ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് തുടങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ‘ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ന് വൈകുന്നേരം 7.30-ന് ഐസിസി അശോക ഹാളില്‍ 75-ാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്യും. ആഗസ്ത് 19 നാണ് ആഘോഷ പരിപാടികള്‍ സമാപിക്കുക.
ആഗസ്റ്റ് ഒന്നുമുതല്‍ 19 വരെ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യമടയാളപ്പെടുത്തുന്ന വ്യത്യസ്ത പരിപാടികളാണ് അരങ്ങേറുക.ഈ പരിപാടികളില്‍ ഐസിസിയുടെ വിവിധ അനുബന്ധ സംഘടനകള്‍, ഇന്ത്യന്‍ സോഷ്യോ കള്‍ച്ചറല്‍ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, ബ്ലൂ കോളര്‍ ജീവനക്കാര്‍ എന്നിവര്‍ സജീവമായും സ്വമേധയാ പങ്കെടുക്കും. എല്ലാ കമ്മ്യൂണിറ്റികളിലേക്കും കൂടുതല്‍ വിപുലമായി എത്തിച്ചേരുന്നതിന് വേണ്ടിയാണ് ഈ പരിപാടികളെല്ലാം വിവിധ സ്ഥലങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത് .
ആഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 19-ന് ഇന്ത്യയില്‍ നിന്നുള്ള പ്രശസ്തമായ ഡാനിഷ് ഹുസൈന്‍ ബദയുനി ഖവ്വാലി ഗ്രൂപ്പ് ഖവാലി അവതരിപ്പിക്കും.
ഡിജിറ്റല്‍ മീഡിയ, പ്രസ്സ് അപ്ഡേറ്റുകള്‍, റേഡിയോ അറിയിപ്പുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റിംഗുകള്‍ എന്നിവയിലൂടെ പരിപാടിയുടെ വിശദാംശങ്ങള്‍ കമ്മ്യൂണിറ്റിയിലെത്താന്‍ ദിവസേന ഐസിസി പദ്ധതിയിട്ടിട്ടുണ്ട്. .
ഐസിസി പ്രസിഡണ്ട് പി എന്‍ ബാബു രാജന്‍ , സംഘാടക സമിതി ചെയര്‍മാന്‍ എ പി മണികണ്ഠന്‍,കള്‍ചറല്‍ കോര്‍ഡിനേറ്റര്‍ സുമ മഹേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.