Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

ചേലക്കാട് ഉസ്താദ് , ചേര്‍ത്ത് നിര്‍ത്തിയ ആത്മീയ പ്രഭ

സൈനുല്‍ ആബിദ് സഫാരി (വൈ.ചെയര്‍മാന്‍, സുപ്രഭാതം)

അറിവിന്റെ ആഴം തിരിച്ചറിഞ്ഞ അത്ഭുതപ്രതിഭയാണ് വിടപറഞ്ഞ ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍. ഒരു പിതാവിനെ പോലെ കൂടെനില്‍ക്കുകയും പ്രതിസന്ധികളില്‍ ദിശാബോധം നല്‍കുകയും ചെയ്ത അദ്ദേഹം എന്റെ ആത്മീയ നേതാവുകൂടിയാണ്. ജ്ഞാനത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രവാചകാധ്യാപനങ്ങള്‍ അദ്ദേഹം ജീവിതത്തില്‍ പകര്‍ത്തിയതായി കാണാം. ജീവിതത്തിലുടനീളം സൂക്ഷ്മതയും ഭയഭക്തിയും പുലര്‍ത്തിയ ഉസ്താദ് ആത്മീയത വെളിച്ചം തേടി തന്നെ സമീപിക്കുന്നവര്‍ക്കും അറിവിന്റെയും ആത്മീയതയുടേയും നാമ്പുകള്‍ പകര്‍ന്നു നല്‍കി. പ്രാര്‍ഥനകള്‍ കൊണ്ടായിരുന്നു ഉസ്താദ് എന്റെ ജീവിതത്തെ കെട്ടിപ്പടുത്തത്. സംസാരിക്കുമ്പോഴെല്ലാം ആബിദ്ക്കാ എന്നു വിളിച്ച് അദ്ദേഹം ലാളിത്യത്തിന്റെ പ്രതീകമായി മാറി. ബിസിനസിനെ കുറിച്ചും കുടുംബത്ത കുറിച്ചും എല്ലായ്പ്പോഴും ചോദിച്ചറിഞ്ഞു. പ്രയാസങ്ങള്‍ക്ക് പ്രാര്‍ഥനകള്‍കൊണ്ട് കവചം തീര്‍ത്തു. ബിസിനസ് മേഖലയിലെയും സാമൂഹ്യ ചുറ്റുപാടുകളിലെയും പ്രയാസങ്ങള്‍ എങ്ങനെ തരണം ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാകും ഉസ്താദിന്റെ വീട്ടിലേക്കുള്ള വരവ്. ആ പ്രയാസം പലരില്‍നിന്നും കേട്ടറിഞ്ഞുള്ള വരവ്. വീട്ടിലെത്തി ആത്മാര്‍ഥമായി പ്രാര്‍ഥിക്കും. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മീയമായ വഴിപറഞ്ഞുതരും. ഉപദേശനിര്‍ദേശങ്ങള്‍ നല്‍കും. പിരിഞ്ഞുപോകുമ്പോഴേക്കും മനസില്‍ മഞ്ഞുരുകുകയായി. അത്രമേല്‍ രൂഢമൂലമായിരുന്നു ആ ബന്ധം.

ഭൗതികതയോട് താല്‍പര്യമൊന്നുമില്ലാതെ, ആള്‍ക്കൂട്ടങ്ങളില്‍ നിന്നകന്ന് അദ്ദേഹം ജീവിച്ചു. പണ്ഡിതദൗത്യം കൃത്യമായി നിര്‍വഹിച്ചു. നീണ്ട പതിനേഴ് വര്‍ഷത്തോളം അറിവ് നുകരാന്‍ വേണ്ടി മാത്രം ജീവിതം ചെലവഴിച്ചു, അദ്ദേഹം. പതിനേഴ് വര്‍ഷത്തെ പഠന ജീവിതത്തിനൊടുവില്‍ ഉസ്താദ് നിരവധി വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതനും അതിലുപരി ആത്മീയപാത വെട്ടിത്തെളിച്ച സൂക്ഷ്മതയും ഭയഭക്തിയും നിറഞ്ഞ മഹാപുരുഷനുമായി മാറി. തുറക്കപ്പെട്ട വാതിലുകളിലൂടെ ആത്മീയതയുടെ വെളിച്ചം തേടി തിരിഞ്ഞു നോക്കാതെയുള്ള യാത്രയായിരുന്നു ഉസ്താദിന്റെത്. ജീവിതത്തിലുടനീളം ഔലിയാക്കളെയും നബി കുടുംബത്തെയും സ്നേഹിക്കുകയും അവരെ സന്ദര്‍ശിക്കുകയും ചെയ്തു. മഹാന്‍മാരുടെ മസാറുകള്‍ സന്ദര്‍ശിക്കല്‍ ഉസ്താദിന്റെ പതിവായിരുന്നു.
നിരവധി ആത്മീയ സദസുകള്‍ക്കാണ് ഉസ്താദ് നേതൃത്വം നല്‍കിയിരുന്നത്. കൊടുങ്കാറ്റില്‍പ്പെട്ട് കരകാണാതുലയുന്ന കപ്പല്‍ പോലെ പാപപങ്കിലമായ ആത്മാവിനെയും മനസിനെയും ശുദ്ധീകരിക്കാന്‍ ആയിരങ്ങളാണ് ഉസ്താദിന്റെ സന്നിധിയിലേക്ക് ഒഴുകിയത്. വെളിച്ചം തേടിയെത്തിയവര്‍ക്കെല്ലാം ആത്മീയ പ്രകാശത്തിന്റെ ജാലകങ്ങള്‍ തുറന്നുകൊടുത്തു.

Related Articles

Back to top button