഷീര്‍ ചേലേംബ്ര, മുഹമ്മദ് ലയിസ് കുനിയില്‍ , അബ്ദുല്‍ മജീദ് പുറത്തൂര്‍, യൂനുസ് കടമ്പോട് തുടങ്ങിയ പെരുമ ഓര്‍ഗനൈസിംഗ് ടീം പരിപാടികള്‍ക്ക് നേതൃത്വം നല്കി, മൂസ താനൂര്‍ ഫിറോസ് പുളിക്കല്‍ പരിപാടി നിയന്ത്രിച്ചു.