Uncategorized

ഡോം ഖത്തര്‍ കോഴിക്കോട് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഫിഫ 2022 ലോക കപ്പ് പ്രചാരണ പരിപാടി ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഡോം ഖത്തര്‍ കോഴിക്കോട് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഫിഫ 2022 ലോക കപ്പ് പ്രചാരണ പരിപാടി ശ്രദ്ധേയമായി . ഗള്‍ഫ് മേഖല.ില്‍ ആദ്യമായി നടക്കുന്ന കാല്‍പന്തുകളി മഹോല്‍സവത്തിന്റെ ആരവങ്ങള്‍ നാട്ടിലെത്തിച്ച ഏക പ്രവാസി സംഘടന എന്ന പേര് ഡോം ഖത്തര്‍ സ്വന്തമാക്കി. കാല്‍പന്തുകളെ നെഞ്ചേറ്റുന്ന മലപ്പുറത്തിന്റെ മനസ്സും പോറ്റമ്മ നാടിനോടുള്ള ആഴമുള്ള സ്‌നേഹവുമാണ് പരിപാടിയിലുടനീളം നിഴലിച്ചത്.


ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഖത്തര്‍ ഫിഫ 2022 വേള്‍ഡ് കപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ വേള്‍ഡ് കപ്പ് ക്വിസ്, സ്‌പോര്‍ട്‌സ് സിംബോസിയം, ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സെമിനാര്‍ സെമിനാര്‍ കോംപ്ലക്‌സില്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറിയത്. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു.


റഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ മലയാളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഇന്ത്യന്‍ ഫുട്‌ബോളിന്റെ കരുത്ത് ഡോക്ടര്‍ ഐ എം വിജയനെ പരിപാടിയില്‍ വൈസ് ചാന്‍സിലര്‍ ആദരിച്ചു.

തുടര്‍ന്ന് നടന്ന സിമ്പോസിയത്തില്‍ വേള്‍ഡ് കപ്പിന്റെ നാള്‍വാഴികളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി രാജ്യാന്തര സ്‌പോര്‍ട്‌സ് ലേഖകന്‍ കമാല്‍ വരദൂര്‍ സംസാരിച്ചു. ഫുട്‌ബോള്‍ മലയാളം കമന്റ്‌ററി എന്ന വിഷയം പ്രശസ്ത മലയാളം കമന്റ്‌റന്റെറ്റര്‍ ഷൈജു ദാമോദരന്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് കേരളത്തിന്റെ സംഭാവന എന്ന സെഷന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം തലവന്‍ ഡോക്ടര്‍ വി പി സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കി. വേള്‍ഡ് കപ്പിലേക്ക് ഇന്ത്യയുടെ ദൂരം എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടര്‍ മുഹമ്മദലി പള്ളിയാലി പ്രബന്ധം അവതരിപ്പിച്ചു. വേള്‍ഡ് കപ്പ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി നല്‍കിയ വേള്‍ഡ് കപ്പ് ലോഗോ ആലേഖനം ചെയ്ത ഫുട്‌ബോളുകള്‍ സദസ്സില്‍ വൈസ് ചാന്‍സിലര്‍ക്കും മറ്റു അതിഥികള്‍ക്കും, കോളേജുകളെ പ്രതിനിധീകരിച്ചപങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്കും, തെരെഞ്ഞെടുത്ത കോളേജുകള്‍ക്കും ക്ലബ്ബുകള്‍ക്കും വിതരണം ചെയ്തു.


കോളേജ് സ്റ്റുഡന്‍സിനായി വേള്‍ഡ് എന്ന വിഷയം ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസിന് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് നേതൃത്വം നല്‍കി. നൂറോളം കോളേജുകള്‍ പങ്കെടുത്ത മത്സരം സംഘാടക മികവുകൊണ്ടും സാങ്കേതികവിദ്യ കൊണ്ടും മികച്ച നിലവാരം പുലര്‍ത്തി.

ഖത്തറിന്റെ വേള്‍ഡ് കപ്പ് സ്റ്റേഡിയങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഡോക്യുമെന്ററി സദസ്സിന് വേറിട്ട ഒരു അനുഭവം നല്‍കി.

2022 ഖത്തര്‍ ആതിഥ്യമരുളുന്ന വേള്‍ഡ് കപ്പിന് പിറന്ന നാട്ടില്‍ പ്രചാരണം നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിപാടികള്‍ നടത്തുന്നത്. ഡോം ഖത്തര്‍ പ്രസിഡന്റ് വിസി മഷ്ഹൂദ് അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ബഷീര്‍ കുനിയില്‍ നന്ദിയും പറഞ്ഞു.


കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ മൈതാനിയില്‍ കേരള സീനിയര്‍ താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രദര്‍ശന മത്സരത്തോടെ പരിപാടികള്‍ സമാപിച്ചു.

ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരെ പ്രതിനിധീകരിച്ച് ഭാരവാഹികള്‍ പങ്കെടുത്തു.

അബ്ദുല്ലത്തീഫ്, വൃന്ദ കെ നായര്‍, ഡോക്ടര്‍ വിവി ഹംസ, റുഫ്‌സ ഷമീര്‍, ഫാസില മഷ്ഹൂദ്, സെലീന, ജുനൈബാ സൂരജ്, രജീഷ് ചേളാരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!