IM Special

ഖത്തറിലെ സംഗീത രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിന്ദു ചന്ദ്രന്‍


അമാനുല്ല വടക്കാങ്ങര

നാട്ടില്‍ പ്രൊഫഷണല്‍ ഗാനമേള രംഗത്തെ മൂന്ന് പതിറ്റാണ്ടിന്റെ ധന്യമായ പാരമ്പര്യവുമായി ഖത്തറിലെത്തിയ ബിന്ദു ചന്ദ്രന്‍ ഖത്തറിലെ സംഗീത രംഗത്ത് ശ്രദ്ധേയയാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സവിശേഷമായ സംഗീത പരിപാടികളിലൂടെയാണ് ബിന്ദു ചന്ദ്രന്‍ സഹൃദയ ലോകത്ത് തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയത്.

കൊല്ലം ജില്ലയിലെ മേവറയില്‍ ഓട്ടോ കണ്‍സല്‍ട്ടന്റായിരുന്ന ചന്ദ്രന്റേയും ലളിതയുടേയും മകളായാണ് ബിന്ദു ജനിച്ചത്. സംഗീത തല്‍പരനായിരുന്ന അച്ഛന്‍ പാടുമായിരുന്നു. അച്ഛന്‍ തന്നെയാണ് സംഗീത വഴിയിലെ തന്റെ ആദ്യ ഗുരുവും കാര്യദര്‍ശിയുമെന്നാണ് ബിന്ദു കരുതുന്നത്.

അഞ്ചാം ക്‌ളാസില്‍ പഠിക്കുന്ന സമയത്ത് കോട്ടയം വിലാസിനി എന്ന കാഥികന്‍ കഥാപ്രസംഗം പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ ബിന്ദു പാട്ടുപാടുന്നത് ശ്രദ്ധയില്‍പെട്ട കാഥികന് ആ കൊച്ചു ഗായികയുടെ പാട്ട് ഇഷ്ടപ്പെടുകയും ഒരു ലളിത ഗാനം എഴുതുിക്കൊടുക്കുകയും ചെയ്തു. ആ ഗാനം കൊല്ലം തേവള്ളി എക്‌സല്‍ ക്‌ളബ്ബില്‍ മനോഹരമായി പാടി സഹൃദയ സദസ്സിന്റെ അംഗീകാരം നേടിയതോടെ ബിന്ദു ശ്രദ്ധിക്കപ്പെട്ടു.

കൊല്ലം ടൗണ്‍ യു.പി സ്‌കൂളിലെ ശാന്തമ്മ ടീച്ചറും ശ്യാമള ടീച്ചറും ബിന്ദുവിന്റെ സംഗീത ലോകത്തെ അവിസ്മരണീയമാക്കിയ അധ്യാപികമാരാണ്. അവരുടെ മാര്‍ഗനിര്‍ദേശവും പ്രോല്‍സാഹനവും ലളിത ഗാനം, സംഘഗാനം, ദേശ ഭക്തി ഗാനം, ശാസ്ത്രീയ സംഗീതം, തിരുവാതിരക്കളി, ഒപ്പന തുടങ്ങിയ വിവിധ ഇനങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടാന്‍ സഹായകമായി.

8,9,10 ക്‌ളാസുകളില്‍ കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളിലെ കലാപ്രതിഭയായിരുന്ന ബിന്ദു ജില്ല , സ്റ്റേറ്റ് തലങ്ങളില്‍ പദ്യപാരായണത്തില്‍ സമ്മാനം നേടിയിട്ടുണ്ട്.

കംമ്പോസറും തബല വിദ്വാനുമായിരുന്ന ബാലുവാണ് ബിന്ദുവിനെ പ്രൊഫഷണല്‍ ഗാനമേള രംഗത്തേക്കെത്തിച്ചത്. 1994 ല്‍ പ്രൊഫഷണല്‍ ഗാനമേള രംഗത്തെത്തിയ ബിന്ദു തെക്കന്‍ കേരളത്തിലെ ഒട്ടുമിക്ക ഗാനമേള ട്രൂപ്പുകളുടേയും പ്രധാന ഗായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ.പി.എസി. സുലോചന, കെ.പി.ഉദയഭാനു, കല്ലറ ഗോപന്‍, വിധു പ്രതാപ് , സംവിധായകന്‍ രാജസേനന്‍ തുടങ്ങി നിരവധി പ്രമുഖരുടെ പരിപാടികളില്‍ പാടിയിട്ടുള്ള ബിന്ദു ചന്ദ്രന് സംഗീത രംഗത്തെ സംഭാവനക്ക് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

നിരവധി പ്രമുഖരോടൊപ്പം ഗാനമേള വേദി പങ്കിട്ട ബിന്ദു ചന്ദ്രന്‍ സംഗീതം ശാസ്ത്രീയ പഠിക്കാതെ തന്നെ സംഗീതത്തെ ഉപാസന ചെയ്യുന്ന കലാകാരിയാണ്. ഏക മകള്‍ അഭിരാമിയെ ക്‌ളാസിക്കല്‍ സംഗീതം അഭ്യസിപ്പിച്ചും അരങ്ങേറ്റം നടത്തിയുമാണ് ബിന്ദു തന്റ സര്‍ഗസഞ്ചാരവും സംഗീത സപര്യവും കൂടുതല്‍ സാര്‍ഥകമാക്കിയത്.

ഏഷ്യാനെറ്റില്‍ എം.ജി.ശ്രീകുമാര്‍ അവതാരകനായ സരിഗമ റിയാലിറ്റി ഷോയിലെ ഫസ്റ്റ് റണ്ണര്‍ അപ്പായിരുന്ന ബിന്ദു ചന്ദ്രന്‍ കലാസാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ നിറ സാന്നിധ്യമാണ്.

കേരളത്തിലെ ഗാനമേള ഗായകരുടെ ഏക അംഗീകൃത സംഘടനയായ സിംഗിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ കൊല്ലം ജില്ല പ്രസിഡണ്ട് എന്ന നിലയിലും ബിന്ദു സംഗീത രംഗത്തെ നേതൃപദവി അലങ്കരിക്കുന്നു.

ഗാനമേളകള്‍ക്ക് പുറമേ നിരവധി ആല്‍ബങ്ങളിലും ബിന്ദു ചന്ദ്രന്‍ പാടിയിട്ടുണ്ട്.
മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ എല്ലാതരം പാട്ടുകളും വഴങ്ങുന്ന ബിന്ദു ശ്രോതാക്കളുടെ ഇഷ്ടത്തിനനുസരിച്ച ഗാനങ്ങളാണ് അവതരിപ്പിക്കാറുള്ളത്.

പല കാരണങ്ങളാല്‍ വേണ്ടത്ര അവസരം ലഭിക്കാതെ പോകുന്ന കഴിയുള്ള പാട്ടുകാരെ കണ്ടെത്തുകയും അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നതിനായി ബിന്ദു ചന്ദ്രന്റെ നേതൃത്വത്തില്‍ ക്‌ളാസിക് ഖത്തര്‍ മ്യൂസിക് ബാന്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.
സംഗീതാസ്വാദകനായ ഭര്‍ത്താവ് ഷഫീഖിന്റെ പിന്തുണയും പ്രോല്‍സാഹനവുമാണ് ബിന്ദുവിന്റെ സംഗീത യാത്രയിലെ ഏറ്റവും വലിയ സൗഭാഗ്യം.

ഖത്തറിലെ സംഗീതാസ്വാദകരുടെ പരിഗണനയും പിന്തുണയും അര്‍ഹിക്കുന്ന അറനിറഞ്ഞ കലാകാരിയാണ് ബിന്ദു ചന്ദ്രന്‍

Related Articles

Back to top button
error: Content is protected !!