ഖത്തര്‍ സൗദി ബോര്‍ഡറിലൂടെ കാര്‍ഗോ നീക്കമാരംഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മൂന്നര വര്‍ഷത്തെ ഇടവെളക്ക് ശേഷം ഖത്തര്‍ സൗദി ബോര്‍ഡറിലൂടെ കാര്‍ഗോ നീക്കമാരംഭിച്ചു. അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്കുള്ള കാര്‍ഗോ നീക്കം ഇന്ന് രാവിലെ ആരംഭിച്ചതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. എന്നാല്‍ എത്ര ട്രെയിലറുകളാണ് സാധനങ്ങളുമായി ഇന്ന് എത്തിയത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല. ഇതോടെ നിത്യവും ബോര്‍ഡര്‍ വഴി ട്രെയിലറുകള്‍ എത്തുമെന്നുറപ്പായി.
കയറ്റുമതി, ഇറക്കുമതി വ്യവസ്ഥകള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കോവിഡ് പശ്ചാത്തലത്തിലുളള എന്‍ട്രി, എക്‌സിറ്റ് വ്യവസ്ഥകള്‍ മുതലായവയും ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. ഓരോരുത്തരും രാജ്യത്തെ ജനങ്ങളുടേയും സ്വന്തത്തിന്റേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടേ പ്രവേശനം അനുവദിക്കൂ.
ഗള്‍ഫ് മേഖലയിലെ ബിസിനസ് രംഗത്ത് വമ്പിച്ച മാറ്റത്തിന് വഴിയൊരുക്കുന്ന നടപടിയാണിത്. ഉപരോധത്തിന് മുമ്പ് സൗദിയില്‍ നിന്നും ദുബൈയില്‍ നിന്നും നൂറ് കണക്കിന് ട്രക്കുകളാണ് ആഴ്ചയില്‍ ദോഹയിലെത്തിയിരുന്നത്. നിര്‍മാണ മേഖലയിലേക്കുള്ള സാധനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, മറ്റു വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ തുടങ്ങി നിരവധി ബിസിനസുകളുടെ ആശ്രയമായിരുന്നു അബൂ സംറ ബോര്‍ഡര്‍. പല മേഖലകളിലും സ്വയം പര്യാപ്തരാവാന്‍ ഉപരോധം കാരണമായെങ്കിലും നിരവധി വസ്തുക്കളുടെ വാണിജ്യപരമായ വിപണനങ്ങള്‍ക്ക് ഇത് സഹായകമാകും.
അബുസംറയിലെ അതിര്‍ത്തി മുഖേനയുള്ള വാണിജ്യ കയറ്റുമതി ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണ, മുന്‍കരുതല്‍ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും
1- സൗദി അറേബ്യയിലെ സല്‍വ അതിര്‍ത്തി വഴി വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ബോര്‍ഡറിലെത്തുന്നതിന് 72 മണിക്കൂറില്‍ കൂടാത്ത സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം
2- അബുസംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് ചരക്ക് കൊണ്ടുവരുന്ന ഡ്രൈവര്‍മാരും ട്രക്കുകളും രാജ്യത്തേക്ക് പ്രവേശിക്കില്ല. സാധനങ്ങള്‍ ബോര്‍ഡറില്‍ ഇറക്കുകയും ഇറക്കുമതിക്കാരനോ ബോര്‍ഡറിലെ അദ്ദേഹത്തിന്റെ പ്രതിനിധിയോ പ്രാദേശിക ട്രക്കുകളില്‍ ചരക്കുകള്‍ വീണ്ടും ലോഡ് ചെയ്ത് രാജ്യത്തേക്ക് എത്തിക്കുകയാണ് വേണ്ടത്.
3- ട്രക്കുകളും ഡ്രൈവര്‍മാരും അബു സംറ ബോര്‍ഡറില്‍ അണ്‍ലോഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയ ഉടന്‍ സൗദി അറേബ്യയിലെ സല്‍വ ബോര്‍ഡറിലേക്ക് മടങ്ങുന്നു.
4- അബു സംറ ബോര്‍ഡര്‍ വഴി ചരക്ക് ഇറക്കുമതി ചെയ്യുന്നവരെല്ലാം സ്വീകരിച്ച സാധനങ്ങള്‍ കടത്താന്‍ അനുയോജ്യമായ പ്രാദേശിക ട്രക്കുകള്‍ തയ്യാറാക്കാനും ബോര്‍ഡറിലേക്ക്് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ട്രക്കുകളുടെ തീയതിയും എണ്ണവും മുന്‍കൂട്ടി അബു സംറ ബോര്‍ഡര്‍ അധികൃതരെ അറിയിക്കണം.
5- ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ കസ്റ്റംസ് നടപടിക്രമങ്ങള്‍ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകളും അത് നടപ്പിലാക്കുന്ന ചട്ടങ്ങളും കസ്റ്റംസ് നടപടിക്രമങ്ങളുടെ ഗൈഡും അനുസരിച്ച് ബോര്‍ഡറില്‍ നടക്കും. നിയന്ത്രിത ചരക്കുകളുടെ കസ്റ്റംസ് ഡിക്‌ളറേഷന്‍ അവ സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുന്നതിന് ഇലക്ട്രോണിക് കസ്റ്റംസ് ക്ലിയറന്‍സ് സിസ്റ്റം (അല്‍നദീബ്) വഴി ബന്ധപ്പെട്ട അതോറിറ്റിക്ക് സമര്‍പ്പിക്കണം.
6- അബു സംറ ബോര്‍ഡര്‍ ദീര്‍ഘകാലം അടഞ്ഞുകിടക്കുകയും പ്രത്യേക ലബോറട്ടറികള്‍ രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തതിനാല്‍, സാധനങ്ങളുടെ സാമ്പിളുകള്‍ രാജ്യത്തെ ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ അധികാരികള്‍ പരിശോധനയ്ക്കും വിശകലനത്തിനുമായി എടുക്കും. പരിശോധനാ ഫലങ്ങളും ലബോറട്ടറി വിശകലനങ്ങളും ലഭിക്കുന്നതുവരെ, അപകടകരമായ സ്വഭാവമുള്ള വസ്തുക്കള്‍ ഒഴികെ, ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതുവരെ നിയന്ത്രിത സാധനങ്ങള്‍ വിനിയോഗിക്കില്ലെന്ന് ഇറക്കുമതിക്കാരന്‍ ഉറപ്പുനല്‍കണം.
7- അബു സംറ ബോര്‍ഡറിലൂടെ സല്‍വ ബോര്‍ഡറിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്നവര്‍ സാധനങ്ങള്‍ എത്തുമ്പോള്‍ കാലതാമസം അല്ലെങ്കില്‍ നിരസിക്കല്‍ ഒഴിവാക്കാന്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നതിനോ വീണ്ടും കയറ്റുമതി ചെയ്യുന്നതിനോ മുമ്പായി സൗദി കസ്റ്റംസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
8- ഖത്തറില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതോ വീണ്ടും കയറ്റുമതി ചെയ്യുന്നതോ ആയ സാധനങ്ങള്‍ പ്രാദേശിക ട്രക്കുകള്‍ അബു സംറ ബോര്‍ഡറിലൂടെ സല്‍വ ബോര്‍ഡറിലേക്ക് കൊണ്ടുപോകുന്നു, ഇത് സംബന്ധിച്ച് സല്‍വ തുറമുഖത്തെ സൗദി അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.
9- മുകളില്‍ വിവരിച്ച നിയന്ത്രണങ്ങളും നടപടിക്രമങ്ങളും അബു സംറ ബോര്‍ഡര്‍ വഴി മൃഗങ്ങളെ കൊണ്ടുപോകുന്നതിനും ബാധകമാണ്.